വിവാഹം കഴിക്കുന്നെങ്കിൽ ഈ മിമിക്രിക്കാരനെ... ഈ തീരുമാനത്തിന് ഇന്ന് 24ാം പിറന്നാൾ. സലീം കുമാറിന്റെ പോസ്റ്റ് വൈറൽ!!!

Updated: Monday, September 14, 2020, 13:59 [IST]


തന്റെ 24ാം വിവാഹ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പാണ് നടൻ സലീം കുമാർ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. താരത്തിന്റെ ഭാര്യ സുനിതയ്ക്ക് നന്ദി പറഞ്ഞു കൊണ്ടാണ് സലീം കുമാറിന്റെ പോസ്റ്റ്. 1996 സെപ്തംബർ 14നായിരുന്നു സലീംകുമാറും സുനിതയും തമ്മിലുള്ള വിവാഹം നടന്നത്. സലീം കുമാറിന്റെ പോസ്റ്റ് ഇങ്ങനെ :

 

കല്യാണം കഴിക്കുന്നെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രക്കാരനെ മാത്രമായിരിക്കും, എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് അന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്. ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ. എങ്ങനെ നന്ദി പറയണം എന്നറിയില്ല. ആഘോഷങ്ങൾ ഒന്നുമില്ല.. എല്ലാവരുടേയും പ്രാർത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ സ്വന്തം സലീം കുമാർ.

ചന്തു ആരോമൽ എന്നിവരാണ് ഇവരുടെ മക്കൾ. ഇത്രയപം വർഷത്തെ ദാമ്പത്യത്തിനിടയിൽ തങ്ങൾ തമ്മിൽ വഴക്കിട്ടതായി ഓർക്കുന്നില്ലെന്നും അഥവാ ഉണ്ടെങ്കിൽ തന്നെ അതിന് പത്ത് മിനുറ്റിന്റെ ആയുസ്സ് പോലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം മുൻപൊരിക്കൽ പറഞ്ഞിരുന്നു. നിരവധി ചിത്രങ്ങളിലൂടെ കോമഡി കഥാപാത്രങ്ങൾ അവതരിപ്പിച്ചാണ് സലീം കുമാർ മലയാള സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്നത്. അദ്ദേഹം ചെയ്ത കോമഡി കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകർക്ക് മറക്കാൻ സാധിക്കാത്ത ഒന്നാണ്. പിന്നീട് അദ്ദേഹം സഹനടനായും നായകനായുമെല്ലാം പ്രവർത്തിച്ചു. തന്റെ ഏറ്റവും വലിയ ആഗ്രഹമായ സിനിമ സംവിധാനവും അദ്ദേഹം നിർവഹിച്ചു. ജയറാം നായകനായ ദൈവമേ കൈതൊഴാം കെകുമാറാകണം എന്ന ചിത്രമാണ് സലീം കുമാർ സംവിധാനം ചെയ്തത്.