മമ്മൂട്ടിയുടെ വീട്ടില്‍ നാലഞ്ചുതവണ പോയി, തിരക്കഥ വായിക്കാന്‍ പോലും മമ്മൂട്ടി തയ്യാറായില്ല: സിദ്ദിഖ് പറയുന്നു
Updated: Saturday, January 30, 2021, 10:00 [IST]

മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുണ്ടായ അനുഭവം തുറന്നുപറഞ്ഞ് സംവിധായകന് സിദ്ദിഖ്. മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ഹിറ്റ്ലര്‍. മാധവന്കുട്ടിയാകാന് മമ്മൂട്ടിയെ സമീപിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് സിദ്ദിഖ് തുറന്നുപറയുന്നത്.

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കി മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ നാലഞ്ച് തവണയോളം ചെന്നെങ്കിലും തിരക്കഥ കേള്‍ക്കാന്‍ മമ്മൂക്ക തയ്യാറായില്ലെന്നും ഷൂട്ടിങ്ങിന്റെ തലേദിവസം പോലും തിരക്കഥ വായിക്കാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറയുന്നു. തിരക്കഥ പൂര്‍ത്തിയാക്കി ഞാനും ലാലും മദ്രാസിലെ മമ്മൂക്കയുടെ വീട്ടില്‍ കഥ പറയാന്‍ നാലഞ്ചു തവണ പോയെങ്കിലും കഥ പറയാന്‍ അദ്ദേഹം സമ്മതിച്ചില്ല. രാവിലെ ചെന്നാല്‍ ഭക്ഷണമൊക്കെ തന്ന് വൈകുന്നേരം വരെ മറ്റ് പലതും സംസാരിക്കുമെന്നും സിദ്ദിഖ് പറയുന്നു.

കഥ ഇപ്പോള്‍ പറയേണ്ട, പിന്നെ കേള്‍ക്കാം എന്നാണ് മമ്മൂട്ടി പറയുക. ഒടുവില്‍ ഷൂട്ടിങ്ങിന്റെ തലേദിവസം ഞങ്ങള്‍ കഥ പറയാന്‍ വീണ്ടും മമ്മൂക്കയുടെ അടുത്ത് പോയി. കഥയൊന്ന് കേള്‍ക്ക് എന്ന് ഞങ്ങള്‍. അപ്പോള്‍ മമ്മൂക്ക പറഞ്ഞതിങ്ങനെ. ഞാന്‍ വന്നിരിക്കുന്നത് ഒരു സൂപ്പര്‍ഹിറ്റ് സിനിമയില്‍ അഭിനയിക്കാനാണ്. എനിക്ക് കഥയൊന്നും കേള്‍ക്കണ്ട എന്നാണ്.

പലരും പറഞ്ഞു, മുകേഷും ജഗദീഷും ഇന്നസെന്റും കൊച്ചിന് ഹനീഫയും ഉള്‍പ്പെടെ സിദ്ദീഖ് ലാല്‍മാരുടെ സ്ഥിരം നടന്മാരെല്ലാം സിനിമയിലുണ്ട്, ഇവര്‍ക്കിടയിലിട്ട് നിങ്ങളെ ഞെരുക്കിക്കളയുമെന്ന് പറഞ്ഞു. ഞാനവരോടൊക്കെ പറഞ്ഞത് എനിക്ക് അഭിനയിക്കാനറിയുമെന്ന് തെളിയിക്കാന്‍ സിദ്ദിഖ് ലാലിന്റെ പടം വേണ്ട, ഈ സിനിമ വിജയിപ്പിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ് എന്നുമാണ്. മമ്മൂക്ക വേണ്ട എന്നു പറഞ്ഞെങ്കിലും അന്ന് ഞങ്ങള്‍ വിട്ടുപോന്നില്ല. രാത്രി ഇരുന്നു തിരക്കഥ മുഴുവന്‍ വായിച്ചു കേള്‍പ്പിച്ചിട്ടാണ് മടങ്ങിയതെന്നും സിദ്ദിഖ് ഓര്‍ക്കുന്നു.