മനപൂര്‍വ്വമാണ് മലയാളത്തില്‍ വരാത്തത്, നന്ദനത്തിലെ ഉണ്ണികൃഷ്ണനെ മറന്നോ?

Updated: Friday, February 12, 2021, 16:32 [IST]

നന്ദനത്തില ഉണ്ണികൃഷ്ണനെ നിങ്ങള്‍ മറന്നോ? നന്ദനത്തിനുശേഷം മലയാളത്തില്‍ വരാതിരുന്നത് എന്തുകൊണ്ടാണ്, നമുക്ക് കേള്‍ക്കാം നടനും ഡാന്‍സറുമായ അരവിന്ദ് ആകാശിന്റെ വിശേഷങ്ങള്‍. രഞ്ജിത്ത് സംവിധാനം ചെയ്ത എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നന്ദനം. നവ്യാ നായരെ മലയാളത്തിലെ മികച്ച നടിയാക്കി മാറ്റിയ ചിത്രമായിരുന്നു നന്ദനം. നടന്‍ പൃഥ്വിരാജ് ആദ്യമായി മലയാളത്തില്‍ അഭിനയിച്ച ചിത്രവുമായിരുന്നു നന്ദനം. അങ്ങനെ എല്ലാം കൊണ്ടും നന്ദനത്തിന് പ്രത്യേകതകളുണ്ട്.

നായകനെയും നടനെയും മാറ്റി നിര്‍ത്തുമ്പോള്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ഉണ്ണികൃഷ്ണന്‍ തന്നെയാണ്. ബാലാമണിയുടെ ഉണ്ണിയേട്ടന്‍. കള്ള കണ്ണനായി എത്തിയ അരവിന്ദ് എന്ന നടന്‍ മലയാളികളെ ശരിക്കും അത്ഭുതപ്പെടുത്തിയിരുന്നു. ശരിക്കും കൃഷ്ണന്‍ മുന്നില്‍ വന്നു നിന്ന പ്രതീതിയായിരുന്നു. അത്രയും ഐശ്വര്യ ആ മുഖത്തില്‍ കണ്ണുകളില്‍ കാണാമായിരുന്നു. 

അരവിന്ദ് ആകാശ് ബേസിക്കലി തമിഴ് സ്വദേശി ആണെങ്കിലും മലയാളത്തിലാണ് ആദ്യ തുടക്കം. അമ്മ നര്‍ത്തകിയായതു കൊണ്ടാണ് ഡാന്‍സിലേക്ക് പോയതെന്നാണ് അരവിന്ദ് പറയുന്നത്. അഭിനയം ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. അഭിനയിക്കാന്‍ ആഗ്രഹവുമുണ്ടായിരുന്നു. ഇന്നും തന്റെ ഹിസ്റ്ററി നോക്കിയാല്‍ നന്ദനത്തിലെ ഉണ്ണിയാണ് ഏറ്റവും മികച്ചത്. മലയാളികള്‍ തന്ന സപ്പോര്‍ട്ടും സ്‌നേഹവുമാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അരവിന്ദ് പറയുന്നു.

നന്ദനത്തിനുശേഷം മലയാളത്തില്‍ വരാതിരുന്നത് മനപൂര്‍വ്വം തന്നെയാണെന്ന് അരവിന്ദ് പറയുന്നു. എത്ര സിനിമയില്‍ അഭിനയിച്ചുവെന്നല്ല, നല്ല സിനിമകളും വേഷങ്ങളുമായിരിക്കണമെന്നാണ് നിര്‍ബന്ധം. മനസ്സില്‍ മിഥുനമഴ എന്നു തുടങ്ങുന്ന നന്ദനത്തിലെ പാട്ട് എക്കാലത്തെയും ഹിറ്റ് ഡാന്‍സ് നമ്പര്‍ ഗാനമാണ്. മലയാളികളെ ഞെട്ടിച്ചു കൊണ്ടുള്ള ഡാന്‍സാണ് അരവിന്ദില്‍ നിന്ന് മലയാളികള്‍ക്ക് ലഭിച്ചിരുന്നത്.

 

മലയാളം അറിയാത്തതുകൊണ്ടുതന്നെ പാടി ഡാന്‍സ് ചെയ്യുക എന്നത് വളരെ കഷ്ടമായിരുന്നു. നന്ദനത്തിലെ പാട്ട് വളരെ കഷ്ടപ്പെട്ടാണ് പഠിച്ചതെന്നും അരവിന്ദ് പറയുന്നു. അര്‍ത്ഥം മുഴുവന്‍ പഠിച്ചാണ് പാട്ട് പാടി ഡാന്‍സ് കളിച്ചതെന്നും അരവിന്ദ് പറയുന്നുണ്ട്. രഞ്ജിത്ത് കഥ പറയുമ്പോള്‍ കൃഷ്ണന്റെ വേഷമാണ് ചെയ്യുന്നതെന്ന് കേട്ടപ്പോള്‍ അപ്പോള്‍ ഒന്നും തോന്നിയില്ല. കേരളയില്‍ കൃഷ്ണന്‍ എന്ന ഭഗവാന്‍ വലിയതായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായത്. ആ വേഷം ചെയ്യുമ്പോള്‍ പൂര്‍ണമായും വെജിറ്റേറിയനായിരുന്നു. അത്തരം കാര്യങ്ങള്‍ മാത്രമേ ആ വേഷത്തിനുവേണ്ടി ചെയ്തുള്ളൂവെന്നും അരവിന്ദ് പറയുന്നു.

 

സിനിമ റിലീസ് ചെയ്തപ്പോഴാണ് ഗുരുവായൂരപ്പന്‍ ഇത്ര ഫെയിമസാണെന്ന് മനസ്സിലായതെന്നും അരവിന്ദ് പറയുന്നു. 19 വര്‍ഷം പിന്നിടുമ്പോള്‍ അരവിന്ദ് മലയാളത്തില്‍ വളരെ കുറച്ച് പടങ്ങളെ അഭിനയിച്ചിട്ടുള്ളൂ. കൂട്ട്, തന്ത്ര, പൊന്മുടിപുഴയോരത്ത്, വജ്രം, ചെമ്പട അങ്ങനെ കുറച്ച് സിനിമകളിലാണ് അരവിന്ദ് അഭിനയിച്ചത്. എന്നാല്‍ ഒരു പടവും പ്രതീക്ഷിച്ച വിജയം കണ്ടില്ല. എന്നാല്‍, തമിഴില്‍ നിരവധി ചിത്രങ്ങളില്‍ അരവിന്ദ് അഭിനയിച്ചിട്ടുണ്ട്. 

മലയാളത്തില്‍ ഒരുപാട് സിനിമകളില്‍ കൊറിയോഗ്രാഫിയും അരവിന്ദ് ചെയ്തിട്ടുണ്ട്. ചോക്ലേറ്റ്, മുല്ലവള്ളിയും തേന്മാവും, വജ്രം തുടങ്ങി നിരവധി ചിത്രങ്ങളില്‍ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. നല്ല തിരക്കഥ വരികയാണെങ്കില്‍ മലയാളത്തില്‍ വീണ്ടും വരുമെന്നാണ് അരവിന്ദ് പറയുന്നത്.