സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശപഥമെടുത്തൊരു മനസ്സാണ് അയാളുടേത്, നമുക്ക് ജയിക്കാനാവില്ല: ദൃശ്യം ടു റിവ്യൂ വായിക്കാം
Updated: Friday, February 19, 2021, 12:45 [IST]

മലയാളത്തിലെ ആദ്യ സൂപ്പര്‍താര ഒടിടി റിലീസാണ് നടന്നിരിക്കുന്നത്. രാത്രി 12 മണിക്കുശേഷം പടം ആമസോണില്‍ എത്തുന്നതും കാത്തിരിക്കുകയായിരുന്നു മലയാളികള്‍. വെള്ളിയാഴ്ച രാവിലെ എഴുന്നേറ്റ് പടം കാണാനുള്ള ക്ഷമയൊന്നും പലര്‍ക്കും ഉണ്ടായില്ലെന്ന് വേണം പറയാന്‍.
ഉറക്കമിളച്ച് ദൃശ്യം 2 കണ്ടവര്‍ പറയുന്നു കാത്തിരിപ്പ് വെറുതെയായില്ലെന്ന്. മലയാള ചലച്ചിത്ര രംഗത്ത് ഒരു പടത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന് പറയുമ്പോള്‍ പലരും അത്ര പ്രതീക്ഷ കൊടുക്കാറില്ല. രണ്ടാം ഭാഗമല്ലേ.. വിജയിക്കാന്‍ സാധ്യതയില്ലെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, ദൃശ്യം 2 ആ ധാരണയൊക്കെ മാറ്റി. സംവിധായകന് ജിത്തു ജോസഫ് മലയാളികളെ ചതിച്ചില്ലെന്ന് പറയാം. സിനിമ സൂപ്പര്‍ ഹിറ്റ് തന്നെ. ദൃശ്യം 2 തിയേറ്ററില്‍ ഇരുന്ന് കാണാന്‍ പറ്റിയില്ലെന്ന സങ്കടം മാത്രമേ ഉള്ളൂ.

മലയാളത്തില്‍ ആദ്യമായി 50 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയ സിനിമയായ ദൃശ്യത്തിന്റെ രണ്ടാംഭാഗം ആമസോണ്‍ പ്രൈമിന് വിറ്റത് 40 കോടി രൂപയ്ക്കെന്നാണ് റിപ്പോര്‍ട്ട്. ഇത്തവണ സിനിമ കണ്ട ഓരോരുത്തരും ജോര്‍ജുകുട്ടിക്കൊപ്പം സഞ്ചരിക്കുകയായിരുന്നു. അയാള്‍ എന്ത് ചിന്തിക്കുന്നു, അടുത്തതായി എന്ത് ചെയ്യാന്‍ പോകുന്നുവെന്നോര്‍ത്ത് മലയാളികളും അയാള്‍ക്കൊപ്പം സഞ്ചരിച്ചു. അതു തന്നെയാണ് ജിത്തു ജോസഫിന്റെ വിജയവും. ദൃശ്യം ഒന്നാംഭാഗത്തില്‍ ഉണ്ടായിരുന്ന പ്രധാന താരങ്ങളെല്ലാം രണ്ടാംഭാഗത്തിലും എത്തിയെന്നുള്ളത് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. എന്നാല്‍ ഒപ്പം മുരളി ഗോപി എന്ന കിടിലം സ്റ്റാറുമുണ്ട്. മുരളി ഗോപിയുടെ എന്‍ഡ്രി വേറെ ലെവലായിരുന്നു.

കഥയ്ക്ക് ഒരു ത്രില്ലിങ് മൂഡ് വരുന്നത് മുരളി ഗോപിയുടെ ഇന്ഡ്രോയ്ക്ക് ശേഷമാണ്. പോലീസ് വേഷത്തിലാണ് മുരളി ഗോപി എത്തിയിരുന്നത്. വരുണ്‍ പ്രഭാകര്‍ എന്ന യുവാവിന്റെ തിരോധാനം അന്വേഷിക്കാന്‍ എത്തുന്നതും പുതിയ വഴികള്‍ തേടുന്നതും അയാളാണ്. ഒരു പോലീസും കള്ളനും കളി പോലെയാണ് ജീവിതം. ജോര്‍ജ് കുട്ടി അങ്ങനെ വിശ്വസിക്കുന്നു. അയാള്‍ പറയുന്ന കഥയും അതാണ്. ജോര്‍ജുകുട്ടിയുടെ ഓട്ടത്തിന് ഒരവസാനമുണ്ടോ എന്ന ചോദ്യം സിനിമ കണ്ട് കഴിഞ്ഞവര്‍ക്ക് തോന്നാം.

രാജാക്കാടിലെ ചെറിയൊരു കേബിള്‍ ഓപ്പറേറ്റര്‍ ഇടുക്കിയുടെ വന്യമായ ഭൂപ്രകൃതിക്കും അപ്പുറം വളര്‍ന്നത് അയാള്‍ അവസാനിപ്പിക്കുന്ന നിഗൂഡതയില്‍ നിന്നാണ്. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍ത്തിയ ഭാഗത്തു നിന്നും ദൃശ്യത്തിന് രണ്ടാം ഭാഗത്തിലേക്ക് തുടര്ച്ചയുണ്ടായിരിക്കുന്നുവെന്ന് വേണം പറയാന്‍. ജോര്‍ജ്ജു കുട്ടിയും ഭാര്യയും മക്കളും ഭൂപ്രദേശവും മാറിയിരിക്കുന്നു. മുന്‍പ് സൂചിപ്പിച്ച ഇടുക്കിയുടെ വന്യതക്ക് ഒപ്പം ഓരോ നിമിഷവും തങ്ങളെ പിന്തുടരുന്ന എന്തോ ഒന്നിന്റെ സാമീപ്യം ആ കുടുംബം അനുഭവിക്കുന്നുണ്ട്. ഈ ഭയമാണ് കഥയെ ത്രസ്സിപ്പിക്കുന്നത്.
ആറ് വര്‍ഷങ്ങള്‍ക്ക് ശേഷവും മൃതദേഹം കണ്ടെടുക്കാന്‍ സാധിക്കാത്ത ഒരു കൊലപാതകത്തിന് ഏതൊക്കെ തരത്തില്‍ പിന്നീട് വളര്‍ച്ചയുണ്ടെന്നും അതിനെ ഏതൊക്കെ രീതിയില്‍ വിനിയോഗിക്കണമെന്നും സംവിധായകന് അറിയാം എന്നതിനാലാകണം പുതിയ കഥാപാത്രങ്ങളിലൂടെ കഥയുടെ വഴി മാറ്റി വിടുന്നത്. ജോര്‍ജ്ജ് കുട്ടി ആദ്യ ഭാഗത്ത് അവശേഷിപ്പിക്കുന്ന രഹസ്യം രണ്ടാം ഭാഗത്തില്‍ യഥാര്‍ത്ഥത്തില്‍ തീര്‍ത്തും അപ്രസക്തമാകുന്നതും സാഹചര്യത്തിന് അനുസരിച്ച് സൃഷ്ടിക്കുന്ന ഈ കഥാ പാത്രങ്ങളിലൂടെയാണ്.

ഒരു സാധാരണ കേബിള്‍ ടിവി ഓപ്പറേറ്ററില്‍ നിന്നും സിനിമാ മോഹത്തിലേക്ക് ഈ ഘട്ടത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം മാറുന്നുണ്ട്. ഒരിക്കല്‍ക്കൂടി മീന അവരുടെ റോള്‍ ഭംഗിയായി ചെയ്തു. പിന്നെ എടുത്തു പറയേണ്ടത് ആശാ ശരത്തിന്റെ വേഷമാണ്. ആദ്യ ഭാഗത്തില്‍ ഒരമ്മയുടെ വേദന പറഞ്ഞ് പോയ ആശയുടെ കഥാപാത്രം ഇത്തവണ പ്രതികാര ബുദ്ധിയോടെയാണ് എത്തുന്നത്. മലയാളികള്‍ക്ക് ആ പോലീസ് വേഷത്തോട് ദേഷ്യം തോന്നുന്ന നിമിഷങ്ങളും കടന്നുപോകും.
വാണിജ്യ സിനിമയുടെ ചേരുവകള്‍ ഒത്തു വരുന്നുണ്ടെങ്കിലും ഹാസ്യത്തിനും സംഗീതത്തിനും അതിരു കവിഞ്ഞ പ്രാധാന്യം ചിത്രത്തിലില്ല എന്നത് ശ്രദ്ധേയമാണ്. പല ഘട്ടത്തിലും കഥ എന്ന രീതിയില്‍ ക്ഷമിച്ചു കളയാവുന്ന ചെറിയ തെറ്റുകള്‍ ഉണ്ടെങ്കിലും ചിത്രം പ്രേക്ഷകനില്‍ ഉദ്യോഗജനകമായ നിമിഷങ്ങള്‍ സൃഷ്ടിക്കുമെന്നു തീര്‍ച്ചയാണ്.

സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശപഥമെടുത്തൊരു മനസ്സാണ് അയാളുടേത്, നമുക്ക് ജയിക്കാനാവില്ല...ഈ നിമിഷം മുതല്‍ അയാള്‍ നമ്മുടെ അടുത്ത വരവിനായുള്ള തയ്യാറെടുപ്പിലായിരിക്കും. ഈ ഒരു ഡയലോഗിലൂടെയാണ് ക്ലൈമാക്സ് പറഞ്ഞു പോകുന്നത്. ദൃശ്യം ഇവിടെ അവസാനിക്കുന്നില്ലെന്ന് തീര്‍ച്ച. ഇനിയും ദൃശ്യങ്ങള്‍ കാണേണ്ടിയിരിക്കുന്നു.

ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്ത ആദ്യ മലയാളം സിനിമകൂടിയാണ് ദൃശ്യം. ചിത്രത്തിന്റെ കഥ ലോകത്തിന്റെ ഏത് കോണിലുള്ളവരെയും ആകര്‍ഷിക്കുന്നതാണ്. 2013ല്‍ റിലീസായ ദൃശ്യം അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ തുടര്‍ച്ചയായി 45 ദിവസമാണ് പ്രദര്‍ശിപ്പിച്ചത്. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണത്.

തമിഴില്‍ കമല്ഹാസന് പാപനാശം എന്ന പേരിലാണ് ദൃശ്യം റിമേക്ക് ചെയ്തത്. മോഹന്‍ലാലിന്റെ ഭാര്യാ സഹോദരന് സുരേഷ് ബാലാജിയാണ് ചിത്രം നിര്‍മ്മിച്ചത്. ജിത്തുജോസഫ് തന്നെയാണ് സംവിധാനം നിര്‍വഹിച്ചത്. ചിത്രം കണ്ടിട്ട് ഹോളിവുഡ് സംവിധായകന് ക്രിസ്റ്റഫര്‍ നോളന് കമല്‍ഹാസനെ അഭിനന്ദിച്ചിരുന്നു. ദൃശ്യം അതേപേരില്‍ ബോളിവുഡില്‍ മൊഴിമാറ്റിയപ്പോള്‍ അജയ് ദേവ് ഗണായിരുന്നു നായകന്. ശ്രീയാശരണ്‍ നായികയുമായി.
ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ സബ്ടൈറ്റിലുകള്‍ ഉപയോഗിക്കുന്നതില്‍ ലോകത്തെ ഏത് ഭാഷയിലുള്ളവര്‍ക്കും സിനിമ ആസ്വദിക്കാം. ഈ ഘടകങ്ങളാണ് ആമസോണിനെ ചിത്രം വാങ്ങാന്‍ പ്രേരിപ്പിച്ചത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സൂപ്പര്‍താരത്തിന്റെ ചിത്രം തിയെറ്ററിന്റെ വെള്ളിവെളിച്ചത്തില്‍ പിറക്കാതെ പോകുന്നത്. ആ സിനിമ ലോകമെമ്പാടുമുള്ള സിനിമാ ആസ്വാദകരുടെ വീടിനുള്ളില്‍ എത്തിക്കാനായി എന്നതാണ് ആമസോണിന്റെ വിജയം. നിങ്ങള്‍ ദൃശ്യം 2 കാണാതെ പോകരുത്, കണ്ടാലും ജോര്ജ്ജുകുട്ടിയെ മനസ്സിലാകണമെന്നില്ല. മോഹന്‍ലാല്‍ പറഞ്ഞതുപോലെ ജോര്ജ്ജുകുട്ടിയെ മനസ്സിലാകണമെങ്കില്‍ സിനിമ വീണ്ടും കാണേണ്ടിയിരിക്കുന്നു.