ഇനി ഒരിക്കലും മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ല, അഭിമുഖത്തിലെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചു ആളുകളെ തെറ്റിദ്ധരിപ്പിച്ചു ;വിജയ് യേശുദാസ്

Updated: Thursday, October 22, 2020, 11:52 [IST]

മലയാള സിനിമയില്‍ പാടില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് ഗായകന്‍ വിജയ് യേശുദാസ്. അഭിമുഖത്തില്‍ താന്‍ പറഞ്ഞകാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രമെടുത്ത് പ്രചരിപ്പിക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.

 

യഥാര്‍ഥത്തില്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് ഒരു ഭാഗം മാത്രം എടുത്താണ് പ്രചരിപ്പിച്ചത്. അത് അവരുടെ മാര്‍ക്കറ്റിങ് രീതിയായിരിക്കാം. ആ ആര്‍ട്ടിക്കിള്‍ മുഴുവനായി വായിച്ചാല്‍ മനസിലാകും ഞാന്‍ എന്താണ് ഉദ്ദേശിച്ചതെന്ന്. അത് വായിപ്പിക്കാന്‍ വേണ്ടിയാണല്ലോ ഇങ്ങനെ ഒരു തലക്കെട്ട് അവര്‍ കൊടുത്തത്. ആ ഒരു ഭാഗം മാത്രമെടുത്ത് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്നൊക്കെ പ്രചരിപ്പിച്ചു. വിജയ് യേശുദാസ് വ്യക്തമാക്കി.
 
ഇതുവരെ ഞാന്‍ പാട്ട് നിര്‍ത്തുകയാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, മലയാളത്തില്‍ പാടില്ലെന്നും പറഞ്ഞിട്ടില്ല. മലയാള ഗാനങ്ങള്‍ കുറച്ചുകൂടി സൂക്ഷിച്ച്‌ തെരഞ്ഞെടുക്കും എന്നായിരുന്നു പറഞ്ഞത്. അര്‍ഹിക്കുന്ന പരിഗണനയാണ് ലഭിക്കേണ്ടത്. നല്ല ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്ബോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നാണ് ചിന്തിക്കേണ്ടത്
 
നമുക്ക് എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെ എന്നും വിജയ് പറയുന്നു.