ഓട്ടോറിക്ഷ തൊഴിലാളിയുടെ മകള്‍, പട്ടിണിയില്‍ നിന്ന് ഇന്ന് മിസ് ഇന്ത്യ വരെ, മന്യ സിംഗ് എല്ലാവര്‍ക്കും മാതൃക

Updated: Monday, February 15, 2021, 18:16 [IST]

ഈ വര്‍ഷത്തെ മിസ് ഇന്ത്യ പട്ടം നേടിയ മാനസ വാരണസിയാണ്. എന്നാല്‍ ഇത്തവണ സോഷ്യല്‍ മീഡിയയില്‍ ഇടംപിടിച്ചത് മിസ് ഇന്ത്യ രണ്ടാം സ്ഥാനം നേടിയ മന്യ സിംഗാണ്. ഇന്ന് ഞാന്‍ പങ്കുവയ്ക്കുന്നത് ആ സുന്ദരിയെക്കുറിച്ചാണ്. ഈ സുന്ദരിക്ക് എന്താണിത്ര പ്രത്യേകത എന്നു നിങ്ള്‍ക്ക് തോന്നാം. ഒരു ഓട്ടോറിക്ഷ തൊളിലാളിയുടെ മകളാണ് മന്യ. 

ഉത്തര്‍പ്രദേശിലെ ഖുഷിനഗര്‍ എന്ന സ്ഥലത്തുനിന്നാണ് ഇന്ന് മിസ് ഇന്ത്യ നിരയില്‍ ഈ സുന്ദരിയെത്തിയത്. ഒരുപാട് രാത്രികളില്‍ ഭക്ഷണവും ഉറക്കവും ഇല്ലാതെ കുട്ടിക്കാലം ചിലവഴിച്ച വ്യക്തിയാണ് മന്യ. കുടുംബത്തെ നോക്കുന്നതിനുവേണ്ടി ഈ വിശ്വസുന്ദരി പല ജോലികളും ചെയ്തുവെന്നാണ് പറഞ്ഞുവരുന്നത്.

കൃത്യമായി സ്‌കൂളില്‍ പോകാന്‍ പോലും സാധിച്ചില്ല. തന്റെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തന്റെ കുടുംബം ഒരുപാട് ത്യാഗം സഹിച്ചിട്ടുണ്ടെന്ന് മന്യ സിംഗ് വ്യക്തമാക്കുന്നു. മന്യയുടെ ജീവിത കഥ പുറത്തുവന്നതോടെ നിരവധി താരങ്ങളും ആശംസയുമായി രംഗത്തെത്തിയിരുന്നു. 

 

ഇത്രയും മോശം അവസ്ഥയില്‍ നിന്നും ഈ നേട്ടം കൈവരിച്ച താരത്തെ ഇന്ത്യ മുഴുവന്‍ അഭിനന്ദിക്കുകയാണ്. രാഹുല്‍ ഗാന്ധി, നടി സമാന്ത തുടങ്ങിയവരും അഭിനന്ദവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇമാജിന്‍, ക്രിയേറ്റ്, ഇന്‍സ്പയര്‍ എന്നാണ് മന്യയുടെ ഫോട്ടോവിന് താഴെ സമാന്ത കുറിച്ചത്.വരുണ്‍ ധവാന്‍, ആമി ജാക്‌സണ്‍ എന്നിവരും അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്.

 

ഇല്ലായ്മകളില്‍ വളര്‍ന്ന് വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന തന്റെ ജീവിതം മറ്റുള്ളവര്‍ക്കും പ്രചോദനമാകുമെന്ന് മന്യ വിശ്വസിക്കുന്നു. ഉത്തര്‍പ്രദേശിലെ കുഷിനഗറില്‍ സാധാരണ കുടുംബത്തിലാണ് മന്യ ജനിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ജോലി ചെയ്താണ് ജീവിച്ചത്. രാത്രികളില്‍ കിലോമീറ്ററുകളോളം നടന്ന് ഉറക്കമിളച്ച് ജോലി ചെയ്തായിരുന്നു പഠനത്തിനും മറ്റുമുള്ള പണം കണ്ടെത്തിയിരുന്നത്.

 

പുതിയ പുസ്തകങ്ങള്‍ക്കും പുത്തന്‍ ഉടുപ്പിനും കൊതിച്ചിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു താന്‍ എന്ന് മന്യ പറയുന്നു. എന്നാല്‍ ഭാഗ്യം ഒരിക്കലും തനിക്ക് അനുകലൂമായിരുന്നില്ല. സ്‌കൂളിലെ മുതിര്‍ന്ന കുട്ടികള്‍ ഉപയോഗിച്ച പുസ്തകങ്ങളായിരുന്നു തനിക്ക് ലഭിച്ചിരുന്നത്.

 

ഒന്നുമില്ലാത്ത ഒരാളുടെ കയ്യിലെ ഏറ്റവും ശക്തമായ ആയുധം വിദ്യാഭ്യാസമാണെന്ന് മന്യ പറയുന്നു. മകളുടെ വിദ്യാഭ്യാസത്തിനായി ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് രക്ഷിതാക്കള്‍ പണം കണ്ടെത്തിയിരുന്നത്. രക്ഷിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനും ആത്മാര്‍ത്ഥമായി മന്യ ശ്രമിച്ചു. ഹയര്‍സെക്കണ്ടറിയില്‍ സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനിക്കുള്ള അവാര്‍ഡ് നേടിയായിരുന്നു മാതാപിതാക്കളോടുള്ള കടമ മന്യ നിറവേറ്റിയത്.

 

ജീവിതത്തില്‍ ഈ പ്രായം വരെ ഏറെ അവഗണനയും പ്രതിസന്ധികളും നേരിട്ടാണ് വളര്‍ന്നതെന്ന് മന്യ പറയുന്നു. സ്‌കൂള്‍ ഫീസ് കൃത്യമായി അടക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ പുസ്തകങ്ങള്‍ വാങ്ങിക്കാനുള്ള പണം പോലും ഇല്ലായിരുന്നു. ഓട്ടോ ഡ്രൈവറുടെ മകള്‍ എന്ന സഹ വിദ്യാര്‍ത്ഥികളുടെ പരിഹാസവും നേരിട്ടിരുന്നുവെന്ന് മന്യ പറയുകയുണ്ടായി. മന്യ ഇന്ന് വിജയത്തിന്റെ കൊടുമുടി കയറിയിരിക്കുകയാണ്. എല്ലാവര്‍ക്കും പ്രചോദനമാകട്ടെ ഈ സുന്ദരി.