ഒടിയനും ശേഷം മിഷൻ കൊങ്കണുമായി ശ്രീകുമാർ മേനോൻ: ചിത്രം ഒരുങ്ങുന്നത് ബോളിവുഡിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും!!!

Updated: Saturday, September 5, 2020, 13:20 [IST]

മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഒടിയനു ശേഷം ശ്രീകുമാർ മേനോൻ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രവുമായി എത്തുന്നു. മിഷൻ കൊങ്കൺ എന്ന പേരിലാണ് ഹിന്ദിയിലാണ് ചിത്രം ഇറങ്ങുന്നത്. ടിഡി രാമകൃഷ്ണനാണ് ചിത്രത്തിന്റെ രചന. ഫെയ്‌സ്ബുക്കിൽ അദ്ദേഹം പങ്ക് വച്ച് വാർത്താകുറിപ്പിന്റെ പൂർണ്ണ രൂപം. 

 

''മാപ്പിള ഖലാസികളുടെ 'മിഷൻ കൊങ്കൺ': ഒടിയനു ശേഷം വി.എ ശ്രീകുമാർ ഹിന്ദിയിൽ; ടി.ഡി രാമകൃഷ്ണന്റെ രചന
മിഷൻ കൊങ്കൺ എന്ന പേരിൽ മാപ്പിള ഖലാസികളുടെ സാഹസിക കഥ ഒരേ സമയം ബോളിവുഡിലും മലയാളമടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലും ചലച്ചിത്രമാകുന്നു. ഒടിയനു ശേഷം വി.എ ശ്രീകുമാർ എർത്ത് ആൻഡ് എയർ ഫിലിംസിന്റെ ബാനറിൽ സംവിധാനം ചെയ്യുന്ന ഈ ബിഗ്ബജറ്റ് സിനിമ കൊങ്കൺ റെയിൽവേയുടെ പശ്ചാത്തലത്തിലാണ് യാഥാർത്ഥ്യമാകുന്നത്. ബോളിവുഡിലേയും മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേയും പ്രമുഖ താരങ്ങളാണ് സിനിമയിൽ കഥാപാത്രങ്ങളാകുന്നത്. താരനിര പിന്നീട് അനൗൺസ് ചെയ്യും.

 

മനുഷ്യാൽഭുതമാണ് ഖലാസി. മലബാറിന്റെ തീരങ്ങളിൽ നിന്നും ലോകമെമ്പാടും പരന്ന പെരുമ. ശാസ്ത്രത്തിനും ഗുരുത്വാകർഷണ നിയമങ്ങൾക്കും വിവരിക്കാനാവാത്ത ബലതന്ത്രം. ഇന്ത്യയുടെ അഖണ്ഡതയും സാങ്കേതിക രംഗത്തെ മുന്നേറ്റവും തകർക്കാനുള്ള ശത്രുരാജ്യങ്ങളുടെ അട്ടിമറി ശ്രമം, മലബാറിന്റെ അഭിമാനമായ മാപ്പിള ഖലാസികൾ പരാജയപ്പെടുത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം. ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, മാമ ആഫ്രിക്ക തുടങ്ങിയ നോവലുകളിലൂടെ പ്രശസ്തനും റെയിൽവേ ചീഫ് കൺട്രോളറുമായിരുന്ന ടി.ഡി രാമകൃഷ്ണനാണ് രചന. ഹോളിവുഡ് ടെക്നീഷ്യൻമാരുടെ നേതൃത്വത്തിലാണ് ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം. ഡിസംബറിൽ രത്നഗിരി, ഡൽഹി, ഗോവ, ബേപ്പൂർ, കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിലായി ഈ ബിഗ്ബജറ്റ് സിനിമയുടെ ചിത്രീകരണം നടക്കും.'

 

 

 നിരവധി പരസ്യ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ചിര പരിചിതനായ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഒടിയൻ. ഒടിയൻ എന്ന ചിത്രം സമ്മിശ്ര പ്രതികരണമായിരുന്നു നേടിയത്. എങ്കിലും ബോക്‌സോഫീസിൽ മികച്ച വിജയം നേടിയിരുന്നു. അൻപത് കോടി ക്ലബിലുള്ള മലയാള ചിത്രങ്ങളുടെ പട്ടികയിൽ ഒടിയനും സ്ഥാനം പിടിച്ചിട്ടുണ്ട്.