വിജയ് അമലയോട് ചെയ്തതെന്ത്? അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചോ? എന്റെ മാനസികാരോഗ്യം മുഖവിലയ്ക്കെടുത്തില്ല, വിവാഹബന്ധം വേര്‍പ്പെടുത്തിയതിനെക്കുറിച്ച് അമല പോള്‍
Updated: Saturday, February 27, 2021, 11:54 [IST]

മലയാളത്തിലും തമിഴിലും ഒരുപോലെ വൃക്തിമുദ്ര പതിപ്പിച്ച താരമാണ് അമല പോള്‍. ആടൈ പോലുള്ള ചിത്രങ്ങളില്‍ ഒരു മടിയുമില്ലാതെ അഭിനയിച്ച താരം. ഇപ്പോള്‍ തെലുങ്ക് ആന്തോളജി ചിത്രം പിറ്റ കതലു ആണ് അമലയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം. വ്യത്യസ്ത കഥാപാത്രമായിട്ടാണ് അമല എത്തുന്നത്. കുറച്ച് കഥകള്‍ കൂടി ചേരുന്ന ചിത്രമാണിത്.

നന്ദിനി റെഡ്ഡിയാണ് ആന്തോളജിയില്‍ അമല അഭിനയിക്കുന്ന മീര എന്ന സെഗ്മെന്റ് സംവിധാനം ചെയ്തിരിക്കുന്നത്.പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തിനിടെ വിവാഹമോചന സമയത്ത് താന്‍ കടന്നുപോയ പ്രശ്നങ്ങളെ കുറിച്ച് അമല തുറന്നുപറഞ്ഞിരിക്കുകയാണ്.

2016ല്‍ ആയിരുന്നു സംവിധായകന് എ എല്‍ വിജയ്യും അമലയും വിവാഹമോചനം നേടിയത്. യഥാര്‍ത്ഥ ലോകത്തിന്റെ പ്രതിഫലനമാണ് മീര എന്ന ചിത്രം. വിവാഹജീവിതത്തില്‍ പ്രശ്നങ്ങളിലൂടെ കടന്നു പോവുന്ന സ്ത്രീകള്‍ക്കുള്ള പിന്തുണാ സംവിധാനം ഏറെക്കുറെ നിലവിലില്ല എന്നു തന്നെ പറയാം. ഞാന്‍ വേര്‍പിരിയലിലൂടെ കടന്നുപോയപ്പോള്‍, എന്നെ പിന്തുണയ്ക്കാന്‍ ആരും വന്നതായി എനിക്ക് ഓര്‍മ്മയില്ല. എല്ലാവരും എന്നില്‍ ഭയം വളര്‍ത്താന്‍ ശ്രമിച്ചുവെന്നും അമല പറയുന്നു.

ഞാന്‍ ഒരു പെണ്‍കുട്ടി മാത്രമാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തി. ഞാനൊരു വിജയിച്ച അഭിനേതാവായിട്ടു കൂടി ഒരു പുരുഷന് എനിക്കൊപ്പം ഇല്ലെങ്കില്‍ ഞാന്‍ ഭയപ്പെടണമെന്ന് എന്നോട് അവര്‍ പറഞ്ഞു. എന്റെ കരിയര്‍ താളം തെറ്റുമെന്നും സമൂഹം എന്നെ പുച്ഛിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്കി. ആരും എന്റെ സന്തോഷമോ മാനസിക ആരോഗ്യമോ മുഖവിലയ്ക്ക് എടുത്തില്ല, അതിനെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചതുമില്ലെന്ന് അമല പറയുന്നു.

ആ ഉപദേശങ്ങളും താക്കീതും കേട്ട് എല്ലാവരെയും പോലെ ജീവിതത്തില്‍ അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോവാന്‍ താന്‍ തയ്യാറായിരുന്നില്ല എന്നും അമല പറയുന്നു. എങ്ങനെയാവണമെന്ന് ഞാന്‍ തീരുമാനിക്കുന്നതാണ് എന്റെ ജീവിതം. മോശമായ ഒരു ബന്ധത്തിനോട് സമരസപ്പെട്ടുപോവാന്‍ മറ്റൊരു സ്ത്രീയ്ക്ക് മുന്നില്‍ ഉദാഹരണമായി എന്റെ പേര് വരരുതെന്ന് ഞാനാഗ്രഹിച്ചു. എല്ലാം ഒടുവില്‍ ശരിയാകുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒന്നും ശരിയാകുന്നില്ല എന്നതാണ് സത്യം. എല്ലാവരും ഒരു ഷോ അവതരിപ്പിക്കുകയാണ്, വ്യാജമാണത്. അതുപോലെയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും അമല വ്യക്തമാക്കുന്നു.




