ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അര്‍ത്ഥം അറിയില്ല പലര്‍ക്കും, ഞാന്‍ അനുഭവിച്ചതൊന്നും അവളെ കൊണ്ട് അനുഭവിപ്പിക്കാന്‍ സമ്മതിക്കില്ല: രചന നാരായണന്‍കുട്ടി
Updated: Friday, December 4, 2020, 12:56 [IST]

സ്ത്രീകളെ ഫെമിനിച്ചികളായി മുദ്ര കുത്തുന്നതിനെക്കുറിച്ച് നടി രചന നാരായണന്‍കുട്ടി പ്രതികരിക്കുന്നു. സ്വന്തമായി അഭിപ്രായം പറയുന്നവരെ ഫെമിനിച്ചികളാക്കുന്നുവെങ്കില് ഞാനും ഫെമിനിസ്റ്റാണെന്ന് രചന പറയുന്നു. ഫെമിനിസ്റ്റ് എന്ന വാക്കിന്റെ അര്‍ഥം അറിയാത്തവരാണ് ഈ വാക്കിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതെന്ന് നടി പറയുന്നു.

ഏതൊരു സ്ത്രീയും ഫെമിനിസ്റ്റാണ്. ഞാനും ഫെമിനിസ്റ്റാണ്. എല്ലാ സ്ത്രീകള്‍ക്കും അവരുടേതായ അഭിപ്രായങ്ങളുണ്ട്. അത് തുറന്നുപറയുമ്പോള്‍ ഫെമിനിച്ചിയായി മുദ്ര കുത്തപ്പെടുകയാണെന്നും രചന പറയുന്നു. ഓരോ കുടുംബത്തിലും ആണ്‍കുട്ടികള്‍ക്ക് കൊടുക്കുന്ന അതേ പ്രാധാന്യം പെണ്‍കുട്ടികള്‍ക്കും കൊടുത്താല്‍ എല്ലാ പ്രശ്നവും തീരും.
പുരുഷന്മാര് രാത്രി വൈകി വീട്ടിലെത്തിയാല്‍ ആര്‍ക്കും പ്രശ്നമില്ല. അതേസമയം, സ്ത്രീ അല്‍പ്പം വൈകിയാല്‍ വീട്ടുകാര്‍ക്ക് ആധിയായി മാറുന്നു. വീട്ടുകാര്‍ പെണ്‍കുട്ടികളുടെ കാര്യത്തില്‍ കാണിക്കുന്ന ശ്രദ്ധയാണ് അതെല്ലാമെന്നും വീട്ടുകാരെ കുറ്റം പറയാന്‍ സാധിക്കില്ലെന്നും രചന പറയുന്നു.

പെണ്‍കുട്ടികളെ ബോള്‍ഡ് ആക്കി മാറ്റുകയാണ് വേണ്ടത്. തനിക്ക് 37 വയസായി. അല്‍പ്പം വൈകിയാല്‍ വീട്ടില്‍ ഇപ്പോഴും അമ്മ ടെന്‍ഷനാകുമെന്നും നടി പറയുന്നു. സമത്വമാണ് വേണ്ടത്. ചേട്ടന്റെ മകള്‍ വളര്‍ന്നുവരുന്നു. അവളോട് ഒന്നും അരുത് എന്ന് പറഞ്ഞല്ല വളര്‍ത്തുന്നത്. ഓരോ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കും. ഞാന്‍ ചെറുപ്പത്തില്‍ അനുഭവിച്ചതൊന്നും അവളെ കൊണ്ട് അനുഭവിക്കാന്‍ സമ്മതിക്കില്ല. സ്ത്രീകള്‍ എല്ലാ മേഖലിയിലും മുന്‍നിരയിലേക്ക് വരുന്നത് പ്രതീക്ഷയാണെന്നും രചന നാരായണന്‍കുട്ടി പറയുന്നു.