കുടുംബം കലക്കാനുള്ള പണിയാണോ? ശരണ്യ മോഹന്റെ ഭര്‍ത്താവ് തിരക്കഥയുടെ തിരക്കിലാണ്

Updated: Tuesday, February 2, 2021, 13:04 [IST]

ഇത്രയും ഐശ്വര്യമുള്ള മുഖമുള്ള ഭാര്യയെ എവിടെ കിട്ടും? ഇതു കേട്ടപ്പോള്‍ ഡോ.അരവിന്ദ് കൃഷ്ണന്‍ ചിരിച്ചു. ശരണ്യ മോഹനും ഭര്‍ത്താവ് അരവിന്ദും ഒരു അഭിമുഖത്തിലെത്തിയത് വൈറലായി. ശരണ്യയുടെ ഭര്‍ത്താവ് അരവിന്ദ് ഒരു നിസാരക്കാരനൊന്നുമല്ല കെട്ടോ... ശരണ്യയ്ക്ക് മുന്‍പ് സിനിമാ മോഹവുമായി നടന്നയാളാണ് അരവിന്ദ്. ഒരു തെന്നിന്ത്യന്‍ ചിത്രത്തില്‍ വേഷം ലഭിച്ചതുമാണ്. എന്നാല്‍, അന്ന് അച്ഛനും അമ്മയും സമ്മതിക്കാത്തതുകൊണ്ടാണ് ഒരു വലിയ നടനെ നഷ്ടപ്പെട്ടതെന്നാണ് പറയുന്നത്.

ശരണ്യയ്‌ക്കൊപ്പം ടിക് ടോക് വീഡിയോയിലും മറ്റും അരവിന്ദ് പ്രത്യക്ഷപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ അത്യാവശ്യം അഭിനയിക്കാന്‍ അരവിന്ദിന് അറിയാമെന്ന് മലയാളികള്‍ കണ്ടതുമാണ്. അഭിനയ മോഹമൊക്കെ മാറ്റി നിര്‍ത്തിയാല്‍ കഥ എഴുതലാണ് മറ്റൊരു ഇഷ്ടം. സോഷ്യല്‍ മീഡിയ പേജുകളില്‍ പണ്ടുമുതലേ തത്വചിന്തകള്‍ എഴുതി കൂട്ടുന്ന ആളാണ് അരവിന്ദ്. 

 

ഇന്‍സ്റ്റഗ്രാമില്‍ സ്വാമി ബ്രോ എന്നാണ് പേര് വെച്ചിരിക്കുന്നത്. ഇപ്പോള്‍ അരവിന്ദ് ഒരു കഥയുടെ പണിപ്പുരയിലാണ്. ഒരു നല്ല തിരക്കഥ റെഡിയാക്കണമെന്നാണ് ആഗ്രഹമെന്ന് അരവിന്ദ് പറയുന്നു. തിരക്കഥ പൂര്‍ത്തിയായി സിനിമയാക്കുകയാണെങ്കില്‍ ഭാര്യയെ അഭിനയിപ്പിക്കുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അവള്‍ക്ക് ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടെന്നാണ് അരവിന്ദ് പറഞ്ഞത്.

 

അവള്‍ ഒരു വ്യക്തിയാണ്. അവളുടേതായ ഇഷ്ടങ്ങള്‍ ഞാന്‍ എപ്പോഴും അംഗീകരിക്കാറുണ്ട്. സിനിമാ അഭിനയം ഒരിക്കല്‍ പോലും നിര്‍ത്താന്‍ ഞാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അരവിന്ദ് പറയുന്നു. മക്കള്‍ വന്നപ്പോള്‍ അവരെ വളര്‍ത്താനുള്ള തിരക്കായിരുന്നുവെന്ന് ശരണ്യ പറയുന്നു. അതിനിടയില്‍ ഷൂട്ടിങിന് പോകാന്‍ സാധിക്കില്ലായിരുന്നു. മക്കള്‍ക്ക് അമ്മയെ ആവശ്യമുള്ള സമയമാണിത്. ആ സമയം അവര്‍ക്കൊപ്പം ചെലവഴിക്കാനാണ് താല്‍പര്യപ്പെട്ടതെന്ന് ശരണ്യയും പറയുന്നു. 

 

ഇനി ആ തിരക്കൊക്കെ ഒരു പരിധിവരെ കഴിഞ്ഞു. ഇനി നല്ല വേഷങ്ങള്‍ ലഭിക്കുകയാണെങ്കില്‍ സിനിമയില്‍ വരുമെന്നാണ് ശരണ്യ പറയുന്നത്. കുറേയേറെ നല്ല സിനിമകള്‍ ചെയ്തു. ആ പേര് എന്നും അവിടെ ഉണ്ടാകട്ടെ, അത് കളയാന്‍ വേണ്ടി ഏതെങ്കിലും ഒരു ചിത്രത്തിലൂടെ തിരിച്ചുവരാന്‍ ആഗ്രഹമില്ലെന്നും താരം പറയുന്നു. 

 

തികഞ്ഞ ദൈവ ഭക്ത കൂടിയാണ് ശരണ്യ. എവിടെ യാത്ര പോയാലും അത് തീര്‍ത്ഥാടനമായി പോകുമെന്നാണ് ഇരുവരും പറഞ്ഞത്. പോകുന്ന വഴിയുള്ള അമ്പലങ്ങളില്‍ കയറും. ദൈവം തന്റെ വീട്ടിലെ ഒരു അംഗത്തെ പോലെയാണൈന്ന് ശരണ്യ പറയുന്നു. ശരണ്യ അഭിനയത്തില്‍ മാത്രമല്ല നൃത്തം, പാട്ട് ഇപ്പോള്‍ നല്ലൊരു കുടുംബിനിയും. എല്ലാം കൊണ്ടും ഐശ്വര്യമുള്ള സ്ത്രീ. മലയാളികള്‍ക്ക് എന്നും പ്രിയമാണ് ശരണ്യ എന്ന നടിയെ.