നടന്‍ സൂര്യയ്ക്ക് കൊവിഡ്, ജീവിതം പഴയത് പോലെയായെന്ന് വിചാരിക്കരുതെന്ന് താരം

Updated: Monday, February 8, 2021, 10:04 [IST]

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍, കൃത്യമായ ചികിത്സ ആരോഗ്യം മെച്ചപ്പെടുത്തിയെന്ന് താരം തന്നെ പറയുന്നു. ജീവിതം പഴയത് പോലെയായിട്ടില്ല എന്ന വസ്തുത നാം തിരിച്ചറിയണം. എന്നാല്‍ പേടിക്കേണ്ടതില്ല. അതേസമയം, ജാഗ്രതയും സുരക്ഷയുമൊരുക്കണം. നമുക്ക് പിന്തുണ നല്‍കുന്ന ഡോക്ടര്‍മാരോട് സ്‌നേഹവും നന്ദിയുമെന്ന് സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമാതാരങ്ങള്‍ക്ക് തുടര്‍ച്ചയായി കോവിഡ് സ്ഥിരീകരിക്കുന്നതോടെ സിനിമാ ഷൂട്ടിങ്ങുകള്‍ക്കും തമിഴ്‌നാട്ടില്‍ നിയന്ത്രണമുണ്ട്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ തീയേറ്ററുകളുടെ വിലക്ക് കൂടി നീക്കിയതോടെ രോഗം പടരാനുള്ള സാധ്യതകള്‍ കൂടുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. തമിഴ്‌നാട്ടില്‍ ആദ്യമായി റിലീസ് ചെയ്ത ചിത്രം മാസ്റ്റര്‍ ആയിരുന്നു. പടം തിയേറ്ററില്‍ എത്തിയപ്പോള്‍ ആരാധകരുടെ തിരക്കും കണ്ടതാണ്. പല തിയേറ്ററിലും നിയന്ത്രണവിധേയമായിരുന്നു. 

 

കൊവിഡ് ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കിയ താരമാണ് സൂര്യ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധി നേരിട്ട സിനിമാ പ്രവര്‍ത്തകരേയും കൊവിഡിനെതിരെ പോരാടുന്ന വ്യക്തികളെയും സഹായിക്കാന്‍ വേണ്ടിയാണ് തുക നല്‍കിയത്. ലോക്ഡൗണ്‍ സമയം ഒടിടി റിലീസ് ചെയ്ത സൂര്യ ചിത്രമായിരുന്നു സൂരരൈ പോട്ര്. 

 

12382 പേരാണ് തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്. വാക്‌സിനേഷനും സംസ്ഥാനത്ത് കാര്യക്ഷമമായി തന്നെയാണ് നടക്കുന്നത്. എങ്കിലും പുതിയ കേസുകള്‍ റഇപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.