നടി ശ്രിത ശിവദാസിന്റെ വാലന്റൈന്‍ ഫോട്ടോ വൈറലാകുന്നു

Updated: Tuesday, February 16, 2021, 16:35 [IST]

ഓര്‍ഡിനറിയിലെ കുഞ്ചാക്കോ ബോബന്റെ നായികയെ ഓര്‍മ്മയില്ലേ? അവതാരകയായി എത്തി മലയാള ചലച്ചിത്ര ലോകത്തേക്ക് ചുവടുവെച്ച താരമാണ് ശ്രിത ശിവദാസ്. താരമിപ്പോള്‍ എവിടെയാണ്?  ശ്രിതയുടെ ഏറ്റവും പുതിയ ഫോട്ടോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ഓര്‍ഡിനറി എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷം തന്നെയാണ് ശ്രിതയെ നായിക നിരയിലേക്ക് എത്തിച്ചിരുന്നത്. എന്നാല്‍, പിന്നീടങ്ങോട്ട് ശ്രിതയ്ക്ക് തിളങ്ങാനായില്ല. 2014ല്‍ വിവാഹിതയായ ശ്രിത സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാല്‍ പിന്നീട് കേട്ടത് ശ്രിത വിവാഹ മോചിതയായെന്നാണ്. തുടര്‍ന്ന് മലയാളത്തിലേക്ക് തിരിച്ചുവരവും നടത്തി ശ്രിത. 

 

മണിയറയിലെ അശോകനില്‍ ചെറിയ വേഷത്തില്‍ ശ്രിത എത്തിയത് മലയാളികള്‍ കണ്ടതാണ്. നല്ല അവസരങ്ങള്‍ വന്നാല്‍ മലയാളത്തില്‍ സജീവമാകുമെന്നാണ് ശ്രിത പറഞ്ഞിരുന്നത്. രമ്യ നമ്പീശന്‍ സംവിധാനം ചെയ്ത അണ്‍ ഹൈഡ് എന്ന ഷോര്‍ട്ട് ഫിലിമും ശ്രദ്ധേയമായിരുന്നു. വെറും മൂന്ന് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം സ്ത്രീശരീരത്തിനു നേര്‍ക്കുള്ള അരുതാത്ത ആണ്‍നോട്ടങ്ങളെ ചോദ്യം ചെയ്യുന്നതായിരുന്നു. ഈ ഷോര്‍ട്ട് ഫിലിം ചര്‍ച്ചയായതുമാണ്.  

 

വളരെ ശക്തമായ സന്ദേശം നാടകീയതയില്ലാതെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ് രമ്യ നമ്പീശന്‍ നടത്തിയിരുന്നത്. ശ്രിതയുടെ അഭിനയം തന്നെയായിരുന്നു ശ്രദ്ധേയം.

 

വിവാഹം കഴിഞ്ഞുള്ള ശ്രിതയുടെ ദാമ്പത്യം ഒരു വര്‍ഷം മാത്രമേ നീണ്ടുനിന്നുള്ളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോള്‍ ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ആ സമയത്ത് വ്യക്തിപരമായ കാരണങ്ങളാല്‍ അധികം സിനിമ ചെയ്തിരുന്നില്ലെന്നാണ് ശ്രിത ഇതിനോട് പ്രതികരിച്ചത്. തമിഴില്‍ സന്താനത്തിനൊപ്പം ഒരു ഹൊറര്‍ കോമഡി ചിത്രത്തിലും ശ്രിത അഭിനയിച്ചു. 

 

വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് സിനിമയെ ഞാന്‍ കുറച്ചുകൂടി ഗൗരവത്തോടെ നോക്കി കാണുന്നതെന്നാണ് ശ്രിത പറയുന്നത്. അതിനിടെയാണ് കൊറോണ വന്നത്. അഭിനയത്തിനുപുറമെ സംവിധാന രംഗത്തടക്കം ഒരുപാട് സ്ത്രീകള്‍ മുന്നോട്ട് വന്നത് നല്ലൊരു കാര്യമായി തോന്നുന്നു. ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. വിവാഹത്തിന് ശേഷം സ്ത്രീകള്‍ സിനിമയില്‍ നിന്നും അപ്രത്യക്ഷരാകുന്ന പ്രവണത കുറഞ്ഞിട്ടുമുണ്ട്. വിവാഹമാണെങ്കിലും വിവാഹമോചനമാണെങ്കിലും തികച്ചും വ്യക്തിപരമാണെന്നും സിനിമയുമായി അതിനെ കൂട്ടിക്കുഴക്കേണ്ട ആവശ്യമില്ലെന്നും ഒരു പരിധിവരെ പലരും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. അതെല്ലാം പോസിറ്റീവായ കാര്യങ്ങളാണെന്നും ശ്രിത പറയുന്നു.