ഈ കുട്ടിത്താരങ്ങളെ മനസ്സിലായോ.? സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി സൂപ്പർസ്റ്റാറുകളുടെ ചെറുപ്പകാല ചിത്രങ്ങൾ.!!

Updated: Thursday, August 27, 2020, 11:57 [IST]

സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത് ഈ രണ്ട് സൂപ്പർ സ്റ്റാറുകളുടെ കുട്ടിക്കാലത്തെ ചിത്രമാണ്. ഈ കുട്ടിസൂപ്പർസ്റ്റാറുകൾ ആരാണെന്ന് തിരഞ്ഞുകൊണ്ടിരിക്കുകയാണ് ആരാധകർ. തമിഴ് സിനിമാ ലോകത്തിലെ മുൻ നിരത്താരങ്ങളായ വിജയും, സൂര്യയും ഒന്നിച്ചു നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

മുതിർന്ന തമിഴ് ചലച്ചിത്രതാരവും സൂര്യയുടെ പിതാവുമായ ശിവകുമാറിനൊപ്പം ഇടവും വലവും കുട്ടികളായ സൂര്യയും വിജയും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഇവർ ചെറുപ്പം മുതൽ തന്നെ സുഹൃത്തുക്കളാണ്. ചലച്ചിത്രത്താരങ്ങളുടെ ഇത്തരം ചെറുപ്പകാല ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അത്തരത്തിൽ ഈ ചിത്രവും സൂര്യ-വിജയ് ആരാധകർ ഏറ്റടുത്ത് കഴിഞ്ഞു.

സൂര്യയും വിജയും കോളേജ് കാലത്തും ഒന്നിച്ചായിരുന്നു. സൂര്യയക്കാൾ ഒരു വയസ്സിന് മുകളിലാണ് വിജയ്. രണ്ട് സൂപ്പർ സ്റ്റാറുകളുടേയും പല ചിത്രങ്ങളും ബോക്‌സോഫിസ് ഹിറ്റുകളായിരുന്നു. ജീവിതത്തിൽ മാത്രമല്ല സിനിമയിലും ഇവർ ഒന്നിച്ചാണ്. നേർക്ക് നേർ, ഫ്രണ്ട്‌സ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇനിയും ഇവർ ഒന്നിച്ചുള്ള ഹിറ്റ് ചിത്രങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം ഒക്ടോബർ 30ന് 'സുരരൈ പ്രോട്രു' ആണ് സൂര്യയുടെ റിലീസ് ചെയ്യാനുള്ള ചിത്രം.

ആമസോൺ പ്രൈം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൂര്യയുടെ തന്നെ നിർമ്മാണ കമ്പനിയായ 2ഡി എന്റർടെയ്ന്റ്‌മെന്റ്, സിഖിയ എന്റർടെയ്ൻമെന്റ് എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പം തന്നെ വിജയുടെ പുതിയ ചിത്രത്തിനായും ആരാധകർ കാത്തിരുപ്പിലാണ്. ' കൈതി ' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റർ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. വിജയ്‌ക്കൊപ്പം സൂപ്പർ താരം വിജയ് സേതുപതിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.