ഫയര്‍ എന്‍ജിനില്‍ തൂങ്ങിപിടിച്ച് നമ്മടെ ചാക്കോച്ചന്‍, കുട്ടിക്കാലത്തെ ആഗ്രഹം നിറവേറിയെന്ന് താരം

Updated: Monday, February 1, 2021, 17:14 [IST]

ഫയര്‍ സര്‍വീസ് വാഹനത്തിന്റെ മണ്ടയ്ക്ക് വലിഞ്ഞു കയറി നോക്കുന്ന നടന്‍ കുഞ്ചാക്കോ ബോബന്റെ ഫോട്ടോ വൈറലാകുന്നു. താരം തന്നെയാണ് ഈ ഫോട്ടോ പങ്കുവെച്ചത്. പണ്ടേ ഫയര്‍ എന്‍ജിന്‍ കാണാന്‍ ഓടിച്ചെല്ലുമായിരുന്നു. തന്റെ കുട്ടിക്കാലത്തുള്ള ഒരു സ്വപ്‌നം കൂടി സഫലമായിരിക്കുന്നുവെന്നാണ് കുഞ്ചാക്കോ ബോബന്‍ ഫോട്ടോ ഷെയര്‍ ചെയ്ത് കുറിച്ചത്. 

കേരള ഫയര്‍ ഫോഴ്‌സിനും ഭീമന്റെ വഴിക്കാര്‍ക്കും പ്രത്യേക നന്ദിയും കുറിച്ചിട്ടുണ്ട്. സംഭവം ചാക്കോച്ചന്റെ പുതിയ ചിത്രത്തില്‍ നിന്നുള്ളതാണ്. ഭീമന്റെ വഴി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുകയാണ്. തമാശയ്ക്ക് ശേഷം അഷ്‌റഫ് ഹംസ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 

നടന്‍ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ എഴുതിയ ചിത്രത്തില്‍ ചെമ്പന്‍ വിനോദ്, ചിന്നു ചാന്ദ്‌നി, ജിനു ജോസഫ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു. തമാശയിലെ തടിച്ചുരുണ്ട നായികയാണ് ചിന്നു ചാന്ദ്‌നി. അങ്കമാലി ഡയറീസിന് ശേഷം ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. 

 

ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും മഷര്‍ ഹംസ വസ്ത്രാലങ്കാരവും വിഷ്ണു വിജയ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ചെമ്പോസ്‌കി മോഷന്‍ പിക്ചേഴ്സിന്റെയും ഒ.പി.എം. പ്രൊഡക്ഷന്‌സിന്റെയും ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ചെമ്പന്‍ വിനോദ് ജോസ്, റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നിവര്‍ ചേര്‍ന്നാണ്. 2021 ഏപ്രില്‍ മാസം ചിത്രം പുറത്തിറക്കാനാണ് അണിയറക്കാരുടെ തീരുമാനം.