ഇഷാനി കൃഷ്ണ മമ്മൂട്ടി ചിത്രത്തില്‍ നായിക, സന്തോഷം പങ്കുവെച്ച് കൃഷ്ണകുമാര്‍

Updated: Friday, March 5, 2021, 15:48 [IST]

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. മകള്‍ അഹാന കൃഷ്ണയ്ക്കുപിന്നാലെ കൃഷ്ണകുമാറിന്റെ അടുത്ത മകളും സിനിമയിലേക്ക്. അതും നായികാ പ്രാധാന്യമുള്ള ചിത്രത്തില്‍. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രമായ വണ്ണിലാണ് ഇഷാനി കൃഷ്ണ എത്തുന്നത്.

ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത് കൃഷ്ണ കുമാര്‍ തന്നെയാണ്.  ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേതായ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇതിനിടയില്‍ ചിത്രത്തില്‍ കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നു. ചിത്രം ഷെയര്‍ ചെയ്തു കൊണ്ടാണ് വിശേഷങ്ങള്‍ കൃഷ്ണകുമാര്‍ പങ്കുവെച്ചത്.

 

മകളും നടിയുമായ അഹാന കൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കാനാകാത്തതിന്റെ സങ്കടവും പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാര്‍ എത്തിയത്. ചിത്രത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ വേഷമാണ് കൃഷ്ണകുമാറിന്റേത്. കൃഷ്ണകുമാര്‍ പറയുന്നതിങ്ങനെ.. ശ്രീ മമ്മൂട്ടി കേന്ദ്രകഥാപാത്രമായി വരുന്ന 'വണ്‍' എന്ന സിനിമയിലെ എന്റെ കഥാപാത്രമാണ് വിജിലന്‍സ് ഡയറക്ടര്‍ അലക്‌സ് തോമസ്.

 

അഭിനയിക്കാന്‍ അവസരം കിട്ടി. സന്തോഷം. മകള്‍ ആഹാന അഭിനയിച്ച സിനിമകളില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടിയില്ലെങ്കിലും ഇഷാനി നായികയായി വരുന്ന അവളുടെ ആദ്യ ചിത്രമായ വണ്ണില്‍ എനിക്കും ഒരു കഥാപാത്രമായി വരാന്‍ കഴിഞ്ഞതില്‍ സന്തോഷം.. ദൈവത്തിനു നന്ദി. ഇന്നാണ് എന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തതെന്നും കൃഷ്ണകുമാര്‍ പങ്കുവെച്ചു.

 

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത വണ്‍ എന്ന സിനിമയില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മമ്മൂട്ടി ആദ്യമായി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ചിത്രമാണ് വണ്‍. ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം നേരത്തെ തന്നെ വൈറലായിരുന്നു. ഹിറ്റ് കൂട്ടുകെട്ടായ ബോബി സഞ്ജയ് ടീമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാളികള്‍ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ വരവേല്‍ക്കുന്നത്. 

 

അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ അഭിനയ ജീവിതത്തിലേക്ക് ചുവടുവയ്ക്കുന്നുവെന്നതു തന്നെയാണ് ഇതിലെ പ്രത്യേകത. മുരളി ഗോപി, രഞ്ജി പണിക്കര്‍, നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.

 

മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടി  പ്രത്യക്ഷപ്പെടുന്നത്. ചിത്രവുമായി ബന്ധപ്പെട്ട ജോലികളെല്ലാം പൂര്‍ത്തിയായതായും ചിത്രം റിലീസിന് തയ്യാറെടുത്തതായും നേരത്തേ തന്നെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. യൂ ട്യൂബ് ചാനലിലൂടെയും ടിക് ടോക് വീഡിയോയിലൂടെയും സുപരിചിതയായ ഇഷാനിയുടെ അഭിനയം നേരത്തെ തന്നെ മലയാളികള്‍ കണ്ടതാണ്. സോഷ്യല്‍ മീഡിയയില്‍ തരംഗമായ കുടുംബമാണ് കൃഷ്ണകുമാറിന്റേത്. മകള്‍ അഹാന കൃഷ്ണ ഇപ്പോള്‍ മുന്‍നിര നായികമാരിലൊരാളി കഴിഞ്ഞു.