ഫഹദിനെ പ്രണയത്തില്‍ വീഴ്ത്തിയ തമിഴത്തി വീണ്ടും മലയാളത്തിലേക്ക്, മഞ്ജുവാര്യര്‍ക്കൊപ്പം

Updated: Tuesday, March 2, 2021, 11:58 [IST]

ഡയമണ്ട് നെക്ലേസിലൂടെ മലയാളികളുടെ മനസ്സില്‍ ആഴത്തിലിറങ്ങിയ ഒരു തമിഴത്തി നഴ്‌സുണ്ട്. നടി ഗൗതമി നായറാണത്. ഫഹദ് ഫാസിലിനെ വീഴ്ത്തിയ തമിഴത്തി നഴ്‌സ്. തൊട്ട് തൊട്ട് നോക്കാമോ.. എന്നു തുടങ്ങുന്ന ഗാനം അത്രമാത്രം വൈറലായയിരുന്നു. വിവാഹശേഷം ഗൗതമി അഭിനയത്തില്‍ നിന്നും മാറിനിന്നെങ്കിലും സിനിമാ പിന്നണി രംഗത്ത് ഉണ്ടായിരുന്നു.

സംവിധാനമാണ് ഗൗതമി ഏറ്റവും ഇഷ്ടമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോഴിതാ വീണ്ടും അഭിനയത്തിലേക്ക് ഗൗതമി എത്തുകയാണ്. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഗൗതമി സിനിമയിലേക്ക് തിരികെയെത്തുന്നത്.

 

പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ രണ്ടാം വരവ്. മഞ്ജു വാരിയരും ജയസൂര്യയുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

2012 ല്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം സെക്കന്‍ഡ് ഷോയിലൂടെയായിരുന്നു ഗൗതമിയുടെ അരങ്ങേറ്റം. ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് ആയിരുന്നു രണ്ടാമത്തെ ചിത്രം. ദുബായിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഒരു തമിഴ്നാട്ടുകാരി നഴ്സ് ആയിരുന്നു ഗൗതമി ആ ചിത്രത്തില്‍ അവതരിപ്പിച്ച കഥാപാത്രം. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹ ശേഷം സൈക്കോളജിയില്‍ പിഎച്ഡി എടുക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഗൗതമി സിനിമയില്‍ നിന്നും മാറി നിന്നത്.

 

റേഡിയോ ജോക്കിയുടെ കഥ പറയുന്ന ചിത്രമാണ് 'മേരി ആവാസ് സുനോ'. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. ബി.രാകേഷാണ് യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത്. ജോണി ആന്റണി, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.  

 

തിരുവനന്തപുരത്തിന് പുറമേ മുംബൈയിലും കശ്മീരിലുമാണ് ചിത്രീകരണം. നൗഷാദ് ഷരീഫ് ആണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിത് ബാലയാണ് എഡിറ്റിംഗ്. എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.