അനുപമ ഗുജറാത്തില്‍ പോയത് ബുംറയെ കാണാനല്ല, സത്യം പുറത്ത്

Updated: Saturday, March 6, 2021, 16:05 [IST]

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി അനുപമ പരമേശ്വരന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അനുപമയും ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയും പ്രണയത്തിലാണെന്നുള്ള ഗോസിപ്പാണ് നിറഞ്ഞത്. അനുപമ ഗുജറാത്തില്‍ പോയതായിരുന്നു ഇതിന്റെയെല്ലാം തുടക്കം. ഈ സമയം, ബുംറ കളിയില്‍ നിന്നും അവധിയെടുത്തിരുന്നു. ബുംറ വിവാഹിതനാകാന്‍ പോകുന്നുവെന്നും വാര്‍ത്ത പ്രചരിച്ചു.

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്ന് ബുംറയെ ഒഴിവാക്കിയിരുന്നു. എന്നാലത് വിവാഹത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണെന്ന് ബിസിസിഐ വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരം. ഇതൊക്കെ ചേര്‍ത്ത് വായിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുന്നുവെന്നാണ് പ്രചരിച്ചത്.

 

എന്നാല്‍, സത്യം ഇതൊന്നുമല്ല എന്ന് വ്യക്തമായി. അനുപമ പരമേശ്വരന്‍ നായികയാകുന്ന പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണം ഗുജറാത്തിലെ ദ്വാരകയില്‍ ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഗുജറാത്തില്‍ എത്തിയതാണ് അനുപമ. ചാന്ദു മൊണ്ടേതിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

 

ഒരു മിത്തോളജിക്കല്‍ ത്രില്ലര്‍ മൂവിയാണിത്. നിഖില്‍ സിദ്ധാര്‍ഥാണ് ചിത്രത്തിലെ നായകന്‍. നിഖിലും അനുപമയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇരുവരും ഒന്നിച്ച '18 പേജസ്' എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ആഴ്ചയാണ് പൂര്‍ത്തിയായത്. ചാന്ദു മൊണ്ടേതി ആയിരുന്നു തെലുങ്കില്‍ പ്രേമം സംവിധാനം ചെയ്തത്. 

 

പ്രേമത്തിനുശേഷം മലയാളത്തില്‍ അധികം സിനിമകളൊന്നും അനുപമയ്ക്ക് ലഭിച്ചിട്ടില്ല. പിന്നീട് തെലുങ്കിലേക്കാണ് താരം പോയത്. ഒട്ടേറെ തെലുങ്ക് ചിത്രത്തില്‍ അനുപമ അഭിനയിച്ചു കഴിഞ്ഞു. മണിയറയിലെ അശോകനാണ് അനുപമയുടേതായി ഒടുവില്‍ പുറത്തുവന്ന മലയാള ചിത്രം. കൂടാതെ തമിഴില്‍ അനുപമ അഭിനയിച്ച 'തള്ളി പോകാതെ' എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. 

 

അനുപമ പ്രധാന വേഷത്തിലെത്തിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെ യൂട്യൂബില്‍ തരംഗമായിരുന്നു. ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ഷോര്‍ട്ട് ഫിലിം കൂടിയായിരുന്നു അത്.

 

അനുപമയും ബുംറയും പ്രണയത്തിലാണെന്നുള്ള വാര്‍ത്ത നേരത്തെയും പ്രചരിച്ചിരുന്നു. ട്വിറ്ററില്‍ ബുംറ ഫോളോ ചെയ്യുന്ന 25 മലയാളികളില്‍ ഒരാള്‍ അനുപമ ആയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി തെളിച്ചത്. താനും ബുംറയും സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നുമാണ് അനുപമ അന്ന് പ്രതികരിച്ചിരുന്നത്. ഗുജറാത്തിലെ രാജ്കോട്ട് ആണ് ബുംറയുടെ സ്വദേശം.