ചേട്ടച്ചാന്റെ സ്വന്തം മീനാക്ഷി, മലയാളികളുടെ മനസ്സ് നിറഞ്ഞു

Updated: Tuesday, February 9, 2021, 11:35 [IST]

27 വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ചേട്ടച്ചാനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മീനാക്ഷി. പവിത്രം എന്ന ചിത്രത്തിലെ ചേട്ടച്ചാനെയും മീനാക്ഷിയെയും മലയാളികള്‍ മറക്കില്ല. മലയാളികളെ കരയിപ്പിച്ച രണ്ട് കഥാപാത്രങ്ങളാണ് അത്. എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പവിത്രം. 1994 ല്‍ റിലീസിനെത്തിയ ചിത്രം മലയാളികളുടെ മനസ്സില്‍ ഇന്നും വിങ്ങലായി നില്‍ക്കുന്നു.

ടികെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും വിന്ദുജ മേനോനും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തില്‍ ശോഭന, തിലകന്‍, ശ്രീവിദ്യ, ശ്രീനിവാസന്‍, കെപിഎസി ലളിത, നെടുമുടി വേണു തുടങ്ങി പ്രമുഖര്‍ ഒത്തുചേര്‍ന്ന ചിത്രമായിരുന്നു. കഴിഞ്ഞ ദിവസം അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് ആ അസുലഭ നിമിഷം മലയാളികള്‍ക്ക് ലഭിച്ചത്.

 

മോഹന്‍ലാലും വിന്ദുജയും പങ്കെടുത്ത ചടങ്ങില്‍ ഇരുവരുടെയും ഒന്നിച്ചുള്ള ഫോട്ടോ പകര്‍ത്തിയിരിക്കുകയാണ്. തന്റെ അനിയത്തി കുട്ടിക്കുവേണ്ടി ജീവിതം ഹോമിച്ച ചേട്ടച്ചാന്റെ കഥയായിരുന്നു പവിത്രം. മീനാക്ഷി തന്റെ ചേട്ടച്ചാനെ കണ്ടുമുട്ടിയപ്പോള്‍ എന്നുപറഞ്ഞാണ് ഫോട്ടോ പ്രചരിക്കുന്നത്. പി. ബാലചന്ദ്രനും ടി.കെ. രാജീവ് കുമാറും ചേര്‍ന്ന് കഥയെഴുതിയ പവിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഇതിലെ ഗാനങ്ങളുടെ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ശരത് ആണ്. ഹരഹരപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തിയ ശ്രീരാഗമോ എന്ന ഗാനം ഹിറ്റ് ഗാനങ്ങളിലൊന്നാണ്. 

 

വര്‍ഷങ്ങള്‍ക്കുശേഷം വിന്ദുജയെ കണ്ട സന്തോഷവും ആരാധകര്‍ പങ്കുവെച്ചു. ഒന്നാനാം കുന്നില്‍ ഓരടിക്കുന്നില്‍ എന്ന സിനിമയില്‍ ബാലതാരമായി എത്തിയ വിന്ദുജ പിന്നീട് നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലെത്തുകയായിരുന്നു. നൊമ്പരത്തിപൂവ്, ഞാന്‍ ഗന്ധര്‍വ്വന്‍, ഭീഷ്മാചാര്യ, പിന്‍ഗാമി, പുതുകോട്ടയിലെ പുതുമണവാളന്‍, ആയിരം നാവുള്ള അനന്തന്‍, മൂന്നു കോടിയും മുന്നൂറു പവനും, സൂപ്പര്‍മാന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിന്ദുജ വേഷമിട്ടിട്ടുണ്ട്.

കേരള നാട്യ അക്കാദമിയുടെ സ്ഥാപകയായ കലാമണ്ഡലം വിമലാ മേനോന്റെ മകളായ വിന്ദുജയും അമ്മയുടെ വഴിയെ നൃത്തത്തിലും നൈപുണ്യം നേടിയ കലാകാരിയാണ്. വിവാഹശേഷം ഭര്‍ത്താവ് രാജേഷ് കുമാറിനും മകള്‍ നേഹയ്ക്കുമൊപ്പം മലേഷ്യയിലാണ് വിന്ദുജ. കേരള നാട്യ അക്കാദമിയില്‍ ഡാന്‍സ് അധ്യാപികയായും വിന്ദുജ പ്രവര്‍ത്തിക്കുന്നുണ്ട്. വിവാഹശേഷം ഏതാനും സീരിയലുകളിലും റിയാലിറ്റി ഷോകളിലും അതിഥിയായി വിന്ദുജ എത്തിയിരുന്നു. എന്നാല്‍ സിനിമകളില്‍ വിന്ദുജയെ കണ്ടിട്ടില്ല.