മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പ് ; ഇന്ത്യയില്‍ ആകെ 20. കേരളത്തില്‍ 4 ; സ്വപ്നവാഹനം സ്വന്തമാക്കി ചാക്കോച്ചന്‍

Updated: Tuesday, July 14, 2020, 18:27 [IST]

മലയാള സിനിമയിലെ നടന്മാരുടെ കാര്‍പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മലയാളത്തിലെ നടന്മാര്‍ക്ക് കോടികളും ലക്ഷങ്ങളും വിലമതിക്കുന്ന കാറുകള്‍ സ്വന്തമായി ഉണ്ട്. സിനിമാ ലോകത്തെ ഏറ്റവും വലിയ കാര്‍പ്രേമിയായി അറിയപ്പെടുന്നത് മമ്മൂട്ടിയാണ്. ഔഡി കാര്‍ സ്വന്തമായി വാങ്ങിയ ആദ്യ തെന്നിന്ത്യന്‍ താരം അദ്ദേഹമാണ്. ഇപ്പോള്‍ ഇതാ മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പ് സ്വന്തമായി വാങ്ങി വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കുഞ്ചാക്കോ ബോബന്‍. 

60 വര്‍ഷ എംബ്ലവും, പ്രത്യേക സവിശേഷതകളുമായി എത്തുന്ന മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പിനെയാണ് കുഞ്ചാക്കോ സ്വന്തമാക്കിയിരിക്കുന്നത്. ലോകത്ത് 3000 60 വര്‍ഷ സ്പെഷല്‍ എഡീഷനുകളാണ് പുറത്തിറങ്ങുന്നത്. അതില്‍ 20 എണ്ണം ഇന്ത്യക്കായി അനുവദിച്ചു. കേരളത്തിന് 4 എണ്ണം മാത്രമാണ് ലഭിച്ചത്. അവയില്‍ ഒന്നാണ് ചാക്കോച്ചന്‍ സ്വന്തം ഗ്യാരേജില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബി.എം.ഡബ്ല്യൂ മിനി ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്.

ബ്രിട്ടനില്‍ ചെറുകാറുകളുടെ പുതിയ ഒരു യുഗപിറവി ആയിരുന്നു 1959 മിനിയിലൂടെ സംഭവിച്ചത്. 20-ാം നൂറ്റാണ്ടില്‍ ആളുകളെ ഏറ്റവും സ്വാധീനിച്ച കാറുകളില്‍ 2-ാം സ്ഥാനത്ത് എത്തിയ മിനി 60 വര്‍ഷം ആഘോഷിച്ചത് അടുത്തിടെയാണ്. കൂപ്പര്‍ എസിന്റെ മൂന്ന് ഡോര്‍ വകഭേദമാണ് സ്പെഷല്‍ എഡീഷന്‍ ആയിരിക്കുന്നത്. ബോണറ്റിന്റെ വശങ്ങളില്‍ നല്‍കിയിരിക്കുന്ന ഇന്‍ഡികേറ്ററിലും, ബോണറ്റിലെ ഗ്രാഫിക്സിലും, സീറ്റുകളിലും, സ്റ്റിയറിങ്ങ് വീലിലും 60 ഇയര്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്. ഗ്രീന്‍ - വൈറ്റ് ഡ്യുവല്‍ ടോണ്‍ ഫിനിഷിങ്ങിലുള്ള വാഹനമാണ് സ്പെഷല്‍ എഡിഷനായി വേഷപകര്‍ച്ച നടത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കമ്പനി പ്രത്യേക പതിപ്പ് പുറത്ത് ഇറക്കിയത്. 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 192 ബിഎച്ച്പി കരുത്തും 280 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍  ഈ വാഹനത്തിന് 6.7 സെക്കന്‍ഡുകള്‍ മാത്രം മതി. ഏകദേശം 40 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

60 വര്‍ഷ എംബ്ലവും, പ്രത്യേക സവിശേഷതകളുമായി എത്തുന്ന മിനി കൂപ്പറിന്റെ പ്രത്യേക പതിപ്പിനെയാണ് കുഞ്ചാക്കോ സ്വന്തമാക്കിയിരിക്കുന്നത്.