നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥ, സിനിമയിലേക്ക് തിരിച്ചുവരുമെന്ന് നടി മേഘ്‌ന രാജ്

Updated: Monday, November 23, 2020, 10:16 [IST]

ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം ചെറുതായൊന്നുമല്ല നടി മേഘന രാജിനെ തളര്‍ത്തിയത്. കുഞ്ഞ് വന്നതോടെ വിഷമങ്ങള്‍ മറന്ന് സന്തോഷിക്കുകയാണ് മേഘന രാജ്. സിനിമയിലേക്ക് മേഘ്‌ന തിരിച്ചുവരുമോ എന്ന ചോദ്യത്തിന് വരും എന്നാണ് ഉത്തരം. സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നുണ്ട്. ഞാന്‍ എത്രത്തോളം ശക്തയാണെന്ന് അറിയില്ലെന്നും മേഘ്‌ന പറഞ്ഞു.

നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചീരുവിന്റെ വേര്‍പാട്. ജീവിതത്തില്‍ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാന്‍. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചീരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസിലായത്. മകന്‍ ചീരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആണ്‍കുട്ടി ജനിക്കുമെന്ന് ചീരു പറയുമായിരുന്നു. എന്നാല്‍ നമ്മുടേത് പെണ്‍കുട്ടിയാകുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അവിടെയും ചീരു പറഞ്ഞത് സത്യമായെന്ന് മേഘ്‌ന പറയുന്നു.  

അഭിനയം എന്റെ അഭിനിവേശമാണ്. അത് എന്റെ രക്തത്തിലുളളതാണ്. ഞാന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് എന്റെ ഭര്‍ത്താവ് ഒരിക്കലും ആഗ്രഹിക്കുകയില്ല. എനിക്ക് കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നത് തുടരും. ഞാന്‍ തീര്‍ച്ചയായും മടങ്ങിവരുമെന്നും മേഘ്‌ന പറഞ്ഞു.