രണ്ടാമത്തെ കണ്മണിയുടെ പിറന്നാള്‍ ആഘോഷിച്ച് നടി സ്നേഹയും പ്രസന്നയും
Updated: Monday, January 25, 2021, 19:10 [IST]

ഹാപ്പി ഫാമിലി എന്നു പറയുമ്പോള്‍ ഇതാണ്.. നടി സ്നേഹയുടെയും നടന് പ്രസന്നയുടെ കളര്‍ഫുള്‍ ജീവിതം കണ്ട് ആരാധകരുടെ മനസ്സ് നിറയുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. മകള്‍ ആദ്യന്തയുടെ ഒന്നാം പിറന്നാളിന്റെ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. മകന് വിഹാനും ഭര്‍ത്താവ് പ്രസന്നയ്ക്കുമൊപ്പമുള്ള ഫോട്ടോകള്‍ സ്നേഹ തന്നെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് ഇരുവര്‍ക്കും ഒരു ദേവത പിറന്നത്. അവള് ആദ്യന്ത എന്ന് പേരിട്ടു. നടി പ്രീത ഹരിയും മറ്റ് സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. മഞ്ഞ ഫ്രോക്കണിഞ്ഞ് എത്തിയ സ്നേഹയായിരുന്നു ചടങ്ങില്‍ തിളങ്ങിയത്. രണ്ട് മക്കളുടെ അമ്മയായിട്ടും നടിയുടെ സൗന്ദര്യത്തിന് ഒരു കുറവും വന്നിട്ടില്ലെന്ന് ആരാധകര്‍ പറയുന്നു.

അടുത്തിടെയായിരുന്നു സ്നേഹയുടെ പിറന്നാള്‍ ആഘോഷം നടന്നത്. വലിയ സര്‍പ്രൈസ് ആണ് പ്രസന്ന ഭാര്യയ്ക്ക് ഒരുക്കിയിരുന്നത്. നീ എന്നെ എപ്പോഴും വളരെ സ്പെഷ്യല്‍ ആക്കുന്നു. ഇതെന്റെ ഏറ്റവും മികച്ച ജന്മദിനങ്ങളില് ഒന്നാണ്, എന്തൊരു സര്‍പ്രൈസ്! അലങ്കാരങ്ങള്‍, കേക്ക്, ഈ സ്ഥലം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് നീ. എല്ലാറ്റിനും ദൈവത്തോട് നന്ദി പറയുന്നു. എന്റെ പ്രിയപ്പെട്ട ആരാധകരുടെ സ്നേഹത്തിനും ആശംസകള്‍ക്കും പിന്തുണക്കും നന്ദി,' ജന്മദിനാഘോഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സ്നേഹ കുറിച്ച വാക്കുകളാണിത്.

ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2012 ലാണ് സ്നേഹയും പ്രസന്നയും വിവാഹിതരാവുന്നത്. 2020 ജനുവരി 24 നാണ് പ്രസന്നയ്ക്കും സ്നേഹയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്.

വിവാഹശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്ന സ്നേഹ പിന്നീട് അഭിനയത്തിലേക്കും തിരിച്ചുവന്നിരുന്നു. മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലെല്ലാം ശ്രദ്ധ നേടിയ താരമാണ് സ്നേഹ. മമ്മൂട്ടിക്ക് ഒപ്പം 'ഗ്രേറ്റ് ഫാദര്‍' എന്ന ചിത്രത്തിലും സ്നേഹ അഭിനയിച്ചു. പൃഥ്വിരാജിനെ നായകനാക്കി കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്ത 'ബ്രദേഴ്സ് ഡേ'യിലൂടെ പ്രസന്നയും മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.