ബറോസില്‍ ഒളിഞ്ഞിരിക്കുന്നു പല നിഗൂഢതകളും, മോഹന്‍ലാല്‍ സംവിധാന തിരക്കിലേക്ക്

Updated: Saturday, February 13, 2021, 17:53 [IST]

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ബറോസ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകത ഒന്നുമതി ബറോസ് എന്ന ചിത്രം ഹിറ്റാകാന്‍. പതിറ്റാണ്ടുകളാണ് മലയാള ചലച്ചിത്ര രംഗത്തെ അടക്കി ഭരിച്ച താരരാജാവില്‍ നിന്നൊരു സിനിമ എത്തുക എന്നു പറയുന്നത് ചില്ലറ കാര്യമൊന്നുമല്ല. ബറോസിന്റെ വിശേഷങ്ങളറിയാന്‍ മലയാളികളും ആകാംഷയിലാണ്.

ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങളെത്തി. ആറാട്ട് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കൊക്കെ കഴിഞ്ഞ മോഹന്‍ലാല്‍ തന്റെ സിനിമയുടെ സംവിധാന തിരക്കുകളിലേക്ക് നീങ്ങുകയാണ്. ഏപ്രില്‍ ആദ്യം ഗോവയിലാണ് വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. പിന്നീടുള്ള ചിത്രീകരണം കൊച്ചിയിലാണ് നടക്കുക.

സിനിമയുടെ പ്രീ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ ഇപ്പോള്‍ ചെന്നൈയിലാണ്. ബറോസിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം മറ്റ് സിനിമകളില്‍ അഭിനയിക്കണമെന്ന് മോഹന്‍ലാലിനോട് പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ മോഹന്‍ലാല്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. രണ്ടു തിരക്കഥകളാണ് മോഹന്‍ലാല്‍ അംഗീകരിച്ചത്. ആശീര്‍വാദ് സിനിമാസിന്റെതാണ് ഒരു തിരക്കഥ. അടുത്ത ആഴ്ച ചെന്നൈയില്‍ നിന്നും തിരിച്ചെത്തുന്ന ലാല്‍ രണ്ടു പ്രമുഖരുടെ കഥകള്‍ കൂടി കേള്‍ക്കും.

 

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വര്‍ഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ജിജോ പുന്നൂസാണ് സിനിമയുടെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

 

ഇതൊരു ത്രീഡി എഫക്ട് ചിത്രമായിരിക്കും. സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും സുഹൃത്തും സംവിധായകനുമായ ജിജോ പുന്നൂസ് ബറോസിന്റെ കഥ പറഞ്ഞപ്പോള്‍ ആ കഥ സിനിമയാക്കുവാന്‍ താല്‍പര്യം തോന്നിയെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയില്‍ കേന്ദ്രകഥാപാത്രമായ ബറോസ് എന്ന ഭൂതത്തെ മോഹന്‍ലാല്‍ തന്നെയാണ് അവതരിപ്പിക്കുന്നത്.

 

ബറോസ് യക്ഷിക്കഥയാണ്, ഒരു ജീനിനെക്കുറിച്ചും നിധിയുടെ സംരക്ഷകനെക്കുറിച്ചും ഒരു പെണ്‍കുട്ടിയെക്കുറിച്ചുമുള്ള കഥയാണ് . ഞാന്‍ തന്നെ സിനിമ ചെയ്യുവാന്‍ എന്നിലെ കുട്ടി പറയുവാന്‍ തുടങ്ങി. എന്നിലെ ആ കുട്ടി എന്നെ നിരന്തരം ശല്യം ചെയ്യുകയും ജിജോയോട് സംവിധാനത്തക്കുറിച്ച് സൂചിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നാല്‍പത് വര്‍ഷം മുമ്പ്, നവോദയ അപ്പച്ചനും ജിജോ പുന്നൂസ്സുമാണ് എന്നിലെ നടനെ കണ്ടെത്തിയത് . അങ്ങനെ ജിജോ പറഞ്ഞു, ''എന്റെ എല്ലാ അനുഗ്രഹങ്ങളോടും പിന്തുണയോടും കൂടി നിങ്ങള്‍ ഇത് ചെയ്യണം.'' ഇതൊരു 3 ഡി ഫിലിമാണ്, അങ്ങനെ സങ്കീര്‍ണ്ണമായ ആ സിനിമ ചെയ്യുവാന്‍ ഞാന്‍ ആഗ്രഹിച്ചു . ബറോസ് ജനുവരിയില്‍ ആരംഭിക്കേണ്ടതായിരുന്നു, മിക്ക അഭിനേതാക്കളും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, യു എസ് എന്നിവിടങ്ങളില്‍ നിന്നാണ്. ഞങ്ങളുടെ ആക്ഷന്‍ ഡയറക്ടര്‍ തായ്ലന്‍ഡില്‍ നിന്നുമാണ്. അതിനാല്‍, ഏപ്രില്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനമെന്നും മോഹന്‍ലാല്‍ പറയുകയുണ്ടായി. 

സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍ എന്നാണ് സിനിമയുടെ ടാഗ് ലൈന്‍.  മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന വിസ്മയ സിനിമയ്ക്ക് ശേഷം ജിജോയുടെ രചനയില്‍ പുറത്തുവരുന്ന സിനിമ കൂടിയാണ് ബറോസ്. ഇന്ത്യയ്ക്കും ആഫ്രിക്കയ്ക്കും പോര്‍ച്ചുഗീസിനും ഇടയില്‍ നിലനിന്നിരുന്ന കടല്‍ മാര്‍ഗമുള്ള വ്യാപാരവും ബന്ധവും സിനിമയുടെ ഇതിവൃത്തമാകും. മോഹന്‍ലാലിന്റെ കരിയറില്‍ ഒരു പൊന്‍തൂവല്‍ തന്നെയായിരിക്കും ബറോസ്.