പെട്രോള്‍ പമ്പില്‍ വരെ ജോലി ചെയ്തു, ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നു ഞാന്‍: മനസ്സ് തുറന്ന് നടന്‍ അബ്ബാസ്

Updated: Friday, January 29, 2021, 13:01 [IST]

തെന്നിന്ത്യന്‍ ലോകത്ത് ചോക്ലേറ്റ് പയ്യനായി എത്തിയ നടനാണ് അബ്ബാസ്. വര്‍ഷങ്ങള്‍ക്കുശേഷം അബ്ബാസ് ഒരു അഭിമുഖത്തില്‍ എത്തി. ഒത്തിരി വിശേഷങ്ങളാണ് അബ്ബാസ് പങ്കുവെച്ചത്. അഭിനയജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത താരം ന്യൂസിലന്‍ഡില്‍ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു ജീവിതം ഒരിക്കലും നയിക്കാന്‍ കഴിയില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ്.

ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു താനെന്നും സുഹൃത്തുക്കളാണ് തന്നെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചതെന്നും അബ്ബാസ് പറയുകയുണ്ടായി. 1990കളുടെ അവസാനത്തില്‍ തമിഴകത്തില്‍ മിന്നും താരമായിരുന്ന അബ്ബാസ്. കാതല്‍ദേശം, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, വിഐപി മിന്നലേ തുടങ്ങി ഹിറ്റ് തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ കണ്ണെഴുതി പൊട്ടും തൊട്ട്, ഡ്രീംസ് തുടങ്ങിയ ചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 

പരസ്യ ചിത്രങ്ങളിലൂടെ പിന്നീട് പ്രത്യക്ഷപ്പെട്ടെങ്കില്‍ 2016നുശേഷം പൂര്‍ണമായി അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാലും അവര്‍ ചെയ്യുന്ന മാറ്റു കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടും. എന്നാല്‍, ന്യൂസിലന്‍ഡില്‍ എന്നെ  ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ലായിരുന്നുവെന്ന് അബ്ബാസ് പറയുന്നു. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകള്‍ വളരെ ഇഷ്ടമാണ്. പിന്നെ, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. 'അഹം' എന്ന ബോധത്തെ ഇല്ലാതാക്കുന്നതിന് ഈ ജീവിതം എന്നെ സഹായിച്ചുവെന്നാണ് താരം പറയുന്നത്.

 

ഇതിന് ഇടയിലാണ് അബ്ബാസ് ഓസ്‌ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തത്. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്‌സിനെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു. ഏറെ ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു ഞാന്‍. കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ മോശവും. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമാണെന്നും അബ്ബാസ് പറയുന്നു. 

 

അതുമൂലം എനിക്ക് നിരന്തരം വഴക്കു കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലുമെന്നും അബ്ബാസ് പറഞ്ഞു.

 

തന്റെ ജീവിതാനുഭവങ്ങള്‍ കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രചോദനകരമാകുമെന്ന് അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നേടിയതെന്നും താരം പറഞ്ഞു. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, സിനിമയിലൂടെ കൈവരിച്ച നേട്ടത്തേക്കാള്‍ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അബ്ബാസ് പറഞ്ഞു. 'ഈയൊരു കാര്യം കൂടി മനസില്‍ വച്ചാണ് ഞാന്‍ ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അല്‍പം കൂടി സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ നമ്മള്‍ ഇപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഏറെ തല പുകയ്ക്കുന്നവരാണ്. എനിക്ക് അതെല്ലാം ഉപേക്ഷിക്കണമായിരുന്നു. ജീവിതം ലളിതവും മനോഹരവുമാക്കുന്നതിനാണ് ഞാന്‍ കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ല. ഇപ്പോള്‍ ആയിരിക്കുന്നിടത്ത് ഞാന്‍ ഹാപ്പിയാണെന്നും അബ്ബാസ് മനസ്സ് തുറന്ന് സംസാരിച്ചിരിക്കുകയാണ്. എന്നാല്‍ അബ്ബാസിന്റെ തിരിച്ചുവരവിന് തമിഴ് ലോകവും മലയാള ചലച്ചിത്ര മേഖലയും ആഗ്രഹിക്കുന്നുണ്ട്.