കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും പ്രണയത്തില്‍?

Updated: Monday, February 15, 2021, 17:05 [IST]

തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും പ്രണയത്തിലാണോ? ഇന്ന് സോഷ്യല്‍ മീഡിയ നിറയുന്നത് ഇവരുടെ ഫോട്ടോകളും വിവാഹ വാര്‍ത്തകളുമാണ്. ആരാധകര്‍ ഒന്നു ഞെട്ടി. എന്താണ് ഇതിന്റെ സത്യാവസ്ഥ. ഇരുവരും ചേര്‍ന്നുള്ള ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിക്കുന്നത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ഈ വര്‍ഷം തന്നെ വിവാഹിതരാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. വാര്‍ത്ത വൈറലായതോടെ കീര്‍ത്തിയുടെ പിതാവും മലയാള നിര്‍മ്മാതാവുമായ സുരേഷ് കുമര്‍ രംഗത്തെത്തി. ഈ പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. ഇത് മൂന്നാം തവണയാണ് മകളുടെ പേരില്‍ വ്യാജ വിവാഹ വാര്‍ത്തകള്‍ വരുന്നതെന്നും സുരേഷ് കുമാര്‍ പറഞ്ഞു. 

 

എന്നാല്‍, കീര്‍ത്തിയും അനിരുദ്ധും ഈ വാര്‍ത്തകളോട് പ്രതികരിച്ചിട്ടില്ല. വൈ ദിസ് കൊലവെറി ഗാനം ഒരുക്കി ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. കത്തി സിനിമയിലെ സെല്‍ഫി പുള്ള എന്ന ഗാനവും മാസ്റ്ററിലെ വാത്തി കമ്മിംഗ് എന്നിങ്ങനെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകനാണ് അനിരുദ്ധ്. ഇന്ന് മുന്‍നിര സംഗീത സംവിധായകരില്‍ ഈ പ്രായം കുറഞ്ഞ സംവിധായകനുമുണ്ട്. പ്രേമം എന്ന മലയാളം ചിത്രത്തിലെ റോക്കാന്‍ കൂത്ത് എന്ന പൊളിപ്പന്‍ ഗാനം ആലപിച്ചതും അനിരുദ്ധ് ആണ്.

 

2012ല്‍ എതിര്‍ നീച്ചല്‍, ഡേവിഡ് എന്നീ ചിത്രങ്ങല്‍ക്കുവേണ്ടി സംഗീതം ചെയ്തു. 2013ല്‍ വണക്കം ചെന്നൈ, ഇരണ്ടം ഉലകം എന്നീ ചിത്രങ്ങളും 2014ല്‍ കത്തി, കാക്കി സട്ടൈ, മാരി എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും സംഗീതം ചെയ്തു. പിന്നീട് നാനും റൗഡിതാന്‍, വേതാളം, തങ്ക മകന്‍,റെമോ, വിവേകം  തുടങ്ങിയ ചിത്രങ്ങളും ചെയ്തു.

 

അതേസമയം, കീര്‍ത്തി സുരേഷിന് കൈ നിറയെ ചിത്രങ്ങളാണ്. ഒരു ഇടവേളയ്ക്ക് ശേഷം കീര്‍ത്തി മലയാളത്തില്‍ എത്തുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രത്തിന്റെ റിലീസിനായി മലയാളികള്‍ കാത്തിരിക്കുകയാണ്. 

 

ഗുഡ് ലക്ക് സഖി, അണ്ണാത്തെ എന്നിങ്ങനെ ബിഗ് ബജറ്റ് ചിത്രങ്ങളാണ് കീര്‍ത്തിയുടെതായി റിലീസിന് ഒരുങ്ങുന്നത്. മഹേഷ് ബാബു നായകനാകുന്ന സര്‍കാരു വാരി പാട സിനിമയുടെ ഷൂട്ടിംഗിനായി ദുബൈയിലാണ് കീര്‍ത്തി ഇപ്പോള്‍. തമിഴില്‍ ഒട്ടുമിക്ക എല്ലാ സൂപ്പര്‍സ്റ്റാറുകളുടെയും കൂടെ കീര്‍ത്തി സുരേഷ് അഭിനയിച്ചു കഴിഞ്ഞു. മലയാള നടി മേനകയുടെ മകളായ കീര്‍ത്തി തമിഴിലാണ് ചുവടുറപ്പിച്ചത്. 2018ല്‍ ഇറങ്ങിയ മഹാനടി എന്ന ചിത്രം കീര്‍ത്തിക്ക് നല്‍കിയത് മികച്ച ഹൈപ്പാണ്. നിരവധി പുരസ്‌കാരങ്ങളാണ് ആ ഒരു ചിത്രത്തിലൂടെ ലഭിച്ചത്.