ചേട്ടന് കാറിലാണ് കമ്പമെങ്കില്‍ ഇന്ദ്രജിത്തിന് ബൈക്കിലാണ്, 15 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി താരം

Updated: Wednesday, February 3, 2021, 18:33 [IST]

നടന്‍ പൃഥ്വിരാജ് ഒരു വാഹനപ്രേമിയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ സഹോദരനും നടനുമായ ഇന്ദ്രജിത്തിന് ബൈക്കിനോടാണ് പ്രേമം. എന്നാല്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് ഇന്ദ്രജിത്തിന്റെ ബൈക്കാണ്. ഒരു കിടിലം ഐറ്റവുമായിട്ടാണ് ഇന്ദ്രനെത്തിയത്. ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോബ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ദ്രജിത്ത്.

15ലക്ഷത്തിന്റെ ബൈക്കാണിത്. ഈ ബൈക്ക് ഷോറൂമില്‍ നിന്ന് ലഭിച്ചതും ഒരു ട്രിപ്പ് അങ്ങോട്ട് കാച്ചി താരം. ബൈക്കില്‍ ഒരു മൂന്നാര്‍ യാത്രയൊക്കെ കഴിഞ്ഞു വന്നു. ട്രയംഫ് ടൈഗര്‍ 900 ജി ടി മോഡലാണ് ഇന്ദ്രജിത്ത് സ്വന്തമാക്കിയിരിക്കുന്നത്. 15,04,785 രൂപയാണ് ഈ ബൈക്കിന്റെ വില. 

ഷോറൂമില്‍ നിന്ന് ബൈക്കുമായി പോകുന്നതിന്റെ വീഡിയോ ഇന്ദ്രജിത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. നടന്‍ കുഞ്ചാക്കോ ബോബനും വിജയ് യേശുദാസും യാത്രയ്ക്ക് തയ്യാറാണെന്നുള്ള കമന്റുമായി എത്തിയിരുന്നു.  ഷോറൂമില്‍ നിന്ന് വണ്ടി ഇറക്കിയതേയുള്ളൂ നമുക്ക് വിട്ടാലോ എന്നാണ് ഇന്ദ്രജിത്ത് ഇരുവരോടും ചോദിക്കുന്നത്.

 

ഡിസംബറിലാണ് പുതിയ മോഡല്‍ വിപണിയിലെത്തിയത്. സാഹസിക യാത്രകള്‍ക്കും, ഓഫ്-റോഡ് ഡ്രൈവിനും ബെസ്റ്റ് വാഹനമാണിത്. റെയിന്‍, റോഡ്, സ്‌പോര്‍ട്ട്, ഓഫ് റോഡ് എന്നീ ഡ്രൈവിങ്ങ് മോഡുകളും നല്‍കിയിട്ടുണ്ട്. ട്രയംഫ് ടൈഗര്‍ 900 പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ചതാണ്. പുത്തന്‍ രൂപകല്‍പ്പന കാരണം 2020 ടൈഗര്‍ 900 ഇപ്പോള്‍ മുന്‍ഗാമിയേക്കാള്‍ ചെറുതും ആക്രമണാത്മകവുമായി കാണപ്പെടുന്നു. മുന്‍വശത്ത് എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഒരു പുതിയ സെറ്റ് എല്‍ഇഡി ഹെഡ്ലാമ്പും ഉണ്ട്. ബ്ലൂടൂത്ത് വഴി ഒരു സ്മാര്‍ട്ട്ഫോണിലേക്ക് കണക്ട് ചെയ്യാനാകുന്ന പുതിയ ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രീമിയം മോഡലിന്റെ പ്രധാന ആകര്‍ഷണമാണ്.

ത്രീ-സിലിണ്ടര്‍ എന്‍ജിനില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള പുതിയ എന്‍ജിനുമായാണ് പുതിയ മോഡല്‍ എത്തിയത്. 888 സിസി ത്രീ സിലിണ്ടര്‍ യൂണിറ്റ് പുതിയ ഭാരം കുറഞ്ഞ ഘടകങ്ങളും ഉപയോഗപ്പെടുത്തുന്നു. ഇത് എന്‍ജിന്റെ മൊത്ത ഭാരം 2.5 കിലോഗ്രാമോളം കുറയ്ക്കുന്നു. 

2014ലാണ് ഇന്ദ്രജിത് ഒരു ഹാര്‍ലി ബൈക്ക് സ്വന്തമാക്കിയത്. വൃത്താകൃതിയിലുള്ള ഇരട്ട ഹെഡ്ലൈറ്റുമായി യുവാക്കളുടെ ഹരമായിരുന്ന ഫാറ്റ്‌ബോബ് ആണ് ഇന്ദ്രജിത്ത് വാങ്ങിയത്. ഏകദേശം 13.62 ലക്ഷം രൂപയായിരുന്നു വില.