ഫൈസിയുടെ ഉപ്പൂപ്പാന്റെ മൊഞ്ചുള്ള പെണ്ണ് എവിടെയാണ്? ഇത് മാളവിക നായര്‍

Updated: Thursday, February 18, 2021, 11:43 [IST]

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിലെ ഹൂറിയെ ഓര്‍മ്മയില്ലേ? മാളവിക നായര്‍ എവിടെയാണ്. ഉസ്താത് ഹോട്ടലില്‍ ഫൈസിയുടെ ഉപ്പൂപ്പാനെ ഒറ്റനോട്ടത്തില്‍ വീഴ്ത്തിയ ഹൂറിയെ മലയാളികള്‍ മറക്കാനിടയില്ല. വളരെ കുറച്ച് സീനുകളില്‍ മാത്രമേ മാളവിക അഭിനയിച്ചുള്ളൂ. എങ്കിലും ആ മൊഞ്ചുള്ള മുഖം മലയാളികളുടെ മനസ്സിലുണ്ട്. 

അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍, തിലകന്‍, നിത്യ മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയായിരുന്നു ഉസ്താദ് ഹോട്ടല്‍. ബിരിയാണിയുയെയും സുലൈമാനിയുടെയും മുഹബത്തിനെ കുറിച്ച് പറഞ്ഞ സിനിമയില്‍ ഒരു ഹൂറിയുണ്ടായിരുന്നു. തിലകന്‍ അവതരിപ്പിച്ച കരീം ബായി എന്ന കഥാപാത്രം ഒരിക്കല്‍ ഒരു കല്യാണത്തിന് ബിരിയാണി ഉണ്ടാക്കാന്‍ പോയപ്പോള്‍ കണ്ട് മുട്ടിയ ഹൂറിയായിരുന്നു അത്. സുലൈമാനിയോട് ഉപമിച്ച കല്യാണപ്പെണ്ണായിരുന്നു ആ ഹൂറി. ബിരിയാണി ഉണ്ടാക്കാന്‍ പോയി മണവാട്ടിയെയും അടിച്ച് മാറ്റി പോന്ന കരീക്കയ്ക്ക് വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. 

 

മുംബൈക്കാരിയ മാളവിക മോഡലിങ്ങിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 2013ല്‍ റിലീസ് ചെയ്ത ബട്ടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് മാളവിക മലയാളത്തിലെത്തുന്നത്. കര്‍മ്മ യോദ്ധ, പുതിയ തീരങ്ങള്‍, പകിട തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടു. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം വേഷമിട്ടിട്ടുണ്ട്.  

 

തെലുങ്ക്, തമിഴ് ഭാഷകളിലാണ് മാളവിക നായര്‍ പിന്നീട് പ്രത്യക്ഷപ്പെട്ടത്. കുക്കൂ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം. ഒരു അന്ധയായ കഥാപാത്രമായാണ് മാളവിക എത്തിയിരുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു അത്.

 

ആ വേഷത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ മഹാനടി എന്ന തെലുങ്ക് ചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തെലുങ്കില്‍ സജീവമായ നടി മലയാളത്തില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.