മഞ്ജു വാര്യർക്ക് പിറന്നാൾ ആശംസകളുമായി താരലോകം!!!

Updated: Thursday, September 10, 2020, 13:37 [IST]

മലയാളികളുടെ പ്രിയപ്പെട്ട ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യറിന് ഇന്ന് പിറന്നാൾ. പിറന്നാൾ ദിനത്തിൽ നിരവധി താരങ്ങളും ആരാധകരുമാണ് മഞ്ജുവിന് ആശംസകളുമായി എത്തിയത്. നല്ല കഥാപാത്രങ്ങുടെ കൂട്ടുകാരിയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് ചലചിത്രത്താരം ജയസൂര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. കലോത്സവ വേദിയിൽ നിന്നാണ് താരം സിനിമയിൽ എത്തിയത്. സാക്ഷ്യമെന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജു സിനിമാ ലോകത്തിൽ എത്തിയത്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു.

 

തന്റെ 17ാം വയസ്സു മുതൽ മഞ്ജു മലയാള സിനിമാ അഭിനയരംഗത്ത് നിറ സാന്നിധ്യമായി ഉണ്ട്. ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്, പ്രണയവർണ്ണങ്ങൾ, കന്മദം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി നിരവധി ചിത്രങ്ങളിൽ മഞ്ജു നിറ സാന്നിധ്യമായിരുന്നു. തുടർന്ന് 1998ൽ മഞ്ജു വിവാഹിതയായി. വിവാഹത്തോടെ ഈ പ്രതിഭ അഭിനയ ലോകത്തോട് വിട പറഞ്ഞു. പതിനാല് വർഷങ്ങൾക്ക് ശേഷം അഭിനയലോകത്തിലേയ്ക്ക് തിരിച്ചെത്തിയ മഞ്ജുവിനെ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഹൗ ഓൾ ആർ യൂ ?  എന്ന റോഷൻ ആഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു തന്റെ രണ്ടാമത്തെ അരങ്ങേറ്റം മഞ്ജു നടത്തിയത്.

 

തിരിച്ചു വരവിലും ഇരു കൈയും നീട്ടിയാണ് താരത്തെ ആരാധകർ സ്വീകരിച്ചത്. ഇപ്പോൾ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴിലും ശ്രദ്ധേയമായ ഒരു വേഷം മഞ്ജു ചെയ്തിട്ടുണ്ട്. ധനുഷ് നായകനായ അസുരൻ എന്ന ചിത്രം തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ പ്രേക്ഷക ശ്രദ്ധ നേടിയ ഒന്നാണ്. നിരവധി ദേശീയ, സംസ്ഥാന, ഫിലിം ഫെയർ അവാർഡുകൾ മഞ്ജുവിനെ തേടി എത്തിയിട്ടുണ്ട്. നിരവധി ആരാധകരാണ് മഞ്ജുവിന് പിറന്നാൾ ആശംസകളുമായി എത്തിയത്.