മെലിഞ്ഞുണങ്ങി ഫഹദ് ഫാസില്‍, ഇത് ജോജിയിലെ ഗെറ്റപ്പോ?

Updated: Saturday, November 28, 2020, 13:19 [IST]

ശ്യാം പുഷ്‌കര്‍ തിരക്കഥയെഴുതി, ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ജോജി എന്ന സിനിമയുടെ ചിത്രീകരണം എരുമേലിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജോജി ലൊക്കേഷനില്‍ നിന്നുള്ള നടന്‍ ഫഹദ് ഫാസിലിന്റെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. മെലിഞ്ഞുണങ്ങിയ ഫഹദിനെ കണ്ട് ആരാധകര്‍ ഞെട്ടി.

ജോജിയിലെ മോക്കോവറാണോ എന്നാണ് ആരാധകരുടെ ചോദ്യം. ഫാന്‍സിനൊപ്പമുള്ള സെല്‍ഫിയാണ് പുറത്തുവന്നത്. സീയു സൂണ്‍, ഇരുള്‍ എന്നീ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷമാണ് ഫഹദ് ജോജിയുടെ തിരക്കിലേക്ക് പോയത്. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, മഹേഷിന്റെ പ്രതികാരം എന്നീ ചത്രങ്ങള്‍ക്ക് ശേഷം ഫഹദും ദിലീഷ് പോത്തനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജോജി. 

ഏറെ പ്രതീക്ഷയോടെയാണ് ജോജിയെ ആരാധകര്‍ കാത്തിരിക്കുന്നത്. ഹിറ്റുകള്‍ മാത്രം സമ്മാനിക്കുന്ന ശ്യാം പുഷ്‌കറിന്റെ ചിത്രം കൂടിയാണിത്. വില്യം ഷെയ്ക്‌സ്പിയറിന്റെ 'മാക്ബത്ത്' എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം . ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് കിരണ്‍ ദാസാണ്. കുമ്ബളങ്ങി നൈറ്റ്‌സിന് ശേഷം വര്‍ക്കിങ് ക്ലാസ് ഹീറോയും, ഫഹദ് ഫാസിലും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് ജോജി.