എന്ത് തേങ്ങയാണ് ഈ വര്‍ഷം കൊണ്ടുവരുന്നതെന്നറിയില്ല, താരങ്ങളുടെ 2021 പ്രതീക്ഷകള്‍ ഇങ്ങനെയൊക്കെ

Updated: Tuesday, January 26, 2021, 15:43 [IST]

കൊറോണയും ലോക്ഡൗണും വീര്‍പ്പുമുട്ടിച്ച വര്‍ഷം കടന്നുപോയപ്പോള്‍ 2021 എന്താണ് കൊണ്ടുവരുന്നതെന്ന ആതിയും പലര്‍ക്കും ഇല്ലാതില്ല. പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനോടൊപ്പം മലയാളികളുടെ പ്രിയ താരങ്ങള്‍ പങ്കുവെച്ച കുറിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവതാരക അശ്വതി ശ്രീകാന്ത്, നടി ആശാ ശരത്ത്, നടി സരയു. ആക്ടിവിസ്റ്റ് ദിയ സന എന്നിവരുടെ പുതുവര്‍ഷ വിശേഷങ്ങളാണ് പറയാന്‍ പോകുന്നത്.

നരകത്തിന്റെ മുന്നില്‍ പരസ്യം വയ്ക്കുന്ന പോലത്തെ ഐറ്റവുമായിട്ടാണ് 2020 തുടങ്ങിയത്. പിന്നങ്ങോട്ട് ഒരു സന്തോഷത്തിന് ഒരു സങ്കടമെന്ന ലോക പ്രശസ്ത റേഷ്യോ തെറ്റിച്ച് ഒരു സന്തോഷത്തിന് പന്ത്രണ്ട് സങ്കടങ്ങള്‍ എന്ന കണക്കിനാണ് ദിവസങ്ങള്‍ വന്നു പോയത്. ജീവിച്ചിരിക്കുക എന്നതു തന്നെ എത്ര ഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞ വര്‍ഷമാണെന്ന് അവതാരക അശ്വതി ശ്രീകാന്ത് പങ്കുവെച്ചു.

ഒത്തിരി പേരുടെ സങ്കടം കേട്ട വര്‍ഷമാണ്. ദൂരെയായിട്ടും ഒരുപാട് പേരോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ വര്‍ഷമാണ്. സൈക്കോളജിസ്റ്റിന്റെ മുറി മുതല്‍ ക്യാന്‍സര്‍ വാര്‍ഡു വരെ ഏറ്റവും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി കയറിയിറങ്ങിയ വര്‍ഷമാണ്. ടോക്സിക്ക് റിലേഷന്‍സില്‍ നിന്ന് മാറി നില്‍ക്കാന്‍ സ്വയം പഠിപ്പിച്ച വര്‍ഷമാണ്. സന്തോഷം ഒരു ആഡംബരമായ വര്‍ഷമാണ്. അതിജീവനത്തിന്റെ വര്‍ഷമാണ്. മറക്കാന്‍ കഴിയാത്ത വര്‍ഷമാണ്. 2021 എന്ത് തേങ്ങയും കൊണ്ടാണ് വരുന്നതെന്ന് അറിയില്ല. കൊല്ലാം, പക്ഷേ തോല്‍പ്പിക്കാന്‍ പറ്റില്ല എന്നതാണ് ഇപ്പോള്‍ ആപ്ത വാക്യം. അതുകൊണ്ട് നുമ്മ പൊളിക്കും. ചിരിക്കും. സെല്‍ഫിയും എടുക്കും മൂഡ് സ്വിങ്ങില്‍ കൈ വിട്ട് ആടി കളിച്ചപ്പോള്‍ വീഴാതെ പിടിച്ച കൂട്ടുകാര്‍ക്ക് നന്ദി എന്നായിരുന്നു പ്രേക്ഷകരുടെ സ്വന്തം അശ്വതി ശ്രീകാന്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

 

 

ഇതിനിടെ അശ്വതിയുടെ കവിതയും വൈറലാകുകയാണ്. പ്രസിദ്ധീകരിക്കപ്പെട്ട വരത്തു പോക്ക് എന്ന കവിതയാണ് അശ്വതി ഷെയര്‍ ചെയ്തത്. ഇതിനെതിരെ വിമര്‍ശനങ്ങളും ഓടിയെത്തി. പരസ്പരം ബന്ധം ഇല്ലാത്ത കുറേ വാക്കുകള്‍ ചേര്‍ത്ത് കവിത എന്ന് പറഞ്ഞ് മനുഷ്യനെ കൊല്ലാതെ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഒന്നും മനസ്സിലായില്ലെന്നും മറ്റൊരാള്‍ കമന്റ് ചെയ്യുന്നു. എന്നാല്‍ വിമര്‍ശകരെ അങ്ങനെ മടക്കി അയക്കാന്‍ അശ്വതി തയ്യാറല്ലായിരുന്നു. താങ്കള്‍ക്ക് മനസ്സിലായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം അത് ആര്‍ക്കും മനസ്സിലാവില്ല എന്നല്ല. മനസ്സിലായവരാകണമല്ലോ പ്രസിദ്ധീകരിച്ചതും എന്നാണ് അശ്വതി മറുപടി നല്‍കിയത്.

 

ആക്ടിവിസ്റ്റ് ദിയ സനയുടെ 2021നെക്കുറിച്ചുള്ള കാഴ്ചപാട് എടുത്തു നോക്കുകയാണെങ്കില്‍.. സ്നേഹിക്കുന്നവരോട് സ്നേഹം മാത്രം നല്‍കി വെറുക്കുന്നവരോട് നിങ്ങളുടെ വെറുപ്പ് എന്നെ വളര്‍ത്തികൊണ്ടിരിക്കുന്നു എന്നത് കൊണ്ടും 2021 മുതല്‍ നിങ്ങളുടെ കൂടെ ഇതേ ആളായി സ്നേഹത്തോടെ മുന്നോട്ടു പോകും കൂടെയുള്ളവര്‍ക്കും ഇനി കൂട്ടുകൂടുന്നവര്‍ക്കും നന്ദി എന്നാണ് ദിയ പുതുവര്‍ഷത്തെ വരവേറ്റുകൊണ്ട് പറഞ്ഞത്.  2020 എന്റെ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ കൊണ്ടു വന്ന വര്‍ഷമെന്ന് മാത്രമേ പറയാന്‍ പറ്റുള്ളൂ. എത്രയോ സുഹൃത്തുക്കള്‍ ഡിപ്രഷന്‍ ആയും മറ്റസുഖങ്ങള്‍ ആയും കിടക്കുന്നു. എത്ര നല്ലമനുഷ്യര്‍ എന്റെ അടുത്ത് നിന്ന് ഇനി ഒരിക്കലും കാണാന്‍ പറ്റാത്തിടത്തേക് പോയി. പ്രാരാബ്ധങ്ങള്‍ ഒക്കെ കൂടുതല്‍ ആണ് എനിക്ക് ഈ വര്‍ഷം.. ബുദ്ധിമുട്ടിന്റെ അങ്ങേയേറ്റം എന്നൊക്കെ പിന്നെയും അറിഞ്ഞത് ഇതേ വര്‍ഷമാണ്.. കേസുകളും കൂടുതല്‍ പ്രശ്നങ്ങളും ഒക്കെയായി. ഇവന്റ് ഇല്ലാ, ഗസ്റ്റ് പ്രോഗ്രാമില്ല, ആകെകൊണ്ട് പ്രാന്ത് പിടിച്ച ഫീലിങ്ങും എന്റെ സഹായം കൊണ്ട് മാത്രം ജീവിക്കുന്ന കുറെ മനുഷ്യരുണ്ട് അവരെ പട്ടിണിക്കിടാതെ മുന്നോട്ട് പോണം എന്നുള്ളത് മാത്രമാണ് ആഗ്രഹം. കൊറോണ എല്ലാവരുടെയും അന്നം വരെ മുടക്കി.. ഏകദേശം എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ് എന്നും ദിയ പറയുന്നു.

ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ദിയ സന. പ്രതികരിക്കുന്നതിലും പലപ്പോഴും യാതൊരു മടിയും ദിയ കാണിക്കാറില്ല. 

നമ്മളെല്ലാവരും, ഈ ലോകമൊന്നാകെ, ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോയ വര്‍ഷമായിരുന്നു 2020. ജീവിച്ചിരിക്കുക എന്നത് ഒരു ഭാഗ്യമാണെന്ന് മനസിലാക്കി തന്ന വര്‍ഷം...പ്രിയപെട്ടവരോട് അകന്നു നില്‍ക്കേണ്ടി വന്നപ്പോഴും മനസ്സുകൊണ്ട് അവരോടൊപ്പം ചേര്‍ന്നുനിന്ന സമയം...എല്ലാ ദുരന്തങ്ങളെയും തരണം ചെയ്തു നമ്മള്‍ പുതിയ വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുന്നു... നമ്മള്‍ ഇനിയും പൊരുതും... മുന്നേറുമെന്നും നടി ആശാ ശരത്തും കുറിച്ചു.

 

പ്രേക്ഷകരുടെ പ്രിയ നടി സരയൂവിന് പറയാനുള്ളതിങ്ങനെ... കഴിഞ്ഞ ഒരു പത്ത് വര്‍ഷത്തില്‍ ഏറ്റവും വ്യത്യസ്തമായ പുതുവര്‍ഷമാണിത്..2020 നടത്തിയത് വിചാരിച്ച വഴികളിലൂടെയല്ല...പക്ഷേ തിരിച്ചറിവുകളുടെ വര്‍ഷമായിരുന്നു...വരും വര്‍ഷവും ഒരു മാറ്റവുമില്ലാതെ പ്രതീക്ഷകളും വമ്പന്‍ പ്ലാനുകളും, തിരുത്തലുകളും ഒക്കെയായി തുടങ്ങുകയാണ്...ആരോഗ്യവും ആയുസും ചുറ്റും സ്നേഹവും കൂടെയുണ്ടാവട്ടെ ഏവര്‍ക്കും...കൂടുതല്‍ കനിവോടെ പെരുമാറാനും ക്ഷമയോടെ കേള്‍ക്കാനും ശ്രദ്ധിക്കാം നമുക്ക്!ഈ ലോകത്തിന് അതാവശ്യവുമുണ്ട്. നിറയെ സ്നേഹം എന്നായിരുന്നു സരയൂ പങ്ക് വെച്ചത്.