അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചു, ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെന്ന് നടി നമിത

Updated: Tuesday, February 2, 2021, 09:59 [IST]

വിഷാദ രോഗത്തിന് അടിമപ്പെട്ട നാളുകളെക്കുറിച്ച് തുറന്നു പറഞ്ഞ് നടി നമിത. തന്റെ ഉറക്കം നഷ്ടപ്പെട്ട ദിവസങ്ങളായിരുന്നു അത്. ഭക്ഷണം കഴിച്ച് 97 കിലോ വരെയായിരുന്നുവെന്നും നമിത പറയുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചു. ഫോട്ടോ പങ്കുവെച്ചാണ് നമിത ഇക്കാര്യം തുറന്നു പറഞ്ഞത്.

വലതു വശത്തെ ചിത്രം പത്ത് വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഇടതു വശത്തേത് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പ് എടുത്തതും. മാനസികാരോഗ്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത് പങ്കുവയ്ക്കുന്നത്. കടുത്ത വിഷാദത്തിലായിരുന്നു ഞാന്‍. ആളുകളുമായി ഇടപഴകുന്നതില്‍ നിന്നു പോലും വിഷാദം എന്നെ പിന്തിരിപ്പിച്ചു. ഉറക്കം നഷ്ടപ്പെട്ടു.

രാത്രിയില്‍ അമിതമായി ഭക്ഷണം കഴിച്ചു. ആഹാരത്തിലാണ് ഞാന്‍ ആശ്രയം കണ്ടെത്തിയത്. എല്ലാ ദിവസവും പിസ കഴിച്ചു. വളരെ പെട്ടന്ന് തന്നെ ശരീര ഭാരം 97 കിലോയിലെത്തി. ഞാന്‍ മദ്യത്തിന് അടിമയാണെന്നുവരെ ആളുകള്‍ പറയാനാരംഭിച്ചു. പിസിഒഡിയും തൈറോയ്ഡും അലട്ടിയിരുന്ന കാര്യം എനിക്കു മാത്രമേ അറിയാമായിരുന്നുള്ളൂ. 

 

ഞാന്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിക്കാന്‍ തുടങ്ങി. എന്തു ചെയ്യണം എന്നറിയില്ലായിരുന്നു. അഞ്ചു വര്‍ഷത്തോളം ആ വേദന അനുഭവിച്ചു. ഒടുവില്‍ ഞാനെന്റെ കൃഷ്ണനെ കണ്ടു. മന്ത്രങ്ങള്‍ ഉരുവിട്ട് ധ്യാനിക്കാന്‍ ആരംഭിച്ചു. ഡോക്ടറുടെ സഹായം തേടിയില്ല, തെറാപ്പിയും ചെയ്തില്ല. ധ്യാനമായിരുന്നു എന്റെ തെറാപ്പി. ഒടുവില്‍ സമാധാനവും സ്നേഹവും എന്തെന്നറിഞ്ഞു. നിങ്ങള്‍ അന്വേഷിക്കുന്നത് എന്തു തന്നെ ആകട്ടെ, അത് നിങ്ങളുടെ ഉള്ളില്‍ തന്നെയുണ്ടെന്നും നമിത പറയുന്നു.