സ്‌ക്കോട്ട്‌ലാന്റിൽ നിന്ന് മൂസ കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നു... പുതിയ അവതാരത്തിൽ സി.ഐ.ഡി മൂസ പ്രേക്ഷകർക്ക് മുൻപിലേയ്ക്ക്!!!

Updated: Thursday, October 29, 2020, 10:43 [IST]

മലയാളി പ്രേക്ഷകർക്ക് ഇന്നും മറക്കാനാവാത്ത ഇഷ്ട ചിത്രമാണ് സി.ഐ.ഡി മൂസ. കോമഡിയും റൊമാൻസും ആക്ഷനും നിറഞ്ഞ് നിൽക്കുന്ന സിഐഡി മൂസ കുട്ടികൾക്കും മുതിർന്നർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ മൂസയുടെ രണ്ടാം ഭാഗം വരുന്നു. 2003 ലാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറങ്ങിയത്. ചിത്രത്തിന്റെ പ്രഖ്യാപനവുമായി ദിലീപ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. 

 

അതിന് മുന്നോടിയായി സിഐഡി മൂസയുടെ ആനിമേഷൻ ചിത്രവുമായി എത്തിയിരിക്കുകയാണ് ദിലീപും കൂട്ടുകാരും. ലോക ആനിമേഷൻ ദിനത്തിലാണ് ഈ വേറിട്ട പ്രഖ്യാപനം ഉണ്ടായത്. ചിത്രത്തിന്റെ പ്രമോ വീഡിയോ ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് അതിന് ലഭിച്ചത്. 

 

ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ആദ്യഭാഗം പുറത്തിറക്കിയത്. ജോണി ആന്റണിയാണ് സംവിധായകൻ. ഉദയ് കൃഷ്ണ സിബി കെ തോമസാണ് തിരകഥ ഒരുക്കിയത്. മലയാളത്തിലെ നിരവധി ഹാസ്യതാരങ്ങൾ അണിനിരന്ന ചിത്രമായിരുന്നു അത്.

 

ഭാവന, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ, ക്യാപ്റ്റൻ രാജു, സലീം കുമാർ, മുരളി, ബിന്ദു പണിക്കർ, സുകുമാരി, ഇന്ദ്രൻസ് ആശിഷ് വിദ്യാർഥി തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിന്റെ ഭാഗമായിരുന്നു. അതിൽ നിരവധി താരങ്ങൾ ഇന്ന് മൺമറിഞ്ഞു പോയി. എങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.