ഫെബ്രവരി 12 എന്താണ് പ്രത്യേകത? നസ്രിയയും മേഘ്ന രാജും പറയുന്നു
Updated: Thursday, February 11, 2021, 13:14 [IST]

ഫെബ്രവരി 12 എന്താണ് പ്രത്യേകത? ഈ ചോദ്യം നടി നസ്രിയ നസിമിനോടും മേഘ്ന രാജിനോടുമാണ്. രണ്ടുപേരുടെയും സോഷ്യല്‍ മീഡിയ പോസ്റ്റാണ് വൈറലാകുന്നത്. സസ്പെന്‍സ് നിറച്ച് എത്തിയിരിക്കുകയാണ് ഇരുവരും. ഫെബ്രവരി 12ന് ആ ആവേശകരമായ വാര്‍ത്ത കേള്‍ക്കാം... എന്നു പറഞ്ഞു കൊണ്ടാണ് രണ്ടുപേരും എത്തിയത്.

മേഘ്നയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ ചിലര്‍ ചോദിക്കുന്നത് ജൂനിയര്‍ ചീരുവിന്റെ പേരോ ഫൊട്ടോയോ ആണോ ഈ സര്‍പ്രൈസ് എന്നാണ്. കഴിഞ്ഞ ഒക്ടോബറിലാണ് മേഘ്നരാജിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ചിത്രങ്ങളൊന്നും മേഘ്ന കാര്യമായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടില്ല. കുഞ്ഞ് ജനിച്ചപ്പോള്‍ മേഘ്നയ്ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ടും കുഞ്ഞിനെ സ്വാഗതം ചെയ്തു കൊണ്ടുമുള്ള നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റും ശ്രദ്ധ നേടിയിരുന്നു.

നസ്രിയയും മേഘ്ന രാജും നല്ല സുഹൃത്തുക്കളാണ്. മേഘ്നയുടെ മകളായി നസ്രിയ മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അന്നു തുടങ്ങിയ സൗഹൃദം ഇന്നും നിലനില്ക്കുന്നു. ഭര്‍ത്താവും നടനുമായി ചിരഞ്ജീവി സര്‍ജ മരിച്ചപ്പോഴും കുഞ്ഞു പിറന്നപ്പോഴും ചലച്ചിത്ര മേഖലയില്‍ നിന്ന് മേഘ്നയെ കാണാനും ആശ്വസിപ്പിക്കാനും എത്തിയ താരമാണ് നസ്രിയ. ഫഹദ് ഫാസിലും നസ്രിയയും മേഘ്ന രാജിനെ കാണാന്‍ ആശുപത്രിയിലും എത്തിയിരുന്നു.

എന്റെ ഭായി തിരിച്ചുവന്നു എന്നാണ് നസ്രിയ കുഞ്ഞി പിറന്നപ്പോള്‍ പങ്കുവെച്ചത്. ജൂണ്‍ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി അന്തരിച്ചത്. ആരാധാകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെല്ലാം വലിയ ആഘാതമായിരുന്നു താരത്തിന്റെ മരണം. തന്റെ കുഞ്ഞിനെ ഒരു നോക്കു കാണാതെയാണ് ചിരഞ്ജീവി യാത്രയായത്. ചിരഞ്ജീവിയുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് മേഘ്ന ഇപ്പോള്‍ താമസിക്കുന്നത്.

ചിരഞ്ജീവി സര്‍ജയുടെ കുറവ് നികത്താന്‍ താങ്ങും തണലുമായി അദ്ദേഹത്തിന്റെ സഹോദരന് ധ്രുവ മേഘ്നയ്ക്കൊപ്പമുള്ളത് ആരാധകര്‍ കണ്ടതാണ്. മേഘ്നയുടെ ബേബി ഷവറും കുഞ്ഞിന്റെ നൂലുകെട്ടും വളകാപ്പ് ചടങ്ങുമെല്ലാം ഗംഭീരമായാണ് ധ്രുവ നടത്തിയത്.

തെന്നിന്ത്യയില്‍ ഒരുപോലെ തിളങ്ങിയ താരമാണ് മേഘന രാജ്. എന്നാല്‍, വിവാഹ ശേഷം മേഘ്ന സിനിമയില്‍ സജീവമായിരുന്നില്ല. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷയില്‍ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചു. 2010ല്‍ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്നയുടെ മലയാളത്തിലേക്കുള്ള പ്രവേശം. പിന്നീട് ബ്യൂട്ടിഫുള്‍, മെമ്മറീസ്, ആഗസ്ത് 15, വന്നെത്തും മുന്‍പേ, രഘുവിന്റെ സ്വന്തം റസിയ, അച്ഛന്റെ ആണ്മക്കള്, മുല്ലമൊട്ടും മുന്തിരിച്ചാറും, ട്രിവാന്‍ഡം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. നരേന് നായകനായി എത്തിയ ഹാലേലുയ്യയാണ് ഒടുവില്‍ പുറത്തിറങ്ങിയ മലയാളചിത്രം.