നടിയെ ആക്രമിച്ച കേസ്: ഇന്ന് ഭാമയേയും സിദ്ധിഖിനേയും വിസ്തരിക്കും. മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപ്!!!

Updated: Thursday, September 17, 2020, 10:41 [IST]

നടിയെ ആക്രമിച്ച കേസിൽ സിനിമാതാരങ്ങളായ ഭാമ, സിദ്ധിഖ് എന്നിവരുടെ സാക്ഷിവിസ്താരം ഇന്ന് നടക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാവാൽ ഇവരോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസമാണ് നടൻ മുകേഷിന്റെ സാക്ഷിവിസ്താരം പൂർത്തിയായത്. കൊച്ചിയിലെ ഒരു സ്വകാര്യ ആസ്പത്രി ഉടമ ഹൈദർ അലിയുടെ സാക്ഷിവിസ്താരം ഇന്ന് പൂർത്തിയാക്കും എന്നാണ് വിവരം.

 

അതേ സമയം മാധ്യമങ്ങൾ തന്നെ മോശമായി ചിത്രീകരിക്കുന്നു എന്ന പരാതിയുമായി ദിലീപ് രംഗത്ത്. അടിസ്ഥാനരഹിതമായ വാർത്തകൾ നൽകുന്നു എന്നാണ് നടന്റെ പരാതി. നടന്റെ പരാതിയിൽ 10 മാധ്യമസ്ഥാപനങ്ങൾക്ക് നോട്ടീസയക്കാൻ കോടതി നിർദ്ദേശിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷിക്കളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു.

  

ഹർജി കോടതി ഈ മാസം 22ന് പരിഗണിക്കും. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ നടത്തിയ പരാമർശങ്ങൾ അടിസ്ഥാന രഹിതമാണെന്നും അപകീർത്തികരമാണെന്നുമാണ് ദിലീപ് പരാതിയിൽ പറയുന്നത്. രഹസ്യവിചാരണയിൽ കോടതിയുടെ ഉത്തരവ് മാത്രമേ റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ എന്ന് കാണിച്ചാണ് ദിലീപ് പരാതി നൽകിയത്.