റോഷന്റെ ദേവിക വീണ്ടും എത്തുന്നു, മെയ്ഡ് ഇന്‍ ക്യാരവാന്‍ ആദ്യ പോസ്റ്ററെത്തി
Updated: Wednesday, March 3, 2021, 13:25 [IST]

ആനന്ദം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ ഒട്ടേറെ പുതുമുഖ താരങ്ങളെ മലയാളത്തിന് ലഭിച്ചിരുന്നു. അതില്‍ റോഷന് മാത്യുവായിരുന്നു കത്തി കയറിയത്. റോഷന്റെ ജോഡിയായി എത്തിയ അന്നു ആന്റണി വീണ്ടും അഭിനയത്തിലേക്ക് എത്തുകയാണ്. ഏറ്റവും പുതിയ ചിത്രത്തിന്റെ പോസ്റ്ററെത്തി.

അന്നു ആന്റണി നായികയാവുന്ന 'മെയ്ഡ് ഇന്‍ ക്യാരവാന്‍' സിനിമയുടെ ചിത്രീകരണം മാര്‍ച്ച് 20ന് ദുബായില്‍ ആരംഭിക്കുന്നു. സിനിമാ കഫെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷ നിര്‍മ്മിക്കുന്ന ചിത്രം ജോമി കുര്യാക്കോസ് ആണ് സംവിധാനം ചെയ്യുന്നത്.

ഗള്‍ഫ് ആണ് പ്രധാന ലൊക്കേഷന്‍. അവിടെ നടക്കുന്ന കഥയാണ് പറഞ്ഞു പോകുക. പ്രൊഡക്ഷന്‍ കണ്ട്രോളര് എന്‍.എം ബാദുഷയാണ് മെയ്ഡ് ഇന്‍ ക്യാരവാന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'മ്യാവൂ' എന്ന സിനിമക്ക് ശേഷം ബാദുഷയുടെ നേതൃത്വത്തില്‍ ദുബായില്‍ എത്തുന്ന ഷൂട്ടിംഗ് സംഘമാണ് മെയ്ഡ് ഇന്‍ ക്യാരവാന്‍. ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

2016ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന സിനിമയിലെ നായികമാരില്‍ ഒരാളാണ് അന്നു ആന്റണി. ദേവിക എന്ന കഥാപാത്രമായാണ് അന്നു ചിത്രത്തില്‍ വേഷമിട്ടത്.

