രഹസ്യം രഹസ്യമായിരിക്കട്ടെ, ആരോടും നിങ്ങള്‍ പറഞ്ഞുകൊടുക്കരുത്, മോഹന്‍ലാല്‍ പറയുന്നു

Updated: Thursday, February 11, 2021, 10:59 [IST]

ദൃശ്യം എന്ന സിനിമ പ്രേക്ഷകര്‍ക്ക് നല്‍കിയ വിഷ്വല്‍ ട്രീറ്റ് ചെറുതൊന്നുമല്ല. വര്‍ഷങ്ങള്‍ കഴിഞ്ഞു മോഹന്‍ലാല്‍ ആ കഥാപാത്രത്തില്‍ നിന്നൊക്കെ എത്രയോ ദൂരം മാറി. ഈ വര്‍ഷത്തിനിടെ ഒട്ടേറെ കഥാപാത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന നടനിലൂടെ കടന്നു പോയി. എന്നാല്‍ പെട്ടെന്ന് ഒരു സുപ്രഭാതത്തില്‍ വീണ്ടും ജോര്‍ജ്ജുകുട്ടിയാകാന്‍ മോഹന്‍ലാലിന് എങ്ങനെ സാധിച്ചു. മലയാളികള്‍ ഒന്നടങ്കം ചോദിക്കുന്നു. ദൃശ്യം ടുവിന്റെ ട്രെയിലര്‍ വന്നതിനുപിന്നാലെ പലര്‍ക്കും സംശയമാണ്. എന്നാല്‍, ഇത് ലാലേട്ടനാ മോനെ എന്നു പറയുന്നതാകും ശരി.

ഒരു വേഷം അനായാസം കൈകാര്യം ചെയ്യാന്‍ ഈ നടന് സാധിച്ചില്ലെങ്കില്‍ ആ നടനെ നമ്മടെ ലാലേട്ടന്‍ എന്നു വിളിക്കില്ലല്ലോ. വീണ്ടും ജോര്‍ജ്ജുകുട്ടി എത്തുമ്പോള്‍ ആ രൂപത്തിനോ ഭാവത്തിനോ നോട്ടത്തിനോ ഒരു തരി മാറ്റമില്ല. ഒന്നാം ഭാഗം ചിത്രീകരിച്ച കൂട്ടത്തില്‍ രണ്ടാം ഭാഗവും ജിത്തു ജോസഫ് ഷൂട്ട് ചെയ്തുവെച്ചിരിക്കാമെന്ന് തോന്നിപ്പോകാം.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ.. ജോര്‍ജ്ജുകുട്ടിയെ തനിക്കിപ്പോഴും മനസ്സിലായിട്ടില്ല. അയാള്‍ ഏതു തരത്തിലുള്ള ആളാണെന്ന് പിടികിട്ടിയിട്ടില്ല. ഒരുപാട് രഹസ്യം ഉള്ളില്‍ കൊണ്ട് നടക്കുന്ന ഒരാളാണ്. ഏഴ് വര്‍ഷം കൊണ്ട് ജോര്‍ജ്ജു കുട്ടി വളര്‍ന്നു, ജോര്‍ജ്ജുകുട്ടിയുടെ കുടുംബം വളര്‍ന്നു. ഒരു ട്രെയിലര്‍ കണ്ട് ഒന്നും വിലയിരുത്താനാകില്ല. സിനിമ കണ്ടാലേ അത് മനസ്സിലാകൂവെന്നും ലാലേട്ടന്‍ പറയുന്നു. 

 

ദൃശ്യം ടുവിന്റെ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ എന്തോ വലിയ രഹസ്യം രണ്ടാം ഭാഗത്തിലും ഒളിഞ്ഞിരിപ്പുണ്ടെന്ന് മനസ്സിലാകും. എന്നാല്‍, ആ രഹസ്യം രഹസ്യമായിരിക്കട്ടെയെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സിനിമ കണ്ട് ആ രഹസ്യം മനസ്സിലായ ഒരാള്‍ മറ്റൊരാള്‍ ആ രഹസ്യം പറഞ്ഞു കൊടുക്കരുതെന്നും എല്ലാവരും വളരെ സീരിയസ്സായി സിനിമ കാണണമെന്നും മോഹന്‍ലാല്‍ വളരെ രസകരമായി പറയുന്നു. 

 

ഈ സിനിമ രണ്ടുമൂന്നു തവണ കാണേണ്ടി വരും. അപ്പോഴേ ജോര്‍ജ്ജുകുട്ടിയെ മനസ്സിലാകുകയുള്ളൂവെന്നും ഇതൊരു ഇന്റലിജന്റ് സിനിമയാണെന്നും മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം പോലെയല്ല ദൃശ്യം 2 എന്നാണ് സംവിധായകന്‍ ജിത്തു ജോസഫും നേരത്തെ വ്യക്തമാക്കിയിരുന്നത്. 

 


ഒരു മുന്‍ ധാരണയോടു കൂടി സിനിമ കാണരുതെന്നും ലാലേട്ടന്‍ ഓര്‍മ്മിപ്പിക്കുന്നു. സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് വേണ്ടത്. ദൃശ്യം ഒന്നിലെ സിനിമയില്‍ ജോര്‍ജുകുട്ടിയുടെ മാസസികാവസ്ഥയെക്കുറിച്ച് ധാരണയുണ്ട്. എന്നാല്‍, രണ്ടാം സിനിമയില്‍ ജോര്‍ജുകുട്ടി ഏറെ മാറിയിരിക്കുന്നതായി മോഹന്‍ലാല്‍ പറയുന്നു. അയാളുടെ കാഴ്ചപ്പാട്, സ്വഭാവം, പെരുമാറ്റം എല്ലാം മാറി. തനിക്കു പോലും മനസിലാക്കാന്‍ കഴിയാത്ത പോലെ ജോര്‍ജുകുട്ടി മാറിയെന്നാണ് മോഹന്‍ലാലിന്റെ വിലയിരുത്തല്‍. ഉള്ളിലെ ചിന്തകളല്ല, പുറത്ത് കാണുന്നത്. രണ്ടാം സിനിമയിലൂടെ കൊലപാതകത്തിന്റെ ചുരുളഴിയുകയും പുതിയ ചുരുള്‍ ഉണ്ടാകുകയും ചെയ്യും. ദൃശ്യം പോലെ പ്രേക്ഷകരെ ആകര്‍ഷിച്ച സിനിമയുടെ രണ്ടാം ഭാഗം ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധയോടെയാണ് കഥയും തിരക്കഥയും അഭിനയവും എല്ലാം തയ്യാറാക്കിയിരിക്കുന്നത്. ഏതായാലും പ്രേക്ഷകര്‍ ഹാപ്പിയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മോഹന്‍ലാല്‍ പറയുന്നു.

 

ജിത്തു ജോസഫ് രണ്ടാം ഭാഗത്തിന്റെ കഥ പറയുമ്പോള്‍ വല്ലാത്ത ആകാംഷയായിരുന്നു. നിരവധി സിനിമകളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതിലെ കഥാപാത്രങ്ങളെയും അവരുടെ മനസും എനിക്ക് അറിയാം. പക്ഷേ ദൃശ്യത്തിലെ ജോര്‍ജു കുട്ടിയെ ഇതുവരെ എനിക്ക് മനസിലായിട്ടില്ല. പലപ്പോഴും അപ്രതീക്ഷിതമായാണ് ആ കഥാപാത്രം പ്രതികരിക്കുന്നത്. അയാളുടെ ചിന്തകള്‍ പോലും എങ്ങനെയാണെന്ന് എനിക്കറിയില്ല. ദൃശ്യത്തിന്റെ മൂന്നാം ഭാഗം വന്നാല്‍ അതിലെ ജോര്‍ജുകുട്ടിയുടെ സ്വഭാവ വിശേഷങ്ങള്‍ എങ്ങനെയാണെന്ന് സങ്കല്പിക്കാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.