മതാചാരങ്ങള്‍ തെറ്റിച്ചാല്‍ പത്തിരട്ടി ഭ്രാന്തുകള്‍ അനുഭവിക്കും,ഞാന്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു, ജസ്ല മാടശ്ശേരി പറയുന്നു

Updated: Tuesday, February 9, 2021, 17:42 [IST]

കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് എന്ന ചിത്രത്തെക്കുറിച്ചാണ് പറയുന്നത്. ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരിയുടെ പ്രതികരണം നമുക്കൊന്നു കേള്‍ക്കാം. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ അനശ്വര രാജനാണ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റസിയ എന്ന മുസ്ലിം പെണ്‍കുട്ടിക്ക് ഉണ്ടാകുന്ന അനുഭവങ്ങളാണ് സിനിമ വരച്ച് കാട്ടുന്നത്. താന്‍ സിനിമ കണ്ടുവെന്നും സിനിമയിലൂടെ എന്നെ തന്നെ കാണുന്ന അനുഭവമായിരുന്നുവെന്നും ജസ്ല മാടശേരി പറയുന്നു. 

സിനിമയിലെ ഓരോ സീന്‍ വരുമ്പോഴും അടുത്തിരുന്നയാള്‍ തന്നെ നോക്കുന്നുണ്ടായിരുന്നുവെന്നും മതാചാരങ്ങള്‍ തെറ്റിച്ചാല്‍ സിനിമയില്‍ കാണിച്ചതിന്റെ പത്തിരട്ടി ഭ്രാന്തുകള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും ജസ്ല കുറിക്കുന്നു. വാങ്ക് വിളിക്കണമെന്ന ആഗ്രഹവുമായി കുട്ടിക്കാലം മുതല്‍ ജീവിക്കുന്ന റസിയ എന്ന കഥാപാത്രത്തിലൂടെ വികസിക്കുന്ന ചെറുകഥയാണ് ഉണ്ണി ആറിന്റെ വാങ്ക്. സ്ത്രീ പക്ഷ രാഷ്ട്രീയത്തിന്റെ പേരില്‍ ചര്‍ച്ച ചെയ്യപ്പെട്ട കൃതിയുമായിരുന്നു വാങ്ക്. 

ഒരുപാടുപേര്‍ വിളിച്ചു പറഞ്ഞാണ് സിനിമ കാണാന്‍ പോകുന്നത്. ഈ സിനിമ ജസ്ല കാണണമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കണ്ട് തീരുവോളം നിന്നെ ഓര്‍ത്തുവെന്നാണ് അവര്‍ പറഞ്ഞത്. അതുകൊണ്ട് തന്നെയാണ് കുറച്ച് ദിവസങ്ങളായി സിനിമയൊന്നും കാണാനുള്ള മനസ്സില്ലാതിരുന്നിട്ടും കണ്ടത്..കൂടെ സിനിമ കാണാനുണ്ടായിരുന്നവന്‍ ..ഓരോ സീന്‍ വരുമ്പോഴും എന്നെ നോക്കുന്നുണ്ടായിരുന്നു... അതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല. എങ്കിലും ഒന്നു പറയാം ഞാന്‍.  

 

സിനിമയില്‍ കാണിച്ചതൊന്നുമല്ല..അതിന്റെ പത്തിരട്ടിയിലധികം ഭ്രാന്തുകള്‍ നിങ്ങള്‍ അനുഭവിക്കും..മതാചാരങ്ങള്‍ തെറ്റിച്ചാല്‍...പ്രത്യേകിച്ചും ഇസ്ലാം പോലൊരു കണ്‍സ്ട്രക്ഷനിലെ സിനിമയിലെ മിക്ക സീനുകളും ഞാന്‍ കടന്ന് പോയതാണ്..പക്ഷേ തീവ്രത അതിനെക്കാള്‍ കൂടുതലായിരുന്നു എന്ന് മാത്രമെന്നും ജസ്ല പറയുന്നു. 

കാമ്പസിലെ ഒറ്റപ്പെടല്‍, ഭീകരജീവിപരിവേശം, സഹോദരങ്ങള്‍ അവരിടങ്ങളില്‍ അനുഭവിക്കുന്നത്, വഴിയില്‍ നിങ്ങളെ തടഞ്ഞ് നിര്‍ത്തല്‍, ഭീഷണിപ്പെടുത്തല്‍, വീട്ടുകാര്‍ ടോര്‍ച്ചര്‍ ചെയ്യപ്പെടല്‍, ബന്ധുക്കളില്‍ നിന്നുള്ള ഒറ്റപ്പെടല്‍, നാട്ടുകാരുടെ വെറുപ്പുളവാക്കുന്ന നോട്ടങ്ങള്‍,പള്ളിക്കമ്മറ്റിയില്‍ വാപ്പ ചോദ്യം ചെയ്യപ്പെടുന്നത്, ഭ്രാന്തിയെന്ന മുദ്രകുത്തല്‍ അങ്ങനെ നീളും എന്റെ കഥയെന്നും ജസ്ല മാടശ്ശേരി മനസ്സ് തുറക്കുന്നു. 

സിനിമയില്‍ എന്റെ ജീവിതവുമായി ബന്ധപ്പെടുത്തുമ്പോള്‍ സംഭവിക്കാത്തത് ഒന്ന് മാത്രമാണ്...അത് ഉപ്പയുടെ തല്ലാണെന്നും ജസ്ല പറയുന്നു. എന്നെ ഒരിക്കലും ഇതിന്റെ പേരില്‍ മതവിശ്വാസിയായ ഉപ്പ തല്ലീട്ടില്ല...പക്ഷെ ഒരു വാക്ക് മാത്രം എന്നോട് പറഞ്ഞു. 

 

നിന്റെ ചിന്തകള്‍ക്ക് തടയിടാന്‍ എനിക്കവകാശമില്ല..ഒരു ഇന്ത്യന്‍ പൗരനെന്ന നിലക്ക് നിനക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ട്..ഏത് മതം പിന്തുടരാനും പിന്തുടരാതിരിക്കാനും..പക്ഷേ നിന്റെ മതം ആര്‍ക്കും ഉപദ്രവമുണ്ടാക്കുന്നതാവരുത്..ആരുടേയും കണ്ണീരു വീഴ്ത്തുന്നതും...നീ നടക്കുന്നത് ഒരു ചെറിയ വഴിയിലൂടെയാണെന്ന് കരുതുക..വഴിയില്‍ ഒരു മുള്ളുണ്ട്..ആ മുള്ള് ചാടിക്കടക്കുന്നിടത്ത് ഒരു മതമുണ്ട്..ശരിയുമുണ്ട്..പക്ഷേ അത് പിന്നാലെ വരുന്നവനെ കുത്താന്‍ ഇടയുണ്ട്...എന്നാല്‍ പിന്നാലെ വരുന്നവനെ കുത്താതിരിക്കാന്‍ ആ മുള്ള് എടുത്ത് മാറ്റിയിട്ട് അതിലൂടെ നടന്ന് പോകുന്നിടത്തും ശരിയും മതവുമുണ്ട്... നിന്റെ മനസ്സാക്ഷിക്ക് ശരിയെന്ന് തോന്നുന്നത് പിന്തുടരുക എന്നാണ് അന്ന് വാപ്പ പറഞ്ഞത്.

 

മതാചാരങ്ങളെ എതിര്‍ത്താലോ ചോദ്യം ചെയ്താലോ..പിന്നീട് നിങ്ങള്‍ കടന്ന് പോകുന്ന ട്രോമ അതിഭീകരമാകും. എങ്കിലും നാളെ മാറ്റമുണ്ടാകും എന്ന പ്രതീക്ഷ അതിനെ അതിജീവിക്കാനുള്ള വെളിച്ചം തരും. സിനിമയില്‍ അവള്‍ ശാരീരികമായി അക്രമിക്കപ്പെട്ടിട്ടില്ല.. എന്നാല്‍..ഞാന്‍ മാനസീകമായി അക്രമിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ശാരീരികമായി ആണ് അക്രമിക്കപെട്ടതെന്നും ജസ്ല പറയുന്നു.