നടി മോനിഷയുടെ മരണവും അതിനുദാഹരണമാണ്, ഗായകന്‍ എംജി ശ്രീകുമാര്‍

Updated: Friday, February 12, 2021, 11:58 [IST]

തനിക്ക് ജ്യോത്സത്തില്‍ വിശ്വാസമില്ലെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍. ഞാന്‍ അങ്ങനെയുള്ള ഒരാളല്ല. എന്തെങ്കിലും വിഷമവും തടസ്സവും ഉണ്ടാകുമ്പോഴാണല്ലോ പലരും ഇത്തരം കാര്യങ്ങളില്‍ അഭയം തേടുന്നത്. എന്നാല്‍, ഇതൊന്നും ആവശ്യമില്ലെന്നും ഇതൊക്കെ ആ സമയത്തുള്ള സമാധാനം മാത്രമാണെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

നമുക്ക് വരേണ്ടത് എങ്ങനെയായാലും വരും. കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യുമെന്നാണ് എംജി പറയുന്നത്. ഇതിനുദാഹരണമായി ഒരു കഥ പറയുന്നുണ്ട് എംജി ശ്രീകുമാര്‍. ഒരാളോട് നിങ്ങള്‍ പന്ത്രണ്ട് മണിക്ക് പാമ്പ് കടിച്ച് മരിക്കുമെന്ന് പറയുന്നു. അയാള്‍ അതില്‍ നിന്ന് വളരെ വിദഗ്ധമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതാണ് കഥ. ഒരു വണ്ടിയെടുത്ത് അയാള്‍ ഹൈറേഞ്ചിലേക്ക് യാത്ര പോകുകയാണ്. വണ്ടിയിലായതു കൊണ്ട് തന്നെ എങ്ങനെ പാമ്പ് കടിക്കുമെന്ന് നോക്കാം എന്നായിരുന്നു വിചാരിച്ചത്. എന്നാല്‍ സംഭവിച്ചതിങ്ങനെ.. ജീപ്പിന്റെ സൈഡില്‍ കൈയ്യും വെച്ചാണ് അയാള്‍ വണ്ടിയോടിച്ചത്. 

 

മുകളിലൂടെ അതിനിടെ ഒരു പരുന്ത് പറക്കുന്നുണ്ടായിരുന്നു. ആ പരുന്തിന്റെ വായില്‍ ഒരു മുര്‍ഖന്‍ പാമ്പും. പെട്ടെന്ന് പാമ്പ് പരുന്തിനെ കൊത്തി. പരുന്തിന്റെ വായില്‍ നിന്ന് പാമ്പ് പിടിവിട്ട് വീണത് ഈ വണ്ടിയുടെ മുകളിലാണ്. പാമ്പ് ഇയാളുടെ കൈ കൊത്തുകയും ഇയാള്‍ മരിക്കുകയുമാണ്. ഇതാണ് വരേണ്ടത് എങ്ങനെയായാലും വരുമെന്നാണ് എംജി ശ്രീകുമാര്‍ പറഞ്ഞുവരുന്നത്. അതിന് ജ്യോത്സ്യനെ കണ്ടിട്ടൊന്നും കാര്യവുമില്ല.  

 

നടി മോനിഷയുടെ മരണവും മറ്റൊരു ഉദാഹരണമാണ്. നടി മോനിഷ വിവാഹം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാകുമെന്നൊക്കെ ജ്യോത്സ്യ പ്രവചനം ഉണ്ടായതാണ്. എന്നാല്‍ പറഞ്ഞതിന്റെ രണ്ടാഴ്ച കഴിഞ്ഞാണ് മോനിഷ മരിക്കുന്നത്. നമുക്കൊന്നും നമ്മുടെ ജീവിതത്തിനെ പറ്റി പ്രവചിക്കാനൊന്നും പറ്റില്ലെന്നാണ് എംജി ശ്രീകുമാര്‍ വ്യക്തമാക്കുന്നത്. 

 

എന്നാല്‍, നല്ല ദൈവ ഭക്തനാണ് എംജി. ക്ഷേത്ര ദര്‍ശനങ്ങള്‍ മിക്കപ്പോഴും എംജി ശ്രീകുമാര്‍ നടത്താറുണ്ട്. നിരവധി ഭക്തി ഗാനങ്ങള്‍ അദ്ദേഹത്തിന്റെ ശബ്ദത്തില്‍ നിന്നുയര്‍ന്നിട്ടുണ്ട്. പിന്നണി ഗാനരംഗത്ത് പതിറ്റാണ്ടുകളായി ഉയര്‍ന്നുകേള്‍ക്കുന്ന ശ്രുതി മാധുര്യമാണ് എംജിയുടെ പാട്ടുകള്‍. 1984ല്‍ പുറത്തിറങ്ങിയ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എംജിയെത്തുന്നത്.