അസ്ഥികൂടമെന്ന് വിളിച്ചിട്ടുണ്ട്, മലയാളത്തില്‍ നിന്ന് അധിക്ഷേപങ്ങള്‍ ക്രൂരമെന്ന് നടി മാളവിക മോഹനന്‍

Updated: Friday, January 29, 2021, 18:19 [IST]

മലയാളത്തില്‍ നിന്നും ക്രൂരമായ രീതിയിലാണ് അധിക്ഷേപങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് നടി മാളവിക മോഹനന്‍. നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിക്കാറുണ്ട്. അസ്ഥിക്കൂടത്തില്‍ തൊലിവെച്ച് പിടിപ്പിച്ച പോലെയെന്ന് വരെ അധിക്ഷേപമുണ്ടായിരുന്നുവെന്ന് മാളവിക പറയുന്നു. 

കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാല്‍ ആക്രമിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്നും താരം പറയുന്നു. തന്റെ ശരീരത്തെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു. സിനിമയില്‍ തുടക്കസമയത്ത് ഒരുപാട് പേര്‍ ഒപ്പമുണ്ടാകും. പക്ഷേ ഒരു പരാജയത്തില്‍ എന്തുവേണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ച് തന്നെ അറിയണമെന്നും താരം വ്യക്തമാക്കി.

 

വേറെ ഏത് ജോലിയിലും കുഴപ്പങ്ങളുണ്ടായാല്‍ ചുരുക്കം പേരേ അറിയൂ. അതെല്ലാം വ്യക്തിപരമായ പരാജയങ്ങളാണ്. പക്ഷേ ഒരുസിനിമ വീണുപോയാല്‍ അതൊരു 'പബ്ലിക്ക് പരാജയ'മാണ്. ഒരുപാട് പേര്‍ ചര്‍ച്ച ചെയ്യും. മാനസികമായി വലിയ ആഘാതമുണ്ടാകും. ആ പരാജയത്തില്‍ സോഷ്യല്‍മീഡിയയും വെറുതെ ഇരുന്നില്ല, വലിയ ആക്രമണം തന്നെ തനിക്കെതിരെ നടന്നുവെന്നും മാളവിക പറയുന്നു.

 

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തിലെത്തുന്നത്. മമ്മൂട്ടി ആയിരുന്നു മാളവികയെ ദുല്‍ഖറിന്റെ നായികയായി ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഏറെ പ്രതീക്ഷ തന്ന ചിത്രം പക്ഷെ ബോക്സ്ഓഫീസില്‍ വേണ്ടത്ര വിജയം നേടിയില്ല. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു അന്ന് താന്‍ അനുഭവിച്ചതെന്നും വിജയത്തേയും പരാജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയില്ലായിരുവെന്നും മാളവിക പറയുന്നു. 

Advertisement

 

ലോക്ക്ഡൗണിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യം റിലീസിനെത്തിയ വിജയ് ചിത്രം 'മാസ്റ്റര്‍' ആയിരുന്നു മാളവികയുടെ ഒടുവില്‍ റിലീസായ സിനിമ. ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ നടത്തി വിവാദങ്ങളില്‍പ്പെടുന്ന താരം കൂടിയാണ് മാളവിക. 

Advertisement