കുടുംബ പ്രേക്ഷകരുടെ മാനസപുത്രി എവിടെയാണ്? അഭിനയ രംഗത്തുനിന്ന് മാറിനില്‍ക്കുന്നതിനെക്കുറിച്ച് ശ്രീകല പറയുന്നു

Updated: Thursday, February 18, 2021, 16:25 [IST]

കുടുംബ പ്രേക്ഷകരുടെ മാനസപുത്രി എവിടെയാണ്? മാനസപുത്രിയിലെ സോഫിയെ വീട്ടമ്മമാര്‍ക്ക് മറക്കാനാകില്ലയ സീരിയല്‍ രംഗത്ത് സജീവായിരുന്ന ശ്രീകല പരമ്പരകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. സിനിമയിലും ശ്രീകല വേഷമിട്ടിട്ടുണ്ട്. വിവാഹശേഷമാണ് അഭിനയ രംഗത്തുനിന്ന് ശ്രീകല മാറിനിന്നത്.

വിദേശത്തേക്ക് താമസം മാറിയ ശ്രീകല ഇപ്പോള്‍ കുടുംബിനിയായി ജീവിക്കുകയാണ്. ഭര്‍ത്താവിന് ലണ്ടനിലാണ് ജോലി. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെയാണ് ശ്രീകല അഭിനയ രംഗത്തെത്തുന്നത്. അമ്മമനസ്, സ്‌നേഹതീരം, ഉള്ളടക്കം, ദേവീ മാഹാത്മ്യം തുടങ്ങി സീരിയലുകളിലാണ് താരം തിളങ്ങിയത്. 

 

അഭിനയ രംഗത്തുനിന്ന് മാറി നിന്നത് ആരാധകരെ സങ്കടത്തിലാക്കിയിരുന്നു. അഭിനയരംഗത്തേക്ക് തിരിച്ചു വരില്ലേ എന്ന ആരാധകരുടെ ചോദ്യത്തോട് പ്രതികരിക്കുകയാണ് ശ്രീകല. വിദേശത്തു വന്നപ്പോള്‍ കുറേ ഓഫറുകള്‍ വന്നിരുന്നുവെന്ന് ശ്രീകല പറയുന്നു. എല്ലാം പ്രധാന വേഷങ്ങളായിരുന്നു. ഒന്നും ഏറ്റെടുക്കാന്‍ സാധിച്ചില്ലെന്നാണ് ശ്രീകല പറയുന്നത്.  

 

നല്ല വേഷങ്ങള്‍ ഉപേക്ഷിക്കുമ്പോള്‍ വിഷമം തോന്നുമെങ്കിലും ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബ ജീവിതത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് ശ്രീകല പറയുന്നു. അത് നന്നായി ഞാന്‍ ആശ്വസിക്കുന്നു. ഞാനും മകനും കുറേക്കാലം നാട്ടിലുണ്ടായിരുന്നു. അതിനിടെയാണ് അമ്മ മരിച്ചത്. പിന്നീട് കുറേക്കാലം നാട്ടില്‍ നിന്നുവെന്നും ശ്രീകല പറയുന്നു. 

 

വിവാഹശേഷവും ഏറ്റെടുത്ത വേഷം ശ്രീകല പൂര്‍ത്തിയാക്കിയിരുന്നു. അതിനുശേഷമാണ് ഇടവേള എടുത്തത്. സീരിയല്‍ തനിക്ക് മിസ് ചെയ്യുന്നുവെന്നും പറയുന്നു. എപ്പഴാ തിരിച്ചുവരുന്നേ.. കണ്ടിട്ട് കുറേ കാലമയല്ലോ എന്നൊക്കെ ചോദിച്ച് ഇപ്പോഴും മെസേജുകള്‍ വരാറുണ്ട്. 

 

അഭിനേതാവ് എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു ശ്രീകല. 2012ലായിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത വീണ്ടും ജ്വാലയായ് പരമ്പരയിലും നടി വേഷമിട്ടു. 2004ല്‍ എന്നിട്ടും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലും നടി എത്തിയത്. കണ്ണൂര്‍ സ്വദേശിനിയാണ് താരം. രാത്രിമഴ, കാര്യസ്ഥന്‍, ഉറുമി, നാടോടി മന്നന്‍, തിങ്കള്‍ മുതല്‍ വെളളി വരെ എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങള്‍ ശ്രീകല ചെയ്തിട്ടുണ്ട്.