'സുശീ.. നാം എന്നെന്നേക്കുമായി ചേര്‍ന്നവര്‍' ; മൗനം വെടിഞ്ഞ് റിയയുടെ ആദ്യ കുറിപ്പ്
Updated: Wednesday, August 26, 2020, 14:45 [IST]

ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണത്തില്‍ ഹൃദയം തകര്‍ന്ന് ഇരിക്കുകയാണെന്ന് താരത്തിന്റെ പ്രണിയിനി ആയിരുന്ന നടി റിയ ചക്രബര്‍ത്തി. റിയ സുശാന്ത് ജീവനൊടുക്കിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് മൗനം വെടിയുന്നത്. അങ്ങേയറ്റം വികാരനിര്‍ഭരമായ കുറിപ്പാണ് റിയ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്. സുശാന്ത് ഇല്ലെന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ ഇനിയും ആയിട്ടില്ലെന്നും റിയ കുറിക്കുന്നു.
റിയയുടെ കുറിപ്പ് ഇങ്ങനെ :
'ഹൃദയം നിറയേ ഒരിക്കലും അതിജീവിക്കാന്‍ ആകാത്ത അത്രയും മരവിപ്പാണ്. ഇത് എഴുതുമ്പോഴും ഞാന്‍ വികാരങ്ങളെ നിയന്ത്രിക്കാന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട്. സ്നേഹത്തില്‍, അതിന്റെ ശക്തിയില്‍ വിശ്വസിക്കാന്‍ എന്നെ പഠിപ്പിച്ചത് നീയാണ്. ലളിതമായ ഗണിതസൂത്ര വാക്യത്തില്‍ പോലും ജീവിതത്തിന്റെ അര്‍ത്ഥം ഉണ്ടെന്ന് പറഞ്ഞ് തന്നത് നീയാണ്. നിന്നില്‍ നിന്ന് ഓരോ ദിവസവും ഞാന്‍ പഠിച്ചുകൊണ്ടേ ഇരിക്കുന്നു. നീ ഇല്ല എന്ന യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ ഇനിയും എനിക്ക് ആയിട്ടില്ല.
നീ ഇപ്പോള്‍ കുറേകൂടി സമാധാനപൂര്‍ണ്ണമായ സ്ഥലത്താണെന്ന് എനിക്ക് അറിയാം. ചന്ദ്രനും, നക്ഷത്രങ്ങളും, താരാപഥങ്ങളും മഹാനായ ഭൗതിക ശാസ്ത്രജ്ഞനെ ഇരുകൈകളും നീട്ടി സ്വീകരിച്ചുവെന്നും. അങ്ങേയറ്റം സഹാനുഭൂതിയും സന്തോഷവും നിറഞ്ഞ പ്രകാശമാനമായ ഒരു വാല്‍നക്ഷത്രം! നീ അതായി കഴിഞ്ഞുവെന്ന് എനിക്ക് അറിയാം. എന്റെ പ്രിയപ്പെട്ട വാല്നക്ഷത്രമേ, നിന്നെ തിരികെ ലഭിക്കുവോളം ഞാന്‍ കാത്തിരിക്കും. നീ മനോഹരമായ വ്യക്തിത്വത്തിന് ഉടമ ആയിരുന്നു ; ലോകത്തിന് ഒരു അത്ഭുതവും.
നമ്മുടെ പ്രണയത്തെ പ്രകടിപ്പിക്കാന്‍ എന്റെ വാക്കുകള്‍ അശക്തമാണ്. അത് വാക്കുകള്‍ക്കും, നമുക്കും അപ്പുറമാണെന്ന് നീ പറഞ്ഞതിന്റെ അര്‍ത്ഥം ഇന്ന് എനിക്ക് അറിയാം. തുറന്ന മനസ്സോടെ നീ എല്ലാത്തിനെയും സ്നേഹിച്ചു. നമ്മുടെ പ്രണയം ദിവസം ചെല്ലുംതോറും ദൃഢമായിക്കൊണ്ടിരിക്കും, സുശീ. സമാധാനമായിരിക്കൂ. നീ ഇല്ലാത്ത 30 ദിവസങ്ങള്‍. നിന്നെ സ്നേഹിച്ച ഒരു ജീവിതകാലം ആണിത്. കാലങ്ങള്‍ക്കും അപ്പുറത്തേക്ക് എന്നെന്നേക്കും ചേര്‍ത്തു വെക്കപ്പെട്ടവരാണ് നാം.'