മന്യയെ ഓര്‍മ്മയില്ലേ? നട്ടെല്ലിന് പരിക്കേറ്റ് ഇടതുകാല്‍ ചലിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയില്‍, പ്രാര്‍ത്ഥനയോടെ ആരാധകര്‍

Updated: Friday, February 26, 2021, 16:01 [IST]

ഒരുകാലത്ത് മലയാളത്തില്‍ തിളങ്ങി നിന്ന താരമാണ് നടി മന്യ. ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ ഈ സുന്ദരിക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളി അല്ലെങ്കിലും മലയാളി താരത്തെ പോലെയായിരുന്നു ആരാധകര്‍ കണ്ടിരുന്നത്. വിവാഹശേഷം മാറിനിന്ന മന്യ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

കുടുംബവും കുട്ടിയുമാണ് മന്യയുടെ ലോകം. മകള്‍ക്കൊപ്പമുള്ള വീഡിയോയാണ് ഷെയര്‍ ചെയ്യാറുള്ളത്. എന്നാല്‍, ഇപ്പോള്‍ മന്യ വന്നിരിക്കുന്നത് ഒരു ദുരന്ത വാര്‍ത്ത അറിയിച്ചു കൊണ്ടാണ്. നടുവിന് പരിക്കേറ്റ് മൂന്നാഴ്ചയോളം നടക്കാനോ, ഇരിക്കാനോ, ഉറങ്ങാനോ സാധിക്കാത്ത അവസ്ഥയില്‍ ആയിരുന്നു താനെന്ന് താരം പറയുന്നു.

 

നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാര്‍ത്ഥന. ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിരുന്നതായും മന്യ പറയുന്നു. സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ കഴിയുന്നതെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മന്യ കുറിച്ചതിങ്ങനെ...

 

മൂന്നാഴ്ച മുമ്പ്, എനിക്ക് പരിക്കേറ്റു. ഡിസ്‌ക്കിന് പ്രശ്നമുണ്ടെന്ന് സ്‌കാനിംഗില്‍ മനസിലായി. അത് എന്റെ ഇടതുകാലിനെ ഏതാണ്ട് പൂര്‍ണമായും തളര്‍ത്തി. വേദന കൊണ്ട് ഇടതുകാല്‍ ഒട്ടും അനക്കാന്‍ പറ്റാത്ത അവസ്ഥ. ഇന്ന്, നട്ടെല്ലില്‍ സ്റ്റിറോയിഡ് ഇഞ്ചക്ഷനുകള്‍ എടുത്തു. അസ്വസ്ഥയായതിനാല്‍ അതിനു മുമ്പും ശേഷവും ഞാന്‍ സെല്‍ഫി എടുത്തു.

 

കോവിഡ് കാരണം സന്ദര്‍ശകരെ അനുവദിക്കാത്തതിനാല്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. പ്രാര്‍ത്ഥനകളോടെ വേദനയെ നേരിട്ടു. ഉടന്‍ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിലാണ്. മൂന്ന് ആഴ്ചത്തേക്ക് വേദന കാരണം എനിക്ക് ഇരിക്കാനോ നടക്കാനോ നില്‍ക്കാനോ ഉറങ്ങാനോ സാധിച്ചിരുന്നില്ല. സുഖപ്പെടാനും തിരികെ വരാനുമായി പരമാവധി ശ്രമിക്കുകയാണ്.

 

ഈ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. ഓരോ നിമിഷവും ആസ്വദിക്കുക. പ്രിയപ്പെട്ടവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ജീവിതം ഹ്രസ്വവും അപ്രതീക്ഷിതവുമാണ്. എനിക്ക് ഇനി ഒരിക്കലും നൃത്തം ചെയ്യാന്‍ കഴിയില്ലെന്ന് ഞാന്‍ കരുതി, പക്ഷേ ന്യൂറോ സര്‍ജന്‍ എന്നോട് പറഞ്ഞു, പതുക്കെ എനിക്ക് എന്റെ ശക്തി വീണ്ടെടുക്കാന്‍ കഴിയും.

 

നട്ടെല്ലിന് സര്‍ജറി വേണ്ടി വരല്ലേ എന്നാണ് പ്രാര്‍ത്ഥന. കഴിഞ്ഞ മൂന്നാഴ്ചയായി ഇതാണ് എന്റെ ജീവിതം. എന്നിരുന്നാലും, സാവധാനം സുഖപ്പെടുത്തുന്നതിന് ദൈവത്തോട് വളരെ നന്ദി. ഈ ജീവിതത്തിന് ദൈവത്തിന് നന്ദി. എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ച എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഒരു വലിയ നന്ദി. എപ്പോഴും ഓര്‍മ്മിക്കുക, ജീവിതം എളുപ്പമല്ല, ഇതുപോലുള്ള കാര്യങ്ങള്‍ സംഭവിക്കും. പൊരുതുക. ഒരിക്കലും തോറ്റു കൊടുക്കരുത്.