തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണ്, അഹാന കൃഷ്ണ പറയുന്നു

Updated: Thursday, February 11, 2021, 12:41 [IST]

ബിഗ് ബോസ് ത്രീ ആരംഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. അതിനുമുന്‍പ് മറ്റൊരു സാധ്യത പട്ടികയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ആരൊക്കെ ബിഗ് ബോസില്‍ ഉണ്ടാകുമെന്നുള്ള ചോദ്യം വീണ്ടും ബാക്കി. സാധ്യതാ പട്ടികയില്‍ ഇത്തവണ നടി അഹാന കൃഷ്ണയുടെ പേരും വന്നു. ഭാഗ്യലക്ഷ്മി, ബോബി ചെമ്മണ്ണൂര്‍, അഹാന കൃഷ്ണ തുടങ്ങിയവരാണ് ഇത്തവണത്തെ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്.

എന്നാല്‍, സത്യാവസ്ഥ വെളിപ്പെടുത്തി അഹാന കൃഷ്ണയെത്തി. ചെന്നൈയില്‍ ആണ് ബിഗ് ബോസ് വീട് ഇക്കുറിയും ഒരുങ്ങുക. എന്നാല്‍ തന്റെ പേര് ഇതിലേക്ക് ഉള്‍പ്പെടുത്തുന്നത് വ്യാജമെന്ന് അഹാന പ്രതികരിച്ചു. ഇന്‍സ്റ്റഗ്രാമിലാണ് അഹാന ഇതേക്കുറിച്ച് പറഞ്ഞത്. പല പ്രമുഖരും ഇപ്പോള്‍ തന്നോട് ബിഗ് ബോസില്‍ മത്സരിക്കുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അഹാന വിശദീകരണവുമായി എത്തിയത്. തന്റെ വീട് തന്നെ ഒരു മിനി ബിഗ് ബോസ് ആണെന്ന് അഹാന പറയുന്നു. ആ ഷോ തന്നെ താന്‍ കാണാറുമില്ലെന്നും അഹാന വ്യക്തമാക്കി.

 

നേരത്തെ അഹാനയുടെ സഹോദരിമാരായ ദിയയും ഇഷാനിയും ബിഗ് ബോസിലുണ്ടെന്ന വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തങ്ങള്‍ ഉണ്ടാവില്ല എന്ന് ദിയ മറുപടി നല്‍കിയിരുന്നു. ബോബി ചെമ്മണ്ണൂരും അഹാനയും ഉള്‍പ്പെടെ പത്തു പേരുടെ പട്ടികയാണ് സാധ്യാത ലിസ്റ്റ് എന്ന പേരില്‍ പ്രചരിച്ചത്. ഭാഗ്യലക്ഷ്മി, നോബി മാര്‍ക്കോസ്, ധന്യ രാജേഷ്, ആര്യ ദയാല്‍, സുബി സുരേഷ്, റംസാന്‍ മുഹമ്മദ്, കിടിലം ഫിറോസ്, ദീപ്തി കല്യാണി എന്നിവരായിരുന്നു പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍.

 

അതേസമയം, തമിഴ് ബിഗ് ബോസിന്റെ അവതാരകന്‍ കമല്‍ഹാസനാണ്. കഴിഞ്ഞ മാസം 17ന് ബിഗ് ബോസ് സീസണ്‍ 4 തമിഴില്‍ അവസാനിച്ചിരുന്നു. ചെന്നൈയിലായിരുന്നു ഇതിനായി ഒരുക്കിയ വീട്. ഇപ്പോള്‍ ഇവിടെ ഷോ നടക്കുന്നില്ല. തുടര്‍ന്നാണ് മലയാളം സീസണ്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. സെറ്റുകള്‍ റെഡിയായി കഴിഞ്ഞു. മല്‍സരാര്‍ഥികളുടെ തിരഞ്ഞെടുപ്പും അന്തിമ ഘട്ടത്തിലാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. 

 

അന്തിമ പട്ടികയില്‍ ഇടം പിടിക്കുന്ന മത്സരാര്‍ഥികള്‍ പരിപാടി തുടങ്ങുന്നതിന് മുമ്പ് ക്വാറന്റൈനില്‍ കഴിയേണ്ടി വരും. അതുകൊണ്ടുതന്നെ ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞതിനുശേഷമായിരിക്കും മത്സരാര്‍ത്ഥികള്‍ ആരെന്നുള്ള ലിസ്റ്റ് പുറത്തുവിടുകയുള്ളൂ. ബിഗ് ബോസ് സീസണ്‍ 3 ആരംഭിക്കുന്ന വിവരം മോഹന്‍ലാല്‍ ജനുവരിയിലാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് തിയ്യതി അറിയിച്ചത്. ഇനി ആരൊക്കെയാണ് മത്സരാര്‍ഥികള്‍ എന്നാണ് അറിയേണ്ടത്.