നടി അമല പോള്‍ എവിടെ? പുതിയ വിശേഷം പങ്കുവെച്ച് താരം

Updated: Saturday, February 13, 2021, 17:13 [IST]

നടി അമല പോള്‍ എവിടെ? പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് താരം. ഏറ്റവും പുതിയ ഫോട്ടോഷൂട്ടിനൊപ്പം അമല പോള്‍ കുറിച്ചതിങ്ങനെ. ഞാന്‍ വിശ്വസിക്കുന്നത് സമയത്തിനനുസരിച്ച് മാറുന്നതാണ് നമ്മുടെ സ്വഭാവം എന്നാണ്. പുതിയ സിനിമയുടെ സെക്കന്റ് പ്രെമോഷനാണിതെന്നും താരം പറയുന്നു.

നടി അമല പോളിന്റെ വരാനിരിക്കുന്ന ചിത്രമാണ് പിട്ട കാത്തലു. തെലുങ്ക് ചിത്രം നെറ്റിഫ്‌ളികിലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ വരുന്ന 19ന് എല്ലാവരും നെറ്റിഫ്‌ളിക്‌സിലൂടെ സിനിമ കാണണമെന്നും അമല പോള്‍ ആവശ്യപ്പെടുന്നുണ്ട്. സെലിബ്രിറ്റി മേക്കപ്പ് മാന്‍ ഉണ്ണിയാണ് അമലയെ ഫോട്ടോഷൂട്ടിനായി അണിയിച്ചൊരുക്കിയിരിക്കുന്നത്.

 

മലയാള സിനിമയില്‍ നിന്ന് മാറി നിന്ന അമല പോള്‍ തമിഴിലും തെലുങ്കിലും സജീവമാണ്. 2019ല്‍ തമിഴില്‍ ഇറങ്ങിയ ആടൈ ശ്രദ്ധനേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വരാനിരിക്കുന്ന പിട്ട കാത്തലു എന്ന ചിത്രവും പ്രത്യേകത നിറഞ്ഞതാണ്. ഇതൊരു ആന്തോളജി ഡ്രാമയാണ്. നാല് കഥകള്‍ കൂട്ടി ചേര്‍ത്താണ് പിട്ട കത്തലു ഒരുക്കിയിരിക്കുന്നത്. സംവിധായകരായ നാഗ് അശ്വിനും, ബിവി നന്ദിനി റഡ്ഡിയും, തരുണ്‍ ഭാസ്‌കറും, സാങ്കല്‍പ് റെഡ്ഡിയും ചേര്‍ന്നാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

 

അമല പോളിനെ കൂടാതെ ശ്രുതി ഹാസന്‍, ഈഷ റബ, ലക്ഷ്മി മച്ചു, ജഗപതി ബാബു, ആഷിമ നര്‍വാള്‍ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. സ്ത്രീകളെ കേന്ദ്ര കഥാപാത്രങ്ങളായി നിര്‍ത്തിയാണ് നാല് കഥകളും മുന്നോട്ട് പോകുന്നത്.

 

തെന്നിന്ത്യയില്‍ ഒരുപോലെ തിളങ്ങുന്ന താരമാണ് അമല പോള്‍. നീലത്താമര എന്ന ചിത്രത്തിലൂടെയാണ് അമല അഭിനയത്തിലെത്തുന്നത്. എന്നാല്‍ പിന്നീട് മലയാളത്തില്‍ അവസരങ്ങള്‍ എത്തിയില്ല. തുടര്‍ന്നാണ് അമല തമിഴിലെത്തുന്നത്. സിന്ധു സമവേലി എന്ന ചിത്രത്തിലെ അഭിനയമാണ് ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് മൈന എന്ന ചിത്രത്തിലൂടെ മുന്‍നിര നായികയായി അമല മാറുകയായിരുന്നു.

ഇത് നമ്മുടെ കഥ, റണ്‍ ബേബി റണ്‍, ഒരു ഇന്ത്യന്‍ പ്രണയകഥ, മിലി, ലൈലാ ഓ ലൈലാ, രണ്ടു പെണ്‍കുട്ടികള്‍ തുടങ്ങി കുറച്ച് മലയാളം സിനിമകളില്‍ മാത്രമേ അമല അഭിനയിച്ചിട്ടുള്ളൂ.  എന്നാല്‍, തമിഴ് നോക്കുകയാണെങ്കില്‍, ഒട്ടുമിക്ക സൂപ്പര്‍സ്റ്റാറുകളുടെ കൂടെയും അമല വേഷമിട്ടിട്ടുണ്ട്. ദൈവത്തിരുമകള്‍, അതോ അന്ത പറവൈ പോല, രക്ഷസന്‍, ആടൈ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു.

നഗ്നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ച ആടൈ എന്ന ചിത്രം അമല പോളിന് വലിയ ബ്രേക്ക് നല്‍കിയ ചിത്രമാണ്. അമല പോള്‍ എന്ന നടി എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സംവിധായകനുമായുള്ള പ്രണയവും പിന്നീടുള്ള വിവാഹമോചനവുമെല്ലാം ചര്‍ച്ചയായതാണ്. തന്റെ ഫോട്ടോ ദുരുപയോഗം ചെയ്‌തെന്ന് കാണിച്ച് സുഹൃത്തിനെതിരെ പരാതി നല്‍കിയതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.