'ചെണ്ട'യെന്ന് പരിഹസിച്ചവർക്കുള്ള മറുപടി ഇതാ; ഞെട്ടിച്ച് സിറാജ്, ഐപിഎല്ലിൽ ആദ്യം

Updated: Thursday, October 22, 2020, 08:36 [IST]

ബാറ്റ്‌സ്‌മാൻമാരുടെ 'ചെണ്ട'യാണ് സിറാജെന്ന് നിരവധി പേർ ട്രോളി. എന്നാൽ, അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് സിറാജ് ഇപ്പോൾ നൽകിയിരിക്കുന്നത്.ഈ സീസൺ ആരംഭിച്ചപ്പോൾ മുതൽ ട്രോളൻമാരുടെ സ്ഥിരം വേട്ടമൃഗമായിരുന്നു റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരം മൊഹമ്മദ് സിറാജ്. യാതൊരു നിയന്ത്രണവുമില്ലാതെ റൺസ് വിട്ടുകൊടുക്കുകയും വിക്കറ്റ് വീഴ്‌ത്തുന്നതിൽ പിശുക്ക് കാണിക്കുകയും ചെയ്യുന്ന ബൗളറെന്നാണ് സിറാജിനെ എല്ലാവരും കുറ്റപ്പെടുത്തിയിരുന്നത്.  


ബാറ്റ്‌സ്‌മാൻമാർ ഒരു ദയയുമില്ലാതെ പന്തുകളെ അതിർത്തി കടത്തുന്നത് കണ്ടപ്പോൾ മലയാളി ക്രിക്കറ്റ് ആസ്വാദകർ സിറാജിനൊരു ഇരട്ടപ്പേരും നൽകി. ബാറ്റ്‌സ്‌മാൻമാരുടെ ‘ചെണ്ട’യാണ് സിറാജെന്ന് നിരവധി പേർ ട്രോളി. എന്നാൽ, അവരുടെ വായടപ്പിക്കുന്ന മറുപടിയാണ് സിറാജ് ഇപ്പോൾ നൽകിയിരിക്കുന്നത്.  

സിറാജിന്റെ തോളിലേറി ഐപിഎല്ലിൽ ചരിത്രക്കുതിപ്പാണ് ഇന്ന് ആർസിബി നടത്തിയത്. ഐ.പി.എല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് നാല് മെയ്ഡിൻ ഓവറുകൾ പിറക്കുന്നത്. ആർസിബിയുടെ ബൗളർമാർ ഇന്ന് കൊൽകത്തയ്ക്ക് എതിരെ നാല് മെയ്ഡൻ ഓവറുകൾ ആണെറിഞ്ഞത്. രണ്ട് ഓവറുകൾ സിറാജ് എറിഞ്ഞപ്പോൾ വാഷിംഗ്ടൺ സുന്ദറും ക്രിസ് മോറിസും ഓരോ ഓവറുകൾ എറിഞ്ഞു. രണ്ടിൽ കൂടുതൽ മെയ്ഡിനുകൾ ഇതുവരെ ഒരിന്നിംഗ്സിൽ പിറന്നിട്ടില്ല.

ഐപിഎല്ലിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബൗളർ ഒരു മത്സരത്തിൽ രണ്ട് മെയ്ഡൻ ഓവറുകൾ എറിയുന്നത്. ഈ റെക്കോർഡ് സിറാക് സ്വന്തം പേരിലാക്കി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് ഇന്ന് 72 ഡോട്ട് ബോളുകളാണ് കളിച്ചത്. ഇതിൽ 16 എണ്ണം സിറാജിന്റെ സംഭാവനയായിരുന്നു. ഐപിഎൽ ചരിത്രത്തിൽ രണ്ടാമത്തെതാണ്.  

75 ഡോട്ട് ബോളുകൾ കൊൽക്കത്ത തന്നെ സിഎസ്കെക്ക് എതിരെ കഴിഞ്ഞ സീസണിൽ കളിച്ചിരുന്നു. ഇന്നിംഗ്സിലെ ആദ്യ നാല് ഓവറുകളിൽ നാല് വിക്കറ്റ് വീഴ്ത്താനും ഇന്ന് ആർസിബിക്ക് സാധിച്ചു. ഇന്ന് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിന്റെ ടോപ്പ് ത്രീ ബാറ്റ്സ്മാന്മാരെ രണ്ട് റൺസിൽ ഒതുക്കാനും ആർസിബിക്ക് സാധിച്ചു.