അയ്യേ ലിപ്സ്റ്റിക് ഇട്ടോ? മലയാളികള്‍ ചോദിക്കുന്നതിനുമുന്‍പ് അങ്ങോട്ടൊരു ചോദ്യം കൊടുത്ത് കനി കുസൃതി

Updated: Monday, February 1, 2021, 20:47 [IST]

ജീവിതം തന്നെ വൃത്യസ്തമാണ് നടി കനി കുസൃതിയുടെ. അതുപോലെ തന്നെയാണ് ഫോട്ടോഷൂട്ടുകളും അഭിപ്രായങ്ങളും. ഇത്തവണ കനി കുസൃതിയെ കണ്ടത് മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ്. കനി ചുവപ്പ് ലിപ്സ്റ്റിക് ഒക്കെ ഇട്ട് സുന്ദരിയായാണ് വേദിയിലെത്തിയത്.   

 

എന്നാല്‍, കനി ഇത്തരം വേഷം കെട്ടലുകളൊന്നും നടത്താറില്ലെന്ന് മലയാളികള്‍ക്ക് അറിയാം. സ്വാഭാവികമായും പല ചോദ്യങ്ങളും ഉയരാം. എന്നാല്‍, മലയാളികള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതിനുമുന്‍പ് തന്നെ ഉത്തരവും ചോദ്യവും പങ്കുവെച്ചിരിക്കുകയാണ് താരം. അതാണ് കനി കുസൃതി. വ്യത്യസ്തമാണ്.

 

ആ ലിപ്സ്റ്റിക് തന്റെ ഒരു നിലപാട് കൂടിയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് കനി. ലോകപ്രശസ്ത പോപ്പ് താരം റിയാനയുടെ ബ്യൂട്ടി ബ്രാന്‍ഡ് ആയ ഫെന്റി ബ്യൂട്ടിയുടെ ഉല്‍പന്നമാണ് താന്‍ ഉപയോഗിച്ചത് എന്നാണ് കനി പറയുന്നത്. ആ ചുവപ്പ് ലിപ്സ്റ്റിക് എന്തിന് നിലകൊള്ളുന്നു എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വായിച്ച് നോക്കാം എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ച കനി ഒരു ലിങ്കും കൊടുത്തിട്ടുണ്ട്.

 

''അയ്യേ ലിപ്സ്റ്റിക് ഇട്ടൊ? എന്ന മലയാളി ചോദ്യത്തിനു അറിഞ്ഞു കൊണ്ട് തന്നെ ആണു ലോക പ്രശസ്തയായ 'റിഹാന' എന്ന സിംഗര്‍ സോങ്ങ് റൈറ്ററുടെ 'ഫെന്റിബ്യുട്ടീ' ബ്രാന്റിലെ 'യൂണിവേഴ്സല്‍ റെഡ് ലിപ്സ്റ്റിക്' ഇട്ട് പോയത്. ആ 'റെഡ് ലിപ്സ്റ്റിക്' എന്തിനു നിലകൊള്ളുന്നു എന്ന് ആത്മാര്‍ത്ഥമായി അറിയാന്‍ അഗ്രഹിക്കുന്നവര്‍ വായിച്ചു മനസ്സിലാക്കുക'' എന്നാണ് കനിയുടെ കുറിപ്പ്.

 

റിയാനയുടെ ഫെന്റി ബ്യൂട്ടി പുറത്തിറക്കിയ റെഡ് ലിപ്സ്റ്റിക് രാഷ്ട്രീയപരമായ കാരണങ്ങളാല്‍ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരുന്നു. ബ്രൈറ്റ് റെഡ് നിറത്തിലുള്ള ലിപ്സ്റ്റിക് എല്ലാ സ്‌കിന്‍ ടോണുകളുള്ളവര്‍ക്കും വേണ്ടിയാണ് പുറത്തിറക്കിയത്. നിറത്തിന്റെ വേര്‍തിരിവ് ഇല്ലാതെ ലോകത്ത് ഏത് ഭാഗത്തുമുള്ള സ്ത്രീകള്‍ക്ക് ധരിക്കാവുന്ന മേക്കപ്പ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്നാണ് ഈ കമ്പനിയുടെ ലക്ഷ്യം.