കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടന്‍ ബാലു വര്‍ഗീസ്

Updated: Thursday, February 11, 2021, 15:11 [IST]

കൂടെ അഭിനയിക്കുന്ന നടിയോട് ഇഷ്ടം തോന്നിയിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ ബാലു വര്‍ഗീസ്. ചാന്തുപൊട്ടിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച നടനാണ് ബാലു വര്‍ഗീസ്. ദിലീപും ബാലുവും ചേര്‍ന്നുള്ള കോമ്പനീഷന്‍ എന്നും ഹിറ്റാകാറുണ്ട്. ഒരു നടനെന്നതിലുപരി ഹാസ്യം കൂടി കലര്‍ത്താന്‍ ശ്രമിക്കുമ്പോഴാണ് ബാലു വ്യത്യസ്തനാകുന്നത്.

പാപ്പി അപ്പച്ചാ, ഹണീ ബി, കിങ് ലയര്‍, ഡാര്‍വിന്റെ പരിണാമം. കവി ഉദ്ദേശിച്ചത്, വിജയ് സൂപ്പറും പൗര്‍ണമിയും, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലൂടെ ബാലു മലയാളികളെ കുടുകുടാ ചിരിപ്പിച്ചതാണ്. ഒരു സഹനടന്റെ വേഷത്തിലാണ് ബാലു ശ്രദ്ധിക്കപ്പെടാറുള്ളത്. ഇതിനിടെ ബാലുവിന്റെ വിവാഹവും ഏറെ വൈറലായിരുന്നു. എലീന എന്ന ഫാഷന്‍ ഡിസൈനറെയാണ് ബാലു സ്വന്തമാക്കിയത്.

 

അടുത്ത സുഹൃത്തായ ആസിഫ് അലിയും കുടുംബവും വിവാഹത്തില്‍ തിളങ്ങിയിരുന്നു. ബാലുവിന്റെ ഭാര്യ എലീന രണ്ട് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. അയാള്‍ ഞാനല്ല, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങളിലാണ് എലീന അഭിനയിച്ചത്. ഇവരുടെ പ്രണയവിവാഹമായിരുന്നു.

 

വിവാഹശേഷവും സിനിമയില്‍ സജീവമാണ് ബാലു. കൂടെ അഭിനയിച്ച നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് ഒരു അഭിമുഖത്തില്‍ ബാലു പറയുന്നു. എന്നാല്‍, അവളാണ് ഇപ്പോള്‍ തന്റെ ഭാര്യ എന്നാണ് ബാലു പറഞ്ഞത്. ആരുടെയെങ്കിലും ടൂത്ത്ബ്രഷ് ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നാണ് ബാലു പറഞ്ഞത്. ഭാര്യയുടെ ടൂത്ത് ബ്രഷ് ഒരു തവണ അറിയാതെ ഉപയോഗിച്ചിട്ടുണ്ടെന്ന് രസകരമായി ബാലു പറയുന്നു.

 

ദിലീപ് ചിത്രം ചാന്തുപൊട്ടില്‍ ഇന്ദ്രജിത്തിന്റെ ചെറുപ്പകാലമാണ് ബാലു അഭിനയിച്ചിരുന്നത്. സിനിമയില്‍ അഭിനയിച്ചതിനു ശേഷമാണ് സ്‌കൂളിലെ കലാവേദികളില്‍ സജീവമായത്. പിന്നീട് അറബിക്കഥയില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ക്യൂബ മുകുന്ദന്റെ ചെറുപ്പം അവതരിപ്പിച്ചു. തലപ്പാവിലെ വേഷം ശ്രദ്ധിച്ച നടന്‍ പൃഥ്വീരാജ്, ബാലുവിനെ മാണിക്യക്കല്ലിലേക്കും അര്‍ജ്ജുനന്‍ സാക്ഷിയിലേക്കും ചെറു വേഷങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചു. പിന്നീട് ബാലു എന്ന നടന്‍ മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും പ്രത്യക്ഷപ്പെടുകയായിരുന്നു. ഇപ്പോള്‍ അച്ഛനാകാനുള്ള തയ്യാറെടുപ്പിലാണ് ബാലു. നിറവയറുമായി നില്‍ക്കുന്ന ഭാര്യയ്‌ക്കൊപ്പമുള്ള ഫോട്ടോ ബാലു പങ്കുവെച്ചിരുന്നു.