ജീവിതത്തിലെ അമ്മ വേഷം മാറ്റിവെച്ച് നടി സംവൃത സുനില്‍ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പില്‍

Updated: Friday, December 4, 2020, 15:47 [IST]

രണ്ട് മക്കളുടെ അമ്മയാണ് ഇപ്പോള്‍ സംവൃത സുനില്‍. ജീവിതത്തിലെ അമ്മ വേഷങ്ങളൊക്കെ മാറ്റിവെച്ച് സംവൃത വീണ്ടും സിനിമാ തിരക്കുകളിലേക്ക് നീങ്ങുകയാണ്. അനൂപ് സത്യന്‍ സംവിധാനം  ചെയ്യുന്ന ചിത്രത്തിലാണ് സംവൃത നായികയാകുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു അനൂപ് സത്യന്‍ സംവിധാനത്തിലേക്ക് കടന്നത്.

കല്യാണി പ്രിയദര്‍ശനും ദുല്‍ഖര്‍ സല്‍മാനും നായികനായകന്‍മാരായെത്തിയ ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തിയിരുന്നു. മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയെ വീണ്ടും സ്‌ക്രീനില്‍ കാണാനായതിന്റെ സന്തോഷമായിരുന്നു ആരാധകര്‍ പങ്കുവെച്ചത്. പ്രിയദര്‍ശന്റേയും ലിസിയുടേയും മകളായ കല്യാണിയുടെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു ഇത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ചിത്രം നിര്‍മ്മിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനായ അനൂപിന്റെ അടുത്ത ചിത്രത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. 

വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത സംവൃത സുനില്‍ തിരിച്ചെത്തിയത് സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോയെന്ന ചിത്രത്തിലൂടെയായിരുന്നു. ബിജു മേനോനായിരുന്നു ചിത്രത്തിലെ നായകന്‍. അനൂപ് സത്യന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.