പല ഡോക്ടര്‍മാരുമായി സംസാരിച്ചു, ദൃശ്യം അഭിനയിക്കാന്‍ വരുന്നതിനെക്കുറിച്ച് നടി അന്‍സിബ

Updated: Tuesday, February 23, 2021, 17:18 [IST]

ദൃശ്യം എന്ന മെഗാ ഹിറ്റിന് ശേഷം വെള്ളിത്തിരയില്‍ നിന്നും മാറിനിന്ന താരമാണ് നടി അന്‍സിബ. ദൃശ്യം 2 തിയേറ്ററില്‍ എത്തിയപ്പോള്‍ താരവും ഉണ്ടായിരുന്നു. വിജയത്തില്‍ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് അന്‍സിബ. നാല് വര്‍ഷമായി അഭിനയ രംഗത്തുനിന്ന് മാറിനിന്ന അന്‍സിബ അഭിനയം വേണ്ടെന്നുവെച്ചിരിക്കുകയായിരുന്നു.

സിനിമ ഇനി ചെയ്യില്ലെന്നു തന്നെയാണ് വിചാരിച്ചത്. എന്നാല്‍ ജിത്തു ജോസഫ് സാര്‍ വിളിച്ചപ്പോള്‍ നോ എന്ന് പറയാന്‍ കഴിയില്ലായിരുന്നു. ദൃശ്യം കഴിഞ്ഞ് മൂന്ന് സിനിമകള്‍ ചെയ്തിരുന്നു. എന്നാല്‍, അത് വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. തുടര്‍ന്നാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചതെന്ന് അന്‍സിബ പറയുന്നു.

 

ദൃശ്യം 2 ഉണ്ടാകുമെന്നോ അതിലേക്ക് തന്നെ വിളിക്കുമെന്നോ വിചാരിച്ചിരുന്നില്ല. ചിത്രത്തിന്റെ ഷൂട്ട് ആരംഭിക്കുന്നതിന്റെ മൂന്നാഴ്ച മുന്‍പാണ് തിരക്കഥ കൈയ്യില്‍ കിട്ടിയത്. മുഴുവന്‍ വായിച്ചപ്പോള്‍ ആകാംഷയായിരുന്നു. അപസ്മാര രോഗിയായി അഭിനയിക്കുന്നതില്‍ ടെന്‍ഷനുണ്ടായിരുന്നു.

 

പല ഡോക്ടര്‍മാരുമായി സംസാരിച്ചു. ചെറിയൊരു റിസര്‍ച്ച് നടത്തിയിരുന്നുവെന്നും അന്‍സിബ പറയുന്നു. തിയേറ്ററില്‍ ഇറങ്ങില്ലെന്ന് കേട്ടപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു. എന്നാല്‍, ഒടിടി റിലീസ് നന്നായി എന്നാണ് തോന്നുന്നത്. ലോകത്തിന്റെ നാനാഭാഗത്തുള്ളവര്‍ക്ക് ആദ്യ ദിവസം തന്നെ സിനിമ കാണാന്‍ പറ്റിയെന്നുള്ള സന്തോഷം നല്‍കി.

 

ഒട്ടേറെപേര്‍ വിളിച്ചു അഭിനന്ദിച്ചു. അധികം സിനിമകള്‍ ചെയ്തില്ലെങ്കിലും പലരും നന്നായി അഭിനയിച്ചു എന്നു പറയുമ്പോള്‍ സന്തോഷം ഉണ്ടായെന്നും അന്‍സിബ പറയുന്നു.