വിഘ്‌നേശ് ശിവനുമൊത്തുള്ള നയന്‍താരയുടെ ക്ഷേത്ര ദര്‍ശനത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടി ഉര്‍വശി

Updated: Saturday, November 21, 2020, 11:56 [IST]

തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താര ഹാര്‍ഡ് വര്‍ക്കറാണെന്ന് പ്രശസ്ത നടി ഉര്‍വശി. നയന്‍താരയ്‌ക്കൊപ്പം മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തില്‍ വേഷമിട്ട ഉര്‍വശി ചിത്രത്തെക്കുറിച്ച് വിശേഷങ്ങള്‍ പങ്കുവെച്ചു. നയന്‍താരയും വിഘ്‌നേശ് ശിവനും ലോക്ഡൗണിനു മുന്‍പ് നിരവധി ക്ഷേത്ര ദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിന്റെ സത്യാവസ്ഥയും ഉര്‍വശി വെളിപ്പെടുത്തി. 

വിവാഹത്തിനുമുന്നോടിയായാണ് ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തുന്നതെന്നുള്ള ഗോസിപ്പായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്. എന്നാല്‍, സത്യമതല്ല. ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത മൂക്കുത്തി അമ്മനില്‍ ദേവീ വേഷത്തിലാണ് നയന്‍താര എത്തുന്നത്. ആ ചിത്രത്തില്‍ ഒരു പ്രധാന വേഷമാണ് ഉര്‍വശി ചെയ്യുന്നത്. ഉര്‍വശി തന്നെ ഈ വേഷം ചെയ്യണമെന്ന് നയന്‍താരയാണ് നിര്‍ദ്ദേശിച്ചത്. 

 

സിനിമയ്ക്ക് വേണ്ടി ചിത്രീകരണ കാലം മുഴുവന്‍ നയന്‍ വെജിറ്റേറിയന്‍ ആയി വ്രതം അനുഷ്ടിച്ചിരുന്നുവെന്ന് ഉര്‍വശി പറയുന്നു. താന്‍ ചില ഗ്ലാമര്‍ വേശങ്ങള്‍ ചെയ്തതു കൊണ്ട് ദേവിയായി അഭിനയിക്കുമ്പോള്‍ ആളുകള്‍ വിമര്‍ശിക്കുമോ എന്ന ഭയം നയന്‍താരയ്ക്കുണ്ടായിരുന്നുവെന്ന് ഉര്‍വശി പറയുന്നു.

അതുകൊണ്ടാണ് ദേവിയുടെ വേഷം ധരിക്കുന്നതിനുമുന്‍പേ മൂക്കുത്തി അമ്മന്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയന്‍താര ദര്‍ശനം നടത്തിയത്. നയന്‍താരയ്ക്ക് കൂട്ടുപോയതാണ് വിഘ്‌നേശ് ശിവനെന്നും ഉര്‍വശി പറയുന്നു.