ഇറക്കം കുറഞ്ഞ വസ്ത്രധാരണ, ഇത്തരം സംസാരം എന്നോട് വേണ്ട, ബിഗ് ബോസില്‍ തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട് ഡിംപല്‍ ഭാല്‍

Updated: Tuesday, February 16, 2021, 16:07 [IST]

ബിഗ് ബോസ് സീസണ്‍ ത്രീ തുടങ്ങിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. അതിനോടകം പരദൂഷണവും വിമര്‍ശനങ്ങളും കരച്ചിലുകളും തുടങ്ങി. മത്സരാര്‍ത്ഥികള്‍ ഗ്രൂപ്പായി ഇരുന്ന് കുറ്റങ്ങളും കുറവുകളും പറഞ്ഞു തുടങ്ങി. ചിലര്‍ ഇതിനിടയില്‍ കരച്ചിലും തുടങ്ങി. സംസാരത്തിന് ആദ്യം വഴിയൊരുക്കിയത് ഡിംപല്‍ ഭാലാണ്. 

ഡിംപലിന്റെ വസ്ത്ര ധാരണമാണ് ചര്‍ച്ചയായത്. ബിഗ് ബോസ് തുടങ്ങിയ രണ്ടാമത്തെ ദിവസമായിരുന്നു ഡിംപലിന്റെ പിറന്നാള്‍. പിറന്നാള്‍ സമ്മാനമായി താരങ്ങളുടെ പെര്‍ഫോമന്‍സുകളും നടന്നിരുന്നു. ഡിംപല്‍ ഷോ തുടങ്ങിയ മുതല്‍ ഇറക്കം കുറഞ്ഞ വസ്ത്രമാണ് ധരിച്ചിരുന്നത്. ഡിംപലിന്റെ നീണ്ട മുടിയും സംസാര വിഷയമായിരുന്നു.

 

മത്സരാര്‍ത്ഥികള്‍ കൊമ്പു കോര്‍ത്തതോടെ ബിഗ് ബോസ് കാണാന്‍ പ്രേക്ഷകര്‍ക്കും ആവേശമായി. ഡാന്‍സറായ മുഹമ്മദ് റംസാനാണ് ഡിംപലിന്റെ വസ്ത്രധാരണത്തെക്കുറിച്ച് പറഞ്ഞത്. ആ കൊച്ച് പാന്റിടാന്‍ മറന്നു പോയതാണോ എന്ന ചോദ്യമായിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കം. റംസാന്റെ കമന്റ് ഡിംപലിന് തമാശയായി തോന്നിയില്ല. ദേഷ്യത്തോടെയാണ് ഡിംപല്‍ പ്രതികരിച്ചത്.

 

താന്‍ ഒരു തമാശയായി പറഞ്ഞതാണെന്നും സോറിയെന്നും റംസാന്‍ പിന്നീട് പറയുകയുണ്ടായി. വസ്ത്രധാരണത്തെക്കുറിച്ചുള്ള സംസാരം ബിഗ് ബോസ് വീട്ടില്‍ വേണ്ടെന്നാണ് ഡിംപല്‍ പറഞ്ഞത്. താന്‍ എന്തു ധരിക്കണമെന്നത് വ്യക്തിപരമായ ഇഷ്ടമാണെന്നും അഭിപ്രായം പറയേണ്ടെന്നും ഡിപംല്‍ പറയുകയുണ്ടായി.

 

ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചയാളാണ് ഡിപംല്‍. തന്റെ ജീവിത കഥയും പോരാട്ടവും ഡിപംല്‍ പറഞ്ഞിരുന്നു. പന്ത്രണ്ടാം വയസ്സിലാണ് ഡിംപലിന് ക്യാന്‍സര്‍ രോഗം ബാധിക്കുന്നത്. നട്ടെല്ലിന് ക്യാന്‍സര്‍ പിടിപ്പെട്ടതോടെ നട്ടെല്ല് അലിഞ്ഞ് പോകുകയായിരുന്നു. മൂന്ന് വര്‍ഷം ഈ രോഗത്തോട് ഡിംപല്‍ പോരാടി. 

 

ബിഗ് ബോസില്‍ ആദ്യ ദിവസം തന്നെ കരച്ചില്‍ തുടങ്ങിയ മത്സരാര്‍ത്ഥിയാണ് സൂര്യ മേനോന്‍. ക്യാമറ നോക്കി അമ്മയോട് സംസാരിച്ചു കൊണ്ടാണ് സൂര്യ കരഞ്ഞത്. താന്‍ ഇവിടെ ഒറ്റപ്പെടുന്നുവെന്നും തനിക്ക് ആക്ടീവാകാന്‍ സാധിക്കുന്നില്ലെന്നുമാണ് സൂര്യ പറയുന്നത്. നോബി പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് സൂര്യയെ വിഷമിപ്പിച്ചത്. രാത്രിയില്‍ ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്ന സൂര്യയെയാണ് ബിഗ് ബോസ് പ്രേക്ഷകര്‍ കണ്ടത്. മൊത്തത്തില്‍ ബിഗ് ബോസ് വീട് അലങ്കോലമായി തുടങ്ങി. ഇനിയും ദിവസങ്ങളും മത്സരങ്ങളും കാണേണ്ടിയിരിക്കുന്നു.